നെറ്റിലെ മില്യൺ ഡോളർ താരങ്ങൾ- ചാറ്റ് ജിപിടിയും, എക്സും സ്പോട്ടിഫൈയും കാൻവയും, എന്തിന് ചെറുരാജ്യങ്ങളിലെ സാധാരണ ഇന്റർനെറ്റ് സൗകര്യങ്ങൾ വരെ തകരാറിലാവുക. സിലിക്കൺ വാലിയിലെ വമ്പൻ സ്രാവുകൾ മണിക്കൂറുകളോളം നിന്നു വിയർക്കുക. ഒന്നല്ല, ഏതാണ്ട് ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ടെക് ലോകത്ത് ഈ സീൻ ആവർത്തിക്കുന്നത്. വെബ്സൈറ്റുകൾ മാത്രമല്ല, സർക്കാർ സംവിധാനങ്ങൾ വരെ പ്രവർത്തിക്കുന്നത് ഇന്ന് ക്ലൗഡ് സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന ക്ലീഷേ വാചകം ആവർത്തിച്ചു വായിക്കുമ്പോൾ നമ്മളിൽ ചിലർക്കെങ്കിലും തോന്നുന്ന ഒരു കാര്യമുണ്ട്. കൊലകൊമ്പൻ സെർവർമാരായ എഡബ്ല്യുഎസും (Amazon Web Services - AWS), മൈക്രോസോഫ്റ്റിന്റെ അസൂറും (AZURE), ഇൻഫ്രാസ്ട്രെക്ചർ - സെക്യൂരിറ്റി സേവനമായ ക്ലൗഡ്ഫ്ളെയറും (CLOUDFLARE) പണിമുടക്കിയപ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടത് ലോകത്തിലെങ്ങുമാണ്. ഇവരെല്ലാം ഒരു ദിവസം അങ്ങ് ഇല്ലാതായിപ്പോയാൽ നമ്മളെന്തു ചെയ്യും?. അങ്ങനെ വന്നാൽ ഒരു ബാക്കപ്പ് പ്ലാൻ ഈ ലോകത്തിന് മുന്നിലുണ്ടോ?.

To advertise here,

സെപ്തംബർ, ഒക്ടോബർ മാസം ഇന്റർനെറ്റ് ലോകത്ത് തലവേദനകളുടെ മാസങ്ങളായിരുന്നു. നിർമിത ബുദ്ധി (AI) യുഗത്തിന് അരങ്ങൊരുക്കുന്നതോ എന്തുമാവാം കാരണം, വെബ് സെർച്ചു മുതൽ ചെറിയ സേവനങ്ങൾക്ക് വരെ ഇടക്കിടക്ക് പ്രശ്നങ്ങൾ നേരിടുന്നു. ഒക്ടോബർ 20നായിരുന്നു ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് സേവനമായ എഡബ്ല്യുഎസ് (Amazon Web Services (AWS) തകരാറിലായത്. ആമസോണും അലെക്സയും സ്നാപ്പ്ചാറ്റും ചാറ്റ്ജിപിടിയും എപിഗ് ഗെയിം സ്റ്റോറുമെല്ലാം മണിക്കുറുകളോളം തകരാറിലായി. സിലിക്കൺവാലി ഭീമന്മാരുടെയെല്ലാം കേന്ദ്രസ്ഥാനമായ US-EAST-1(Northern Virginia) റീജ്യണിലായിരുന്നു ആ വീഴ്ച. അങ്ങനെ ലോകം മുഴുവൻ ആ ഇരുട്ട് ബാധിച്ചു. മനുഷ്യന് മനസിലാകുന്ന വെബ് അഡ്രസുകളെ കംപ്യൂട്ടറിന് മാത്രം മനസിലാകുന്ന ഐപികളും മറ്റുമാക്കി മാറ്റുന്ന സുപ്രധാന മേഖലയിൽ വന്ന സാങ്കേതിക തകരാറെന്ന് ആമസോൺ പ്രസ്താവനയിറക്കി. Amazon, Alexa, Snapchat, Fortnite, ChatGPT, Epic Games Store, Perplexity, Canva, Airtable, Zapier, McDonald's app... അങ്ങനെ ഇന്റർനെറ്റിലെ എണ്ണപ്പെട്ടവരെല്ലാം വെള്ളംകുടിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ക്ലൗഡ് സെർവറുകളിൽ രണ്ടാമനായ മൈക്രോസോഫ്റ്റ് അസൂറും (Microsoft Azure) തകരാറിലായി. അസൂർ ഇൻഫ്ലാസ്ട്രെക്ചറിലെ സാങ്കേതിക പ്രശ്നമെന്ന് മൈക്രോസോഫ്റ്റ് വിശദീകരണമിറക്കി. സ്വാഭാവികമായും Office 365ഉം, Minecraft, and Xbox Live എല്ലാം വെള്ളത്തിലായി. സ്റ്റാർബക്സ് മുതൽ അകാസയടക്കമുള്ള എയർലൈൻസ് വരെ ശ്വാസം മുട്ടി. ന്യൂസിലൻഡിലെ പോലീസും, പാർലമെ‍ന്റിലെ കമ്പ്യൂട്ടർ സംവിധാനം വരെ പ്രതിസന്ധിയിലായി.

ക്ലൗഡ്ഫ്ളെയർ തകരാറിലായത് നവംബർ 18നാണ്. എഡബ്ല്യുഎസും അസൂറും പോലെ ക്ലൗഡ് സേവനമല്ല ക്ലൗഡ് ഫ്ളെയർ, വെബ്സൈറ്റുകളുടേയും ഇന്റർനെറ്റിനുമിടയിൽ സുരക്ഷയടക്കമുള്ള അവശ്യഘടകങ്ങൾ ഉറപ്പു വരുത്തുന്ന സുപ്രധാന സേവന മേഖലയാണ്. മൊത്തം ഇന്റർനെറ്റിലെ 20 ശതമാനം എണ്ണപ്പെട്ട സേവനങ്ങളും ഈ വഴി കടന്നു പോകുന്നതാണ്, ഫോർച്ചൂൺ 500 സേവനങ്ങളുടെ മാത്രം കാര്യമെടുത്താൽ 35 ശതമാനം സേവനങ്ങളും. സാങ്കേതിക പ്രശ്നമെന്ന് പറഞ്ഞ് അധികൃതർ തടിരക്ഷിച്ചെങ്കിലും ആശങ്കകൾ അവിടെ തീരില്ല. അപ്രതീക്ഷിതമായി ട്രാഫിക് കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. അത് സ്വാഭാവികമായുണ്ടായതല്ല, വല്ല സൈബർ ആക്രമം വഴിയുമാണെങ്കിൽ ആശങ്കപ്പെടാൻ ഏറെയുണ്ട്. ചാറ്റ് ജിപിടിയും സ്പോട്ടിഫൈയും എക്സുമെല്ലാം ഈ പ്രതിസന്ധിയിൽ പെട്ടു മണിക്കൂറുകൾ തള്ളിനീക്കി.

 

ഭീമൻ ടെക് കമ്പനികൾ പോലും ഒരു ബാക്ക് അപ് പ്ലാനില്ലാതെ ഒരു സേവനത്തെ മാത്രം വിശ്വസിച്ചു മുന്നോട്ടു പോകുന്നതിന്റെ പ്രതിസന്ധിയാണ് ഈ കാലയളവിൽ കണ്ടതെന്ന് സിലിക്കൺ വാലി ബുദ്ധിജിവികൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത്രക്ക് വിശ്വസിക്കാവുന്ന ബ്രാൻഡുകളാണ് എഡബ്ല്യുഎസും അസൂറും എന്നതൊക്കെയാവാം കാരണം. ഇനിയും ആ പ്ലാൻ തുടരണോ എന്നാണ് ചർച്ച. ഇന്റർനെറ്റ് സൈവനങ്ങളും ഇൻഫ്രാസ്ട്രെക്ചറും നിരന്തരം മാറ്റത്തിന് വിധേയമാകുമ്പോൾ ക്രൈസിസ് മാനേജ്മെന്റിലും മാറ്റം വേണ്ടേ എന്നാണ് ചോദ്യം.