ഡാര്‍ സാങ്കേതികവിദ്യയില്‍ വന്‍കുതിച്ചുചാട്ടവുമായി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് റഡാര്‍ സാങ്കേതിക വിദ്യയില്‍ അത്യാധുനിക സംവിധാനം വികസിപ്പിച്ചെടുത്തത്. പ്രകാശതരംഗങ്ങളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന ഫോട്ടോണിക് റഡാര്‍ ആണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. കാര്യക്ഷമതയും പ്രവര്‍ത്തന ദൗര്‍ബല്യങ്ങളും ഡിആര്‍ഡിഒ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ പോകുന്ന നേട്ടമാണ് ഡിആര്‍ഡിഒ ആര്‍ജിച്ചിരിക്കുന്നത്.

To advertise here,

പരമ്പരാഗത റഡാറുകള്‍ റേഡിയോ തരംഗങ്ങള്‍ (radio frequency) ഉപയോഗിച്ചാണ് വസ്തുക്കളെ തിരിച്ചറിയുന്നത്. ഇത്തരം തരംഗങ്ങളെ ആഗിരണം ചെയ്യുകയോ തിരികെ മറ്റൊരു ദിശയിലേക്ക് പ്രതിഫലിപ്പിക്കുകയോ ചെയ്യാതിരിക്കുന്ന സ്‌റ്റെല്‍ത്ത് വിമാനങ്ങളെ ഇത്തരം റഡാറുകള്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍, ഇത്തരം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളേപ്പോലും കണ്ടെത്താന്‍ സാധിക്കുന്നവയാണ് ഫോട്ടോണിക് റഡാറുകള്‍.

വളരെ ചെറിയ ഡ്രോണുകള്‍, സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍, സ്‌റ്റെല്‍ത്ത് മിസൈലുകള്‍ തുടങ്ങിയവയെ ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല, നിലവിലെ ഇലക്ട്രോണിക് ആയുധ സംവിധാനങ്ങള്‍ക്ക് ഇവയെ ജാം ചെയ്യാനും സാധിക്കില്ല.  ലോകത്ത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ ഈ സാങ്കേതികവിദ്യ കൈവശമുള്ളു. 

ഏത് പ്രതികൂല കാലാവസ്ഥയിലും വളരെ പെട്ടെന്ന്, കൃത്യമായി ഏത് വസ്തുവിനെയും തിരിച്ചറിയാന്‍ സാധിക്കുന്നവയാണ് ഫോട്ടോണിക് റഡാറുകള്‍. റഡാര്‍ സാങ്കേതികവിദ്യയിലെ വിപ്ലവകരമായ കണ്ടുപിടിത്തമാണിത്. വളരെ കുറഞ്ഞ ഊര്‍ജ ഉപയോഗം മറ്റൊരു നേട്ടമാണ്. ഒപ്റ്റിക്കല്‍ സ്‌പെക്ട്രത്തിലെ ദൃശ്യപ്രകാശമല്ലാത്ത ഇന്‍ഫ്രാറെഡ് അടക്കമുള്ള തരംഗങ്ങളെയാണ് ഫോട്ടോണിക് റഡാറുകള്‍ ഉപയോഗിക്കുന്നത്.  

നിലവില്‍ യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ ഈ മേഖലയില്‍ വളരെ മുന്നിലാണ്. ഇസ്രയേലും ഇത്തരം റഡാര്‍ വികസനത്തിന് വലിയതോതില്‍ പണം മുടക്കുന്നുണ്ട്. മങ്ങിയ ലെന്‍സുപയോഗിച്ച് ചിത്രമെടുക്കുന്നതും 4കെ ലെന്‍സ് ഉപയോഗിച്ച് ചിത്രമെടുക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്നാണ് പരമ്പരാഗത റഡാറുകളും ഫോട്ടോണിക് റഡാറുകളും തമ്മിലുള്ള താരതമ്യമായി വിദഗ്ധര്‍ പറയുന്നത്.

വിവിധ തരം കാലാവസ്ഥകളുള്ള ഇന്ത്യയില്‍ ഇവയെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലഡാക്ക് പോലുള്ള ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും സമുദ്രമേഖലയിലും ഥാര്‍ മരുഭൂമിയിലുമൊക്കെ വിവിധങ്ങളായ കാലാവസ്ഥയില്‍ ഇവയുടെ പരീക്ഷണം പലപ്പോഴായി നടത്തും. വിജയകരമായാല്‍ സുഖോയ് 30 എംകെഐ, തേജസ്, റഫാല്‍ വിമാനങ്ങളിലും ഇന്ത്യയുടെ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളിലും പഴയ റഡാറുകള്‍ മാറ്റി ഇവ സ്ഥാനം പിടിക്കും. 

നിലവില്‍ ഇന്ത്യ വികസിപ്പിച്ച ഗാലിയം നൈട്രൈഡ് അടിസ്ഥാനമാക്കിയ ഉത്തം, വിരൂപാക്ഷ എന്നീ ആക്ടീവ് ഇലരക്ട്രോണിക്കലി സ്‌കാന്‍ഡ് അരേ ( എഇഎസ്എ) റഡാറുകള്‍ നിലവില്‍ സേനയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതിരോധ സംവിധാനങ്ങളുടെ കുന്തമുനയായി മാറാനൊരുങ്ങുകയാണ് ഫോട്ടോണിക് റഡാര്‍. ഇതിന് എന്ത് പേരാണ് നല്‍കുകയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. ഡിആര്‍ഡിഒയുടെ കീഴിലുള്ള ബെംഗളൂരുവിലെ ഇലക്ട്രോണിക് ആന്‍ഡ് റഡാര്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ( എല്‍ആര്‍ഡിഇ) ആണ് ഫോട്ടോണിക് റഡാര്‍ വികസിപ്പിക്കുന്നത്. ഇതിനൊപ്പം സ്വകാര്യമേഖലയും സാങ്കേതിക വിദ്യാ വികസനത്തില്‍ പങ്കാളിയാണ്.