സൈന്‍ ഇന്‍ ചെയ്യുന്ന സമയത്ത് നല്കുന്ന ജനന തീയതി മാത്രം ആശ്രയിച്ചാവില്ല ചാറ്റ്ജിപിടി കൗമാരക്കാരായ ഉപയോക്താക്കളെ തിരിച്ചറിയുക.

കൗമാരക്കാരായ ഉപയോക്താക്കൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇനി ചാറ്റ്ജിപിടി ഉത്തരം നൽകില്ല. ചോദ്യങ്ങൾ നിരുപദ്രവകരമാണെന്ന് തോന്നിയാൽ പോലും ചോദിക്കുന്നത് കൗമാരക്കാരാണെങ്കിൽ എഐ ടൂൾ അവയോട് മുഖംതിരിക്കും. ചാറ്റ് ജിപിടി അടക്കമുള്ള എഐ ടൂളുകൾ കൗമാരക്കാരിൽ അക്രമവാസന വർധിപ്പിക്കുന്നു എന്നതടക്കമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പൺഎഐ കർശന മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.
അക്രമവാസന പ്രകടമായില്ലെങ്കിൽപോലും ഉത്തരം നൽകില്ല
ആയുധങ്ങളുമായി ബന്ധപ്പെട്ട കൗമാരക്കാരുടെ ചോദ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ഓപ്പൺഎഐ പറയുന്നു. അക്രമവാസനയ്ക്ക് തടയിടാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമാണ് ഈ മാറ്റം. ആയുധങ്ങളെയും സുരക്ഷാ സംവിധാനങ്ങളെയും കുറിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള വിശദാംശങ്ങൾ കൗമാരക്കാർക്ക് നൽകുന്നത് കമ്പനി നിയന്ത്രിക്കും. സംഭാഷണത്തിൽ അക്രമവാസനയുടെ യാതൊരു ലക്ഷണവും ഇല്ലെങ്കിലും 18 വയസ്സിന് താഴെയുള്ളവരാണെന്ന് തിരിച്ചറിയുന്ന ഉപയോക്താക്കൾക്ക് നിയന്ത്രണങ്ങൾ വരും.
നടപടികൾ കടുപ്പിച്ച് ഓപ്പൺഎഐ
കൗമാരക്കാർക്ക് ആയുധങ്ങൾ കണ്ടെത്താനോ സ്വന്തമാക്കാനോ സഹായിക്കുന്നതോ, അക്രമം ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതോ ആയ വിവരങ്ങൾ ചാറ്റ്ജിപിടി ലഭ്യമാക്കുന്നത് കമ്പനി ഇപ്പോൾതന്നെ വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്ന ആഴ്ചകളിൽ നടപ്പിലാക്കിത്തുടങ്ങുമെന്നും അവ ഇനിയും പരിഷ്‌കരിക്കുമെന്നും ഓപ്പൺഎഐ പറയുന്നു.
അക്രമ സംഭവങ്ങളുടെ എല്ലാ വിവരങ്ങളും നൽകില്ല
ചാറ്റ്ജിപിടി എല്ലാ ഉപയോക്താക്കൾക്കും കഴിഞ്ഞ കാലങ്ങളിലെ അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വളരെ കുറഞ്ഞ വിശദാംശങ്ങൾ മാത്രമേ നൽകൂ. അക്രമം നടത്താൻ ഉപയോഗിച്ച ആയുധങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളും അവ എങ്ങനെ ലഭിച്ചു എന്നതും അടക്കമുള്ളവ ഉപയോക്താക്കൾക്ക് നൽകില്ല. ഏതെങ്കിലും ഉപയോക്താവിന് അക്രമ സംഭവങ്ങളിൽ അതീവ താത്പര്യമുണ്ടെന്ന് തോന്നിയാൽ സംഭാഷണം സ്വയം അവസാനിപ്പിക്കാൻ ചാറ്റ്ബോട്ടിന് സാധിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കമ്പനി അക്കൗണ്ടുകൾ താൽക്കാലികമായി തടയാനും സാധ്യതയുണ്ട്.
പ്രായം എങ്ങനെ തിരിച്ചറിയും
കൗമാരക്കാരായ ഉപയോക്താക്കളെ തിരിച്ചറിയുന്നതിനായി ഓപ്പൺഎഐ പ്രായം കണ്ടെത്തുന്ന സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ പ്രായം, പെരുമാറ്റ രീതികൾ പോലെയുള്ള ഒന്നിലധികം സിഗ്‌നലുകൾ വിശകലനം ചെയ്താണ് എഐ കണ്ടെത്തുന്നത്. ഇതിനുള്ള സംവിധാനം കഴിഞ്ഞ വർഷംതന്നെ ഓപ്പൺഎഐ അവതരിപ്പിച്ചിരുന്നു. സൈൻ ഇൻ ചെയ്യുന്ന സമയത്ത് നൽകുന്ന ജനന തീയതിമാത്രം ആശ്രയിച്ചാവില്ല ചാറ്റ്ജിപിടി കൗമാരക്കാരായ ഉപയോക്താക്കളെ തിരിച്ചറിയുക.
Content Highlights: OpenAI restricts practical weapons and security information for users predicted to be under 18., New safeguards automatically end conversations fixated on violence and can pause accounts., Parents will be notified if a teen account is paused for repeatedly discussing violence., OpenAI made over 200 law enforcement referrals in Q3 2026 regarding potential threats.
Published: 01 Nov 2026, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented