ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങൾ വേണമെന്നും വികസന വേഗത കുറയ്ക്കണമെന്നുമുള്ള സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ ആവശ്യം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. എഐ വിമർശകർ ‘മോശം ശക്തികൾ’ ആണെന്നും ഒരിക്കലും സംഭവിക്കില്ലാത്ത കാര്യങ്ങളാണ് ഇത്തരക്കാർ ഉന്നയിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

To advertise here,

എഐ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും അതീതമായി വളരുകയാണെന്നും അതിനാൽ അതിന്റെ വികസന വേഗത കുറയ്ക്കണമെന്നും ആന്ത്രോപിക് സിഇഒ ദാരിയോ അമോദെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എഐ നിയന്ത്രണമില്ലാതെ വളർന്നാൽ അടുത്ത ഒരുവർഷത്തിനുള്ളിൽ മുഴുവൻ ഇന്റർനെറ്റിനെയും ബാധിക്കുന്ന ഭീഷണിയാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ശതകോടീശ്വരൻ ഇലോൺ മസ്ക് തുടങ്ങിയവരും എഐയുടെ വളർച്ചയെ നിയന്ത്രിക്കണമെന്ന ദാരിയോയുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു.

എന്നാൽ, ഇത്തരം ആശങ്കകൾ ബാലിശമാണെന്നാണ് ട്രംപിൻ്റെ പ്രതികരണം. എഐ സുരക്ഷയെക്കുറിച്ചുള്ള ഇത്തരം മുന്നറിയിപ്പുകൾ അനാവശ്യമാണെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.