1950-കളിൽ പിച്ചവച്ചു തുടങ്ങി, ശാസ്ത്രജ്ഞരുടെ കൈകളിൽ മാത്രം ഒതുങ്ങിയിരുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) രണ്ടു മൂന്നു വർഷങ്ങൾ കൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന മൊബൈൽ ഫോണുകളിൽ മുതൽ, തെരുവുകളിൽ ജാഗരൂകരായിരിക്കുന്ന ട്രാഫിക് ക്യാമറകളിൽ വരെ ഇന്ന് എഐ സാങ്കേതികവിദ്യ ഉണ്ട്. ഗൂഗിൾ ബ്രെയിനിന്റെ സ്ഥാപകരിൽ ഒരാളായ ആൻഡ്രൂ എൻ.ജി. എഐയെ വിളിച്ചിരിക്കുന്നത് "പുതിയ വൈദ്യുതി" (AI is the new electricity) എന്നാണ്. നൂറു വർഷങ്ങൾക്കു മുമ്പ് വൈദ്യുതി എല്ലാം മാറ്റിമറിച്ചത് പോലെ അടുത്ത കുറച്ചു വർഷങ്ങളിൽ എഐ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരും. എഐ ഇല്ലാതെ ഒരു മേഖലയെ പറ്റിയും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നാണ് അദ്ദേഹം പറയുന്നത്. നിർമിതബുദ്ധി എന്താണെന്ന് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അദ്ദേഹത്തിന്റെ ഈ താരതമ്യം വിരൽചൂണ്ടുന്നത്.

To advertise here,

മനുഷ്യബുദ്ധിയുടെ മിമിക്രി

ബുദ്ധി എന്നത് അറിവുകളും കഴിവുകളും സമ്പാദിച്ച് മനസ്സിലാക്കി അത് ആവശ്യാനുസരണം പ്രയോഗിക്കാനുള്ള കഴിവാണ്. ഇതിൽ പ്രശ്നപരിഹാരം ഉണ്ടാക്കലും അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതും പുതിയ സാഹചര്യങ്ങളോട് അനുയോജ്യമായ രീതിയിൽ മാറാൻ കഴിയുന്നതുമെല്ലാം ഉൾപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) എന്നു പറഞ്ഞാൽ മനുഷ്യബുദ്ധിയെ അനുകരിക്കാനുള്ള മെഷീനുകളുടെ കഴിവാണ്. ഡാറ്റ അഥവാ വിവരങ്ങളിൽ നിന്നും പഠിക്കുന്ന, മനസ്സിലാക്കുന്ന, ചുറ്റുമുള്ള കാര്യങ്ങളെ പറ്റി ബോധ്യമുള്ള, സാധാരണയായി മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ കൈകാര്യം ചെയ്യുന്ന യന്ത്രത്തിന്റെ കഴിവാണ് എഐ. അത് ചെറിയൊരു ഫോൺ മുതൽ വലിയ റോബോട്ടുകളിലും ഡ്രൈവറില്ലാ കാറുകളിലും വരെയുണ്ട്.

ഇതിൽ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ബുദ്ധി എന്നത് ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതോ അക്കാദമിക് വൈദഗ്ധ്യമോ മാത്രം അല്ല. പല തരത്തിൽ ബുദ്ധിയെ നമുക്ക് നിർവചിക്കാൻ സാധിക്കും. പലതരം ശേഷികളും കഴിവുകളും ഉൾക്കൊള്ളുന്ന പലതരത്തിലുള്ള ഇന്റലിജൻസ് ഉണ്ട്. ഉദാഹരണത്തിന് ലിംഗ്വിസ്റ്റിക് ഇന്റലിജൻസ് (linguistic intelligence) ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിയാണ്. ഇത് എല്ലാവരിലും ഉണ്ട്. എന്നാൽ ഒരോതരം ഇന്റലിജൻസും ഓരോ വ്യക്തിയിലും കൂടിയും കുറഞ്ഞുമിരിക്കും.

കവികൾ, പ്രാസംഗികർ ഇവർക്കൊക്കെ ലിംഗ്വിസ്റ്റിക് ഇന്റലിജൻസ് കൂടുതായിരിക്കും. ഇതേ ലിംഗ്സ്റ്റിക് ഇന്റലിജൻസാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ ഒരു  ഭാഗമായ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ് (NLP) വഴി ഉണ്ടാക്കുന്നത്. ചാറ്റ് ജിപിടി പോലുള്ള ചാറ്റ് ബോട്ട്കളിലും ഭാഷ തർജമ ചെയ്യുന്ന ​ഗൂ​ഗിൾ ട്രാൻസിലേറ്റിലും ഇത്തരം എഐ ആണ് ഉപയോഗിക്കുന്നത്. ഇതുപോലെ ഇമോഷണൽ ഇന്റലിജൻസ്, ലോജിക്കൽ മാത്തമാറ്റിക്കൽ ഇന്റലിജൻസ് തുടങ്ങി പലതരം ഇന്റലിജൻസ് മനുഷ്യരിലും ഉണ്ട്. മേല്പറഞ്ഞ പലതരത്തിലുള്ള ഇന്റലിജൻസ് മെഷീനുകളിലും കൃത്രിമമായി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അങ്ങനെയുള്ള ശ്രമങ്ങളിൽ വിജയം കൈവരിച്ചവയാണ് എഐ ആയി നമ്മുടെ  ഇടയിലേക്ക് ഇപ്പോൾ എത്തിയിട്ടുള്ളത്.

എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രൈവറില്ലാ കാറുകൾ അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലെ നിരത്തുകളിൽ ഇറങ്ങിക്കഴിഞ്ഞു. നമുക്ക് നേരിട്ട് അറിയുന്ന ഒരു ഉദാഹരണം നമ്മുടെ നിരത്തുകളിലെ എഐ ക്യാമറകളാണ്. ക്യാമറകളുടെ സഹായത്തോടെ നമ്മുടെ ഫോട്ടോ എടുക്കുകയും എഐയുടെ സഹായത്തോടെ നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന സംവിധാനമാണിത്. തത്സമയ ട്രാഫിക് വിവരങ്ങൾ ഉപയോഗിച്ച്, എളുപ്പവും സുരക്ഷിതവുമായ യാത്രയ്ക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്ന ഗൂഗിൾ മാപ്പിലും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

നമുക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വീഡിയോകൾ യൂട്യൂബ് കാണിച്ചു തരുന്നത് റെക്കമെൻഡേഷൻ സിസ്റ്റം എന്ന നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. മൊബൈൽ ഫോണുകളിൽ നിങ്ങളുടെ ഫോട്ടോകൾ തരംതിരിക്കുകയും മുഖങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ നിർമിതബുദ്ധി കൊണ്ടുവരുന്നുണ്ട്. ഡോക്ടർമാർക്ക് വിവിധ സ്കാനിങ് റിപ്പോർട്ടുകളിൽ നിന്ന് രോഗങ്ങൾ കണ്ടുപിടിക്കാനും ഗവേഷകർക്ക് വിവിധ രോഗങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കാനും എഐ സഹായിക്കുന്നു. മൂല്യനിർണയം എളുപ്പമാക്കാനുള്ള എഐ ടൂളുകൾ, വ്യക്തിഗത പഠന സഹായികൾ തുടങ്ങിയവ വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ കൊണ്ടുവരുന്നു. വളരെ വേഗത്തിൽ വളരുന്നതുകൊണ്ടുതന്നെ എഐയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ കൈവരിക്കേണ്ടതുണ്ട്. ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഓരോരുത്തരുടെയും ജീവിതത്തിൽ, ജോലിയിൽ, വ്യക്തിജീവിതത്തിൽ എഐ സ്വാധീനം ചെലുത്തും എന്നത് കൊണ്ടുതന്നെ നാം എഐ സാക്ഷരർ ആകേണ്ടത് വളരെ പ്രധാനമാണ്.

പഠിച്ചുതീരാത്ത എഐ

എഐ നമ്മുടെ ജീവിതത്തിൽ പലയിടത്തായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, എഐ ഇതുവരെ അതിന്റെ പൂർണതയിൽ എത്തിയിട്ടില്ലെന്ന് പറയാം. എഐയിലെ ഏറ്റവും ലളിതമായ രൂപമായ ആർട്ടിഫിഷ്യൽ നാരോ ഇന്റലിജൻസിൽപ്പെടുന്ന നിർമിതികളാണ് നമ്മൾ ഇപ്പോൾ കാണുന്ന എഐ ഉൽപ്പന്നങ്ങൾ എല്ലാം. നിർമിതബുദ്ധിയെ പ്രധാനമായും മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ നാരോ ഇന്റലിജൻസ് അഥവാ വീക് (weak) എഐ, ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ സ്ട്രോങ്ങ് (strong) എഐ, പിന്നെ ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജൻസ് (ASI). ആർട്ടിഫിഷ്യൽ നാരോ ഇന്റലിജൻസ് എന്നത് ഒരു പ്രത്യേകതരം ജോലി അല്ലെങ്കിൽ പരിമിതമായ ജോലി നിറവേറ്റാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. ആ നിശ്ചിത ജോലിക്ക് പുറമേയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനോ ചെയ്യാനോ ഇതിനു സാധ്യമല്ല. മനുഷ്യന്റെ പലതരം ഇന്റലിജൻസിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമേ ഇവയ്ക്കു കൈവരിക്കാൻ സാധിക്കുക ഉള്ളൂ. നമ്മുടെ റോഡുകളിലെ എഐ ക്യാമറകളുടെ  ഇന്റലിജൻസ് എന്നത്, നിങ്ങൾ  റോഡ്  നിയമങ്ങൾ  തെറ്റിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കൽ മാത്രമാണ്. അവയ്ക്കു നിങ്ങളോടു സംസാരിക്കാനോ യൂട്യൂബ് ചെയ്യുന്ന പോലെ നിങ്ങൾക് ഇഷ്ടമുള്ള  പാട്ട് കണ്ടുപിടിച്ചു തരാനോ സാധ്യം അല്ല.

വംശനാശഭീഷണി

സ്ട്രോങ്ങ് എഐ എന്നും ഹ്യൂമൻ ലെവൽ എഐ എന്നും വിളിക്കുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) മനുഷ്യസമാനമായ ബുദ്ധിശേഷി ഉള്ളവയാണ്. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും ഇവയ്ക്ക് ചെയ്യാൻ സാധിക്കും. എജിഐ സിസ്റ്റങ്ങൾക്ക് പല വ്യത്യസ്ത മേഖലകളിലും അറിവുകൾ നേടാനും മനസ്സിലാക്കാനും പഠിക്കാനും അതൊക്കെ ഒരുമിച്ച് പ്രയോഗിക്കാനുമുള്ള കഴിവുണ്ടാകും. ഇത്തരം എഐ ഇന്ന് നിലവിലില്ല. എന്നാൽ, ഇപ്പോഴത്തെ സജീവ ഗവേഷണ മേഖലയാണ് എജിഐ. ഭാഷകൾ തർജമ ചെയ്യാനും പാഠങ്ങൾ ഉണ്ടാക്കാനും കമ്പ്യൂട്ടർ കോഡുകൾ എഴുതാനും സാധിക്കുന്ന ചാറ്റ് ജിപിടിയെ എജിഐയുടെ വളരെ പ്രാരംഭത്തിലുള്ള ഒരു രൂപമായി കാണുന്നവരുണ്ട്. ചാറ്റ് ജിപിടിക്ക് ശേഷം എജിഐയിലേക്ക് ലോകത്തിന് നീങ്ങാൻ കഴിയും എന്നൊരു വിശ്വാസം ശാസ്ത്രസമൂഹത്തിനു ഉണ്ടായിട്ടുണ്ട്. എന്നാൽ എജിഐ സിസ്റ്റങ്ങൾ അവയുടെ സൃഷ്ടാക്കളുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തുകടക്കാനും സ്വയം പ്രവർത്തിക്കാനും സാധ്യതയുണ്ട് എന്നതിനാൽ മനുഷ്യരാശിക്ക് 'വംശനാശ തലത്തിലുള്ള ഭീഷണി' വരെ അവ ഉയർത്തിയേക്കും എന്ന് കരുതുന്ന ഒരു വിഭാഗവും ഉണ്ട്. ഹ്യൂമൻ ക്ലോണിങ് പോലുള്ള സാങ്കേതികവിദ്യകൾ നിരോധിച്ചത് പോലെ, എജിഐ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണം എന്ന് വാദിക്കുന്നവരുടെ എണ്ണം അനുദിനം കൂടി വരികയാണ്.

സാങ്കൽപ്പിക ലോകത്തു മാത്രം നിലകൊള്ളുന്നതാണ് മൂന്നാമത്തെ വിഭാഗമായ ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജിൻസ് (ASI). എല്ലാ മേഖലയിലും മനുഷ്യനെ കവച്ചുവെക്കുന്ന മെഷീൻ ആയിരിക്കും എ.എസ്.ഐ. പ്രശ്നപരിഹാരം, ക്രിയാത്മകത, ഇമോഷണൽ ഇന്റലിജൻസ് അങ്ങനെ എന്തുമാകട്ടെ ഈ മെഷീന് ഏത് ബുദ്ധിപരമായ ജോലിയും മനുഷ്യനെക്കാളും വേഗത്തിലും കൃത്യമായും ചെയ്യാൻ കഴിയും. സയൻസ് ഫിക്ഷൻ  സിനിമകളായ Her, Ex-machina പോലുള്ള സിനിമകൾ എ.എസ്.ഐയുടെ ആശയം ഉൾക്കൊണ്ടതാണ്. ഈ സിനിമകളിൽ എഐ ഉന്നത ബുദ്ധിശേഷിയും കഴിവും ഉള്ളതാണ്. മനുഷ്യ നിയന്ത്രണത്തിനും മനസ്സിലാക്കലുകൾക്കും ഇവ വെല്ലുവിളി സൃഷ്ടിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

എല്ലാം എഐയല്ല

നിർമിതബുദ്ധിയിലെ വിവിധ വിഭാഗങ്ങളെ മനസ്സിലാക്കുന്നത് പോലെ തന്നെ പ്രധാനം ആണ് നമ്മുടെ ചുറ്റുമുള്ളവയിൽ ഏതൊക്കെ നിർമിത ബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്നു എന്നു മനസ്സിലാക്കൽ. നമ്മുടെ സാധാരണ കാറുകൾ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്നവയല്ല. അവ നമ്മൾ സ്റ്റിയറിങ്, ബ്രേക്ക് ഒക്കെ നിയന്ത്രിക്കുന്നത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ  ഓട്ടോണോമസ് വെഹിക്കിൾ അല്ലെങ്കിൽ ഡ്രൈവറില്ല കാറുകൾ മുൻപേ ലഭ്യമായ വിവരങ്ങളിൽ നിന്ന് കാര്യങ്ങൾ പഠിച്ചു, പുതിയ സാഹചര്യങ്ങളിൽ അതിന്റെ ബുദ്ധി ഉപയോഗിച്ചു തീരുമാനങ്ങൾ എടുത്ത് സ്റ്റിയറിങ് തിരിക്കുകയോ ബ്രേക്ക്‌ ചെയ്തു കാർ നിർത്തുകയോ ചെയ്യുന്നു. ഇത് നിർമിതബുദ്ധിക്ക് ഒരു ഉദാഹരണം ആണ്. 

നിർമിതബുദ്ധിയുടെ ചെറുതും വലുതുമായ ഉത്പന്നങ്ങളും ഉപകരണങ്ങളും നമുക്ക് ചുറ്റും നിറയുകയാണ്. ഒരു കാലത്ത്  വൈദ്യുതിലോകത്തെ മാറ്റിമറിച്ചത് പോലെ, അല്ലെങ്കിൽ കമ്പ്യൂട്ടർ മാറ്റിമറിച്ചത് പോലെ വരുംവർഷങ്ങളിൽ എഐ ലോകത്തെ, നമ്മുടെ ജീവിതക്രമത്തെ, ജോലിസ്ഥലത്തെ മാറ്റിമറിക്കാൻ പോവുകയാണ്. മനുഷ്യന്റ കാര്യക്ഷമത ഉയർത്താൻ സഹായിക്കുന്നു എന്നതിനാൽ തന്നെ എഐയുടെ ഉപയോഗം നിത്യജീവിതത്തിലെ ജോലിസ്ഥലത്തും ഒഴിച്ചുകൂടാനാവാത്ത ഘടകമാവുകായാണ്. എഐ ലോകത്തു മുഴങ്ങിക്കേൾക്കുന്ന ഒരു ഉദ്ധരണി കടമെടുക്കുകയാണെങ്കിൽ നമുക്ക് പറയാം, 'നിർമിത ബുദ്ധി നിങ്ങൾക്ക് പകരക്കാരനാവില്ല, എന്നാൽ നിർമിതബുദ്ധി  അറിയാവുന്ന ഒരു മനുഷ്യൻ നിങ്ങൾക്ക് പകരക്കാരനായേക്കാം'.

പണി കളയുമോ?

നിത്യജീവിതത്തിലെപ്പോലെ നിർമിതബുദ്ധി നമ്മുടെ തൊഴിലിടങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഈ മാറ്റങ്ങൾ തൊഴിലാളികളുടെ കഴിവുകളെയും ജോലിയുടെ സ്വഭാവത്തെയും കമ്പനികളുടെ പ്രവർത്തനരീതികളെയും സാരമായി ബാധിക്കുന്നു. എന്നാൽ, എഐ തൊഴിലിടങ്ങളിൽ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്. എഐ തൊഴിലവസരങ്ങൾ നശിപ്പിക്കുന്നതിനേക്കാൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. 2020-ഓടെ എഐ 2.3 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നും 1.8 ദശലക്ഷം തൊഴിലുകൾ മാത്രമേ ഇല്ലാതാക്കുകയുള്ളൂ എന്നും പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിലിടങ്ങളിൽ എഐ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളിലൊന്ന് ആവർത്തനസ്വഭാവമുള്ള ജോലികൾ ഏറ്റെടുക്കലാണ്. ആവർത്തനാത്മകമായ ജോലികൾ  നിർമിതബുദ്ധിയുടെ സഹായത്തോടെ ചെയ്യുന്നതിലൂടെ തന്ത്രപരവും ക്രിയാത്മകവുമായ കാര്യങ്ങളിലേക്ക് നമുക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഉദാഹരണത്തിന്, കസ്റ്റമർ സർവീസ് മേഖലയിൽ ചാറ്റ്ബോട്ടുകൾ പതിവായി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു, അതുവഴി മനുഷ്യ ഏജന്റുമാർക്ക് മറ്റു സങ്കീർണമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. പലവിദേശ രാജ്യങ്ങളിലും കോൾ  സെന്റർ ജോലികൾ വരെ എഐക്ക് കൈമാറിയതായി റിപ്പോർട്ടുകൾ ഉണ്ട്.

ചാറ്റ് ജിപിടി പോലുള്ള പുതിയ എഐ ടൂളുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ, ഇ-മെയിൽ  തുടങ്ങി, മണിക്കൂറുകൾ ചെലവഴിക്കേണ്ട വീഡിയോ നിർമാണം, കോഡിങ് തുടങ്ങിയ ജോലികൾ വരെ ഇന്ന് മിനിറ്റുകൾ കൊണ്ട് സാധ്യമാകുന്നു. മനുഷ്യരുടെ ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന എഐ ടൂളുകളുടെ ചില ഉദാഹരണങ്ങൾ നോക്കാം. ഡാറ്റ എൻട്രി, പേറോൾ പ്രോസസ്സിംഗ്, അപ്പോയിന്റ്മെന്റ് ഷെഡ്യൂളിങ് തുടങ്ങിയ ആവർത്തന സ്വഭാവമുള്ള ജോലികൾ സ്വയംപ്രവർത്തിതമാക്കുന്ന ഓട്ടോമേഷൻ ടൂളുകൾ ഇപ്പോൾ ലഭ്യമാണ്. Calendly പോലുള്ള എഐ ടൂളുകൾ കലണ്ടർ മാനേജ്മെന്റിനു സഹായിക്കുന്നു. ഇവ മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നത് എളുപ്പമാക്കുന്നു. എഐ-പവേഡ് മെഷീനുകൾ ഫാക്ടറികളിൽ മനുഷ്യരെക്കാൾ വേഗത്തിലും കൃത്യതയോടെയും ജോലികൾ ചെയ്യുന്നത് ഫാക്ടറി ഓട്ടോമേഷന്റെ സാധ്യത വർധിപ്പിക്കുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധനങ്ങൾ കണ്ടെത്തുകയും ചരക്കുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വെയർഹൗസ് മാനേജ്മെന്റിൽ സമയം ലാഭിക്കാനും കൃത്യത ഉറപ്പുവരുത്താനും സഹായിക്കുന്നു, ഇൻവെന്ററി മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നു. ഉദാഹരണം, അമസോണിന്റെ കിവ (Kiva) റോബോട്ടുകൾ വെയർഹൗസുകളിൽ സാധനങ്ങൾ കൈകാര്യം ചെയ്യുന്നു. തങ്ങളുടെ 25 ശതമാനത്തോളം കോഡ് ഇപ്പോൾ എഐ സഹായത്തോടെ ആണ് ഏഴുതുന്നത് എന്നാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യാ നഡെല്ല പറഞ്ഞത്.

മെരുക്കണം എഐയെ

വരുംകാലങ്ങളിൽ എഐ ഉപയോഗിച്ച് തന്റെ ജോലി എങ്ങനെ എളുപ്പവും മികച്ചതും ആക്കം എന്നായിരിക്കണം ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ടത് എന്നാണു വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. എഐ വിശകലനത്തിന്റെയും തീരുമാനമെടുക്കലിന്റെയും പ്രക്രിയകളെയും മെച്ചപ്പെടുത്തുന്നു. വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്ത് വിലപ്പെട്ട അറിവുകൾ നൽകാൻ എഐ സിസ്റ്റങ്ങൾക്ക് കഴിയും. ഇത് മാർക്കറ്റിങ്, ഇൻവെന്ററി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ തീരുമാനമെടുക്കൽ പ്രക്രിയകളെ മെച്ചപ്പെടുത്തുന്നു. വിവിധ രോഗങ്ങൾ ഡോക്ടർമാർ കണ്ടുപിടിക്കുന്നതിനു മുന്നേ കണ്ടുപിടിച്ചു തരാൻ നിർമിതബുദ്ധിയുടെ ഡാറ്റാ വിശകലനം മൂലം സാധിക്കുന്നു. എഐ ജീവനക്കാരുടെ അനുഭവങ്ങളെയും മെച്ചപ്പെടുത്തുന്നു. വ്യക്തിഗത പഠനാവസരങ്ങൾ, മികച്ച ഓൺബോർഡിങ് അനുഭവങ്ങൾ, മെച്ചപ്പെട്ട ആശയവിനിമയവും സഹകരണവും എന്നിവ എഐ സാധ്യമാക്കുന്നു. ഇത് കൂടുതൽ അനുകൂലമായ ജോലി അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.

ജോലിസാധ്യതകളെക്കുറിച്ച് പറയുകയാണെങ്കിൽ, സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി അവസരങ്ങൾ എഐ തുറന്നുതരുന്നു. എഐ വിദഗ്ധർ മേഷിൻ ലേണിങ് എൻജിനീയർമാർ തുടങ്ങിയവ സാങ്കേതിക വൈദ​ഗ്ധ്യം ആവശ്യമുള്ള ജോലികളാണ്. നിർമിതബുദ്ധിക്ക് ആവശ്യമായ ഡാറ്റ ഉണ്ടാക്കാനും ക്രോഡീകരിക്കാനുമുള്ള ജോലികൾക്ക് സാങ്കേതിക വൈദ​ഗ്ധ്യം അത്ര ആവശ്യമില്ലതാനും. ഇവ കൂടാതെ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സുരക്ഷാ, നിയമം, പക്ഷപാതിത്വം തുടങ്ങിയ മേഖലകളിലും അനന്തസാധ്യതകളാണ് തുറന്നുവരുന്നത്. 

തള്ളരുത് തൊഴിൽനഷ്ടം

തൊഴിൽനഷ്ടം ഒരു പ്രധാന ആശങ്കയാണ്. എഐ സിസ്റ്റങ്ങൾ കൂടുതൽ ജോലികൾ ഏറ്റെടുക്കുന്നതിനാൽ, ചില ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് പ്രത്യേകിച്ചും കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികളെ ബാധിക്കും. അതിനാൽ, തൊഴിലാളികൾ പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കേണ്ടതും മെച്ചപ്പെടുത്തേണ്ടതും പുനർവിദ്യാഭ്യാസം നേടേണ്ടതും ആവശ്യമാണ്. എഐയെ ഒരു ഭീഷണിയായല്ല, മറിച്ച് നമ്മുടെ ഉൽപാദനക്ഷമതയും സൃഷ്ടിപരതയും വർധിപ്പിക്കുന്ന ഒരു ഉപകരണമായി കാണേണ്ടതാണ്. ചുരുക്കത്തിൽ, എഐ തൊഴിലിടങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. സ്വയംപ്രവർത്തനം, മെച്ചപ്പെട്ട വിശകലനം, ജീവനക്കാരുടെ അനുഭവങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവ ഇതിന്റെ ഗുണങ്ങളാണ്. എന്നാൽ തൊഴിൽനഷ്ടം, നൈതിക പ്രശ്നങ്ങൾ എന്നിവ നേരിടേണ്ട വെല്ലുവിളികളാണ്. ഈ മാറ്റങ്ങളോട് അനുയോജ്യമായി പൊരുത്തപ്പെടാൻ തൊഴിലാളികളും സ്ഥാപനങ്ങളും തയ്യാറാകേണ്ടതുണ്ട്. ഈ മാറ്റങ്ങളെ മനസ്സിലാക്കി, അതിനനുസരിച്ച് തയ്യാറെടുക്കുന്നത് നമ്മുടെ കരിയറിന് വലിയ ഗുണം ചെയ്യും. എഐയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തയ്യാറാകുക!