
അലന്‍ ട്യൂറിങ്ങിന്റെ പഴയകാല ചിത്രം/ അലന്‍ ട്യൂറിങ്ങ് | Photo: www.turing.org.uk/ reuters
നിര്‍മിത ബുദ്ധിയുടെ പലതരം സാധ്യതകളാണ് നമ്മുടെ മുന്നില്‍ വിശാലമായി തുറന്നിട്ടിരിക്കുന്നത്. വീട്ടിലെ ഒരംഗത്തെപ്പോലെ എഐ ചാറ്റ്‌ബോട്ടുകളോട് ആളുകള്‍ സംസാരിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഐയുടെ ഈ സാധ്യകളെപ്പറ്റി പറഞ്ഞ ശാസ്ത്രജ്ഞനാണ് അലന്‍ ട്യൂറിങ്. 1950-ല്‍ അദ്ദേഹം അവതരിപ്പിച്ച 'കമ്പ്യൂട്ടര്‍ മെഷീനറി ആന്റ് ഇന്റലിജന്‍സ്' എന്ന പ്രബന്ധം പുതിയ വഴിത്തിരിവാണുണ്ടാക്കിയത്. മെഷീനുകള്‍ക്ക് ചിന്തിക്കാനാകുമോ? എന്ന ചോദ്യം ട്യൂറിങ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. 'ഒരു കമ്പ്യൂട്ടറിന് മനുഷ്യനെക്കൊണ്ട് അതൊരു മനുഷ്യനാണെന്ന് തോന്നിപ്പിക്കാന്‍ കഴിയുന്ന നിമിഷം ആ കമ്പ്യൂട്ടര്‍ ഇന്റലിജന്റ് ആണെന്ന് പറയാന്‍ സാധിക്കും' എന്നാണ് ട്യൂറിങ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ആശയം കൂടുതല്‍ വികസിച്ചുവന്നു. ആളുകള്‍ എഐയെ ആശ്രയിച്ച് ജീവിക്കുന്ന അവസ്ഥ വരെ വന്നു. ഇതിനൊപ്പം രണ്ടാം ലോകമഹായുദ്ധ കാലത്തും ട്യൂറിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി. ജര്‍മനിയും സഖ്യകക്ഷികളും ഉപയോഗിക്കുന്ന എനിഗ്മ കോഡുകള്‍ അദ്ദേഹം വായിച്ചെടുത്തു. യുദ്ധത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍വരെ അത് സഹായിച്ചു.
എന്നാല്‍ സിനിമാക്കഥകളെ പോലും വെല്ലുന്ന ഒരു ദുരന്തജീവിതമാണ് ട്യൂറിങ്ങിനെ കാത്തിരുന്നത്. 41-ാം വയസില്‍ അദ്ദേഹം സയനൈഡ് പുരട്ടിയ ഒരു ആപ്പിള്‍ കഷ്ണം കഴിച്ച് ജീവിതം അവസാനിപ്പിച്ചു. സ്വവര്‍ഗാനുരാഗിയായ ട്യൂറിങ്ങിനെ അംഗീകരിക്കാന്‍ അന്നത്തെ ബ്രിട്ടനിലെ നിയമം അനുവദിക്കുമായിരുന്നില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 'കെമിക്കല്‍ കാസ്റ്ററേഷന്‍' നടത്തുകയും ചെയ്തു. അതുകഴിഞ്ഞ് രണ്ട് വര്‍ഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. പരിഹാസങ്ങളും വേദനകളും അവഗണനകളും സഹിക്കാനാകാതെ അദ്ദേഹം ഒരു രാത്രി തന്റെ മരണത്തിനായി തിരഞ്ഞെടുത്തു. രാജ്യത്തിനുവേണ്ടി ചെയ്ത സേവനങ്ങള്‍ ഒരിടത്തുപോലും ആരും പരാമര്‍ശിക്കപ്പെടാതെ, പരിഗണിക്കപ്പെടാതെ ഇരിക്കുകയും യൂറോപ്പ് മുഴുവന്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന രഹസ്യം വിളിച്ചുകൂവുകയും ചെയ്തതോടെ ഇനിയങ്ങോട്ടൊരു ജീവിതമില്ലെന്ന് അദ്ദേഹം ഉറപ്പിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ഇന്ത്യന്‍ ബന്ധം
ജൂലിയസ് മതിസണ്‍ ട്യൂറിങ്ങിന്റേയും ഈഥല്‍ സാറാ സ്റ്റോണിന്റേയും മകനായി ലണ്ടനിലെ മെയ്ഡ വാലെയിലാണ് ട്യൂറിങ്ങിന്റെ ജനനം. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന ജൂലിയസ് സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയിലെ ഛത്രാപൂരിലാണ് ജോലി ചെയ്തിരുന്നത്. മദ്രാസ് റെയില്‍വേയിലെ ചീഫ് എഞ്ചിനീയറായിരുന്ന എഡ്വാര്‍ഡ് വാലെര്‍ സ്റ്റോണിയുടെ മകള്‍ ഈഥലിനെ അദ്ദേഹം 1907-ല്‍ വിവാഹം കഴിച്ചു. മക്കള്‍ ബ്രിട്ടനില്‍തന്നെ വളരണമെന്നുള്ളതിനാല്‍ ഇരുവരും മെയ്ഡ വാലെയിലേക്ക് താമസം മാറി. എന്നാല്‍ ഇന്ത്യയിലേക്ക് ഇടക്കിടെ യാത്ര ചെയ്യേണ്ടി വന്നതിനാൽ മക്കളെ സൈന്യത്തില്‍ നിന്ന് വിരമിച്ച ദമ്പതികള്‍ക്കൊപ്പമാണ് അവര്‍ പലപ്പോഴും താമസിപ്പിച്ചത്. ട്യൂറിങ്ങിന്റെ 15-ാം വയസില്‍ അവര്‍ ഗ്വില്‍ഡ്‌ഫോര്‍ഡില്‍ ഒരു വീട് വാങ്ങുകയും പിന്നീടുള്ള കാലം അവിടെ ജീവിക്കുകയും ചെയ്തു.
ട്യൂറിങ്ങിന്റെ സ്‌കൂള്‍ കാലഘട്ടം അത്ര സുഖകരമായിരുന്നില്ല. അധ്യാപകരുടെ കണിശതകള്‍ക്കും വിഷയങ്ങള്‍ക്കുമപ്പുറമായിരുന്നു ട്യൂറിങ്ങിന്റെ ചിന്തകള്‍. പല അധ്യാപകര്‍ക്കും അത് ദഹിച്ചില്ല. ബോര്‍ഡിങ് സ്‌കൂളായ ഷെര്‍ബോണില്‍ ചേര്‍ന്നശേഷം സ്‌കൂള്‍ തുറക്കുന്ന ദിവസംതന്നെ പൊതുപണിമുടക്കായി. അന്ന് സതാംപ്ടണില്‍ നിന്ന് ഷെര്‍ബോണിലേക്ക് 97 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ട്യൂറിങ് പോയത്. വഴിയില്‍ രാത്രി ഒരു സത്രത്തില്‍ തങ്ങുകയും ചെയ്തു. തങ്ങളുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്കും അപ്പുറം ഗണിതത്തിലും ശാസ്ത്രത്തിലും മാത്രം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ട്യൂറിങ്ങിനെ കുറിച്ച് അവര്‍ മാതാപിതാക്കള്‍ക്ക് കത്തെഴുതി.
'അവന്‍ ഒന്നിനും കൊള്ളാത്തവനായിത്തീരരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പബ്ലിക് സ്‌കൂളില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍, അവന്‍ വിദ്യാസമ്പന്നനാകാന്‍ ശ്രമിക്കണം. ഇനി അവന്‍ ഒരു ശാസ്ത്ര വിദഗ്ദ്ധന്‍ മാത്രമാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അവന്‍ പബ്ലിക് സ്‌കൂളില്‍ സമയം പാഴാക്കുകയാണ്'-എന്നാണ് പ്രധാനാധ്യാപകന്‍ ട്യൂറിങ്ങിന്റെ അച്ഛന് എഴുതിയ കത്തിലുണ്ടായിരുന്നത്. ഇതൊക്കെയാണെങ്കിലും താന്‍ ഇഷ്ടപ്പെട്ടിരുന്ന വിഷയങ്ങളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്നത് അദ്ദേഹം തുടര്‍ന്നു. 1927-ല്‍ പ്രാഥമിക കാല്‍ക്കുലസ് പോലും പഠിക്കാതെ തന്നെ അദ്ദേഹം സങ്കീര്‍ണമായ കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്തി.
ആദ്യ പ്രണയം ക്രിസ്റ്റഫര്‍ മോര്‍ക്കോം
ഷെര്‍ബോണില്‍വെച്ച് ട്യൂറിങ്ങിന് കിട്ടിയ കൂട്ടുകാരനായിരുന്നു ക്രിസ്റ്റഫര്‍ മോര്‍ക്കോം. ഇരുവരും തമ്മില്‍ ഗാഢമായ സൗഹൃദമുണ്ടാകാന്‍ അധികകാലം വേണ്ടിവന്നില്ല. അദ്ദേഹം നിരന്തരം മോര്‍ക്കോമുമായി ശാസ്ത്ര, ഗണിതശാസ്ത്ര വിഷയങ്ങള്‍ സംസാരിച്ചു. ജ്യോതിശാസ്ത്രത്തില്‍ താത്പര്യമുണ്ടായിരുന്ന മോര്‍ക്കോം തന്റെ അറിവ് ട്യൂറിങ്ങുമായും സംസാരിച്ചു. എന്നാല്‍ ആ ബന്ധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. രോഗബാധയുള്ള പശുവിന്റെ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് ക്ഷയരോഗം വന്ന് മോര്‍ക്കോം തന്റെ 17-ാം വയസില്‍ വിട പറഞ്ഞു. ഇത് ട്യൂറിങ്ങിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. മോര്‍ക്കോമുമായി ചര്‍ച്ച ചെയ്ത ശാസ്ത്ര, ഗണിതശാസ്ത്ര ആശയങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്തിയാണ് ട്യൂറിങ് ആ ദുഃഖത്തെ അതിജീവിച്ചത്.
മോര്‍ക്കോമിന്റെ അമ്മ ഫ്രാന്‍സെസിന് ട്യൂറിങ് നിരന്തരം കത്തെഴുതുകയും ചെയ്തു. 'ഇത്രയും പ്രതിഭാശാലിയും അത്രതന്നെ ആകര്‍ഷകത്വമുള്ളവനും, വിനയമുള്ളവനുമായ ഒരു കൂട്ടുകാരനെ മറ്റൊരിടത്തും എനിക്ക് കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പാണ്. എന്റെ ജോലിയിലും അവന്‍ എനിക്ക് പരിചയപ്പെടുത്തിത്തന്ന ജ്യോതിശാസ്ത്രം പോലുള്ള കാര്യങ്ങളിലുമുള്ള എന്റെ താത്പര്യങ്ങളും ഞാന്‍ അവനുമായി പങ്കുവെച്ചിരുന്നു. അവനും എന്നെക്കുറിച്ച് അങ്ങനെതന്നെയാകും കരുതിയിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവന്‍ ആഗ്രഹിക്കുമായിരുന്നോ, അതുപോലെയാണ് ഞാനിപ്പാള്‍ ജീവിക്കുന്നത്' എന്നായിരുന്നു അമ്മയ്ക്ക് എഴുതിയ ഒരു കത്തിലെ വരികള്‍.
ജര്‍മനിയുടെ ഗൂഢസന്ദേശങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ നീക്കങ്ങളെ തകര്‍ക്കുന്നതില്‍ അലന്‍ ട്യൂറിങ്ങിന്റെ പങ്ക് പ്രധാനമായിരുന്നു. 1939-ലാണ് ട്യൂറിങ് ബ്രിട്ടന്റെ രഹസ്യ തലസ്ഥാനമായ ബ്ലെച്ച്‌ലി പാര്‍ക്കില്‍ ക്രിപ്റ്റനാലിസിസായെത്തുന്നത്. അസാധാരണമായ കഴിവും പ്രതിഭയുമുള്ള ഒരാളെ ബ്ലെച്ച്‌ലിയില്‍ തങ്ങള്‍ക്ക് ആവശ്യമായിരുന്നെന്നും അങ്ങനെയാണ് ട്യൂറിങ്ങിലേക്കെത്തുന്നതെന്നും ചരിത്രകാരനും കോഡ്‌ബ്രേക്കറുമായ ആസാ ബ്രിഗ്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന കോഡ്‌ബ്രേക്കറായിരുന്ന ഡില്ലി നോക്‌സിനൊപ്പം പ്രവര്‍ത്തിച്ച ട്യൂറിങ്, ജര്‍മനി ഉപയോഗിച്ചിരുന്ന എനിഗ്മ മെഷീന്റെ ക്രിപ്റ്റനാലിസിസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
സന്ദേശങ്ങള്‍ സുരക്ഷിതമായി അയയ്ക്കാന്‍ ജര്‍മന്‍ സായുധസേന ഉപയോഗിച്ചിരുന്ന മെഷീനായിരുന്നു എനിഗ്മ. എന്നാല്‍ ഈ സന്ദേശങ്ങളെല്ലാം ബ്രിട്ടന്‍ ഡീകോഡ് ചെയ്തതോടെ ജര്‍മനി സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇത് കോഡ് മനസിലാക്കാനുള്ള ജോലി കൂടുതല്‍ കഠിനമാക്കി. ഇതിന് പരിഹാരമായി ബോംബെ എന്നറിയപ്പെടുന്ന ഒരു യന്ത്രം ട്യൂറിങ് കണ്ടുപിടിച്ചു. തുടര്‍ന്ന് ജര്‍മന്‍ വ്യോമസേനയുടെ സിഗ്നലുകള്‍ ബ്ലെച്ച്‌ലിയില്‍ ബ്രിട്ടന്‍ വായിച്ചുകൊണ്ടിരുന്നു. നാവികസേനയുടെ സന്ദേശങ്ങള്‍ വായിക്കുന്നതിനും ട്യൂറിങ്ങിന്റെ ബാന്‍ബറിസ്മസ് എന്ന സാങ്കേതികവിദ്യ സഹായിച്ചു. ഇതോടെ ജര്‍മന്‍ യു ബോട്ടുകള്‍ സഖ്യകക്ഷികളുടെ കപ്പലുകള്‍ ആക്രമിക്കുന്നത് കുറഞ്ഞു.
1942-ല്‍ ട്യൂറിങ് 'ട്യൂറിങ്ങറി' എന്ന് പേരിട്ട സങ്കീര്‍ണമായ ഒരു കോഡ് ബ്രേക്കിങ് ടെക്‌നിക്ക് വികസിപ്പിച്ചു. ഇതുപയോഗിച്ച് ജര്‍മനിയുടെ ലോറന്‍സ് മെഷീനിന്റെ കോഡുകള്‍ ബ്രിട്ടന്‍ ഡീകോഡ് ചെയ്‌തെടുത്തു. ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ സന്ദേശങ്ങളായിരുന്നു ലോറന്‍സിലൂടെ അയച്ചിരുന്നത്. ഡെലില എന്ന പേരിലുള്ള ഒരു സ്പീച്ച് സ്‌ക്രാംബ്ലിങ് ഉപകരണവും ട്യൂറിങ് അക്കാലത്ത് വികസിപ്പിച്ചെടുത്തിരുന്നു.
നിര്‍മിത ബുദ്ധിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ്
യുദ്ധത്തിനുശേഷം ട്യൂറിങ് നാഷണല്‍ ഫിസിക്‌സ് ലബോറട്ടറിയിലേക്ക് പ്രവര്‍ത്തനം മാറ്റി. അവിടെവെച്ച് ആദ്യകാല സ്റ്റോറ്ഡ് പ്രോഗ്രാം കമ്പ്യൂട്ടറായ എസിഇ (ഓട്ടോമാറ്റിക് കമ്പ്യൂട്ടിങ് എഞ്ചിന്‍) നിര്‍മിച്ചു. എന്നാല്‍ അതിന്റെ ഡിസൈന്‍ മുഴുവനാക്കിയിരുന്നില്ല. ഇതിനിടയില്‍ കേംബ്രിഡ്ജിൽ ഗവേഷണത്തിനെത്തുകയും കമ്പ്യൂട്ടിങ്ങിനെ കുറിച്ചുള്ള പേപ്പര്‍ ഒരുക്കുന്നതിന്റെ തിരക്കിലാകുകയും ചെയ്തു. തുടര്‍ന്ന് എസിഇന്റെ ആദ്യരൂപം ജെയിംസ് എച്ച് വില്‍ക്കിന്‍സണാണ് പൂര്‍ത്തിയാക്കിയത്. 1950 മേയ് പത്തിന് ആദ്യ പ്രോഗ്രാം അവതരിപ്പിച്ച എസിഇ ആണ് ബ്രിട്ടണിലെ ആദ്യകാല കമ്പ്യൂട്ടറുകളിലൊന്ന്.
നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്ന ആശയം ആദ്യമായി രൂപപ്പെടുത്തിയതും ട്യൂറിങ്ങായിരുന്നു. ചെസ് പ്രോഗ്രാം റെക്കോഡ് ചെയ്യപ്പെട്ട കമ്പ്യൂട്ടര്‍ എതിരാളിയെ തോല്‍പ്പിച്ച് വിജയിയാതോടെ എഐ എന്ന ആശയത്തിലേക്കുള്ള യാത്ര അവിടെനിന്ന് തുടങ്ങി. അന്ന് ഫെരാന്റി മാര്‍ക്ക് വണ്‍ എന്ന കമ്പ്യൂട്ടറിലാണ് ട്യൂറിങ്ങിന്‍ ചെസ് പ്രോഗ്രാം വര്‍ക്ക് ചെയ്യിപ്പിക്കാനായത്. ആ പ്രോഗ്രാമിന് വേണ്ട ക്ഷമതയില്ലാതിരുന്ന കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തി വളരെ നേരമെടുത്താണ് പ്രോഗ്രാം ചെയ്തത്.
പാതി കടിച്ച ആപ്പിള്‍
1951-ലാണ് ട്യൂറിങ്ങിന്റെ അതുവരേയുള്ള ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. അര്‍നോള്‍ഡ് മുറേ എന്ന 19-കാരനുമായുള്ള ട്യൂറിങ്ങിന്റെ ബന്ധം അപ്രതീക്ഷിത സംഭവങ്ങളിലേക്കെത്തിക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓക്‌സ്ഫര്‍ഡ് റോഡിലൂടെ നടക്കുമ്പോള്‍ അവിചാരിതമായാണ് ട്യൂറിങ് മുറേയെ പരിചയപ്പെടുന്നത്. എന്തോ ആകര്‍ഷണം തോന്നിയ ട്യൂറിങ് അവനെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. തൊട്ടടുത്ത മാസമായ ജനുവരില്‍ അവര്‍ വീണ്ടും കാണുകയും ആ ബന്ധം ദൃഢമാകുകയും ചെയ്തു. എന്നാല്‍ അതേ ജനുവരിയില്‍ 23-ാം തിയ്യതി രാത്രി ട്യൂറിങ്ങിന്റെ വീട്ടില്‍ മോഷണലക്ഷ്യത്തോടെ ആരോ അതിക്രമിച്ചു കയറി. മുറേയുടെ അടുത്ത സുഹൃത്തായിരുന്നു മോഷ്ടാവ്.
ക്ഷുഭിതനായ ട്യൂറിങ് പോലീസിനെ വിളിച്ചുവരുത്തി. അന്വേഷണത്തിനിടയില്‍ മുറേയുമായുള്ള ട്യൂറിങ്ങിന്റെ ബന്ധവും ട്യൂറിങ് സ്വവര്‍ഗാനുരാഗിയാണെന്ന രഹസ്യവും പുറത്തറിഞ്ഞു. അക്കാലത്ത് ബ്രിട്ടനില്‍ സ്വര്‍ഗാനുരാഗികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു. രാജ്യത്തിനായി ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെങ്കിലും അതൊന്നും ട്യൂറിങ്ങിനെ തുണച്ചില്ല. അറസ്റ്റിലായ അദ്ദേഹത്തിനുവേണ്ടി കോടതിയില്‍ വാദിക്കാനെത്തിയത് സഹോദരന്‍ ജോണ്‍ ആിരുന്നു.
കുറ്റം ഏറ്റുപറയുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. ട്യൂറിങ്ങിന്റെ സേവനങ്ങള്‍ പരിഗണിച്ച് വെറുതേ വിടുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ഒന്നുകിൽ ജയില്‍ശിക്ഷ അനുഭവിക്കണം അതല്ലെങ്കില്‍ ലൈംഗികാസക്തി കുറയ്ക്കാനുള്ള ഹോര്‍മോണ്‍ ചികിത്സയായ കെമിക്കല്‍ കാസ്റ്ററേഷന് വിധേയനാകണം. ഫലം എന്താണെന്നുപോലും ചിന്തിക്കാതെ ഹോര്‍മോണ്‍ ചികിത്സയാണ് ട്യൂറിങ് തിരഞ്ഞെടുത്തത്. താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കണം എന്നു മാത്രമായിരുന്നു അന്ന് ട്യൂറിങ്ങിന്റെ മനസിലുണ്ടായിരുന്നത്.
പക്ഷേ, പുറത്തുള്ള ലോകം ട്യൂറിങ്ങിനെ സ്വീകരിച്ചത് മറ്റൊരു തരത്തിലായിരുന്നു. നായകനെപ്പോലെ ജീവിച്ച വ്യക്തി പെട്ടെന്ന് വില്ലനായി മാറി. ട്യൂറിങ് സ്വര്‍വഗാനുരാഗിയാണെന്ന കാര്യം യൂറോപ്പ് മുഴുവനും അറിഞ്ഞു. എല്ലാവരും പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ട്യൂറിങ്ങിനെ സമീപിച്ചത്. അദ്ദേഹത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. ബ്രിട്ടീഷ് സിഗ്നല്‍സ് ആന്റ് ഇന്റലിജന്‍സ് ഏജന്‍സിക്കായി ചെയ്തിരുന്ന സേവനങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തി. അമേരിക്കയും രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു.
ഇതിനെല്ലാം പുറമെ ഒരു വര്‍ഷം നീണ്ടുനിന്ന ഹോര്‍മോണ്‍ ചികിത്സയും ട്യൂറിങ്ങിന്റെ ശരീരത്തെ ബാധിച്ചു. ഉയര്‍ന്ന തോതിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി സ്തനങ്ങള്‍ വളര്‍ന്നു. ചികിത്സ സമ്മാനിച്ച ഷണ്ഡത്വം കൂടിയായതാടെ ട്യൂറിങ്ങിന് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ എല്ലാ വേദനകള്‍ക്കും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും വിരാമമിട്ട് 1954 ജൂണ്‍ ഏഴിന് സയനൈഡ് കുത്തിവെച്ച ആപ്പിള്‍ കഴിച്ച് അദ്ദേഹം ജീവന്‍ അവസാനിപ്പിച്ചു. തൊട്ടടുത്ത ദിവസം വീട്ടുവേലക്കാരിയാണ് ട്യൂറിങ്ങിന്റെ മൃതദേഹം കണ്ടത്. സയനൈഡ് ആണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും അത് എങ്ങനെ അകത്തുചെന്നുവെന്ന് ആരും പരിശോധിച്ചില്ല. അലന്‍ മരിച്ചുകിടക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന പാതി കടിച്ച ആപ്പിള്‍ വഴി തന്നെയാകും സയനൈഡ് ഉള്ളിലെത്തിയിട്ടുണ്ടാകുക എന്ന അനുമാനമാണ് അന്ന് പുറത്തുവന്നത്.
മരണത്തിനുശേഷവും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്താന്‍ അധികാരികള്‍ തയ്യാറായില്ല. അദ്ദേഹം ബ്രിട്ടന് നല്‍കിയ സേവനങ്ങളും അംഗീകരിക്കപ്പെട്ടില്ല. എല്ലാം രഹസ്യ മിലിട്ടറി ഓപ്പറേഷനുകളായതിനാലാണ് പുറത്തുപറയാത്തതെന്നാണ് വാദം. ഒടുവില്‍ 2009-ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡന്‍ ബ്രൗണ്‍ പര്യസമായി ട്യൂറിങ്ങിനോട് ചെയ്തത് തെറ്റായിപ്പോയെന്ന് സമ്മതിച്ച് മാപ്പ് പറഞ്ഞു. പക്ഷേ ട്യൂറിങ്ങിന്റെ പേരിലുള്ള കുറ്റം അങ്ങനെത്തന്നെ നിന്നു. ഒടുവില്‍ ട്യൂറിങ് മരിച്ച് 59 വര്‍ഷത്തിനുശേഷം 2013 ഡിസംബര്‍ 24-ന് രാഞ്ജിയുടെ അധികാരത്തില്‍ ട്യൂറിങ്ങിന് മാപ്പ് നല്‍കിയുള്ള ഉത്തരവ് ഒപ്പുവെച്ച് പാസാക്കി.
1966 മുതല്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് കമ്പ്യൂട്ടിങ് മെഷീനറി (എസിഎം) ട്യൂറിങ്ങിന്റെ പേരില്‍ പുരസ്‌കാരം നല്‍കാന്‍ തുടങ്ങുകയും ചെയ്തു. ട്യൂറിങ്ങിന് കിട്ടുന്ന ആദ്യ അംഗീകാരമായിരുന്നു അത്. നൊബേല്‍ പുരസ്‌കാരത്തോളം തന്നെ വിലമതിപ്പുള്ള അവാര്‍ഡായി ഇത് മാറുകയും ചെയ്തു.
ആപ്പിളിന്റെ ലോഗോ
ട്യൂറിങ് മരിക്കുമ്പോള്‍ അരികിലുണ്ടായിരുന്ന പാതികടിച്ച ആപ്പിളാണ് ആപ്പിളിന്റെ ലോഗോയ്ക്ക് പ്രചോദനമെന്ന് പിന്നീട് വാദങ്ങളുണ്ടായി. 1976-ല്‍ ആപ്പിള്‍ കമ്പനി തുടങ്ങിയപ്പോള്‍ മുതലുള്ള ലോഗോയായിരുന്നു അത്. എന്നാല്‍ ഈ ലോഗോ വരച്ച റോബ് ജനോഫ് അത് നിഷേധിച്ചിരുന്നു. താന്‍ വരച്ചത് ആദമിന്റെ ആപ്പിളാണെന്നും ട്യൂറിങ്ങിന്റെ കഥ താന്‍ കേട്ടിട്ടുപോലുമില്ല എന്നുമായിരുന്നു റോബ് ജനോഫ് വ്യക്തമാക്കിയത്.
Content Highlights: father of modern computer alan turing lifestory
Published: 29 Sept 2025, 03:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented