
"Nature has certain mechanism to record
all memories of every life being"
Toba Beta
ഒരുപാടു രഹസ്യങ്ങളുടെ ഭണ്ഡാരമാണ് പ്രകൃതി. ആകസ്മികമായി മാത്രം അത് നമ്മോടു ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. അതിലോലമായ മനസ്സുള്ള പ്രകൃതി, ഓര്‍മകള്‍ കൃത്യമായി സൂക്ഷിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. വര്‍ഷങ്ങള്‍ക്കു ശേഷം, അല്ലെങ്കില്‍ അനേക തലമുറകള്‍ക്കു ശേഷം മാത്രമായിരിക്കും ആ രഹസ്യങ്ങള്‍ അല്ലെങ്കില്‍ ഓര്‍മകള്‍ നമുക്ക് മുന്നില്‍ അത് തുറന്നു തരുന്നത്.
ശാസ്ത്രം ചിലപ്പോള്‍ നമുക്ക് പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്നു. ഈ ഭൂമിയില്‍ നടന്ന പഴയകാല സംഭവങ്ങള്‍ പുനഃസൃഷ്ടിയ്ക്കുന്നു. അങ്ങനെ അനേകകാലം മുമ്പേ പ്രകൃതിയില്‍ നടന്ന സംഭവങ്ങള്‍ ഒരു വെള്ളിത്തിരയിലെന്ന പോലെ നമുക്ക് കാണുവാന്‍ കഴിയുന്നു. ശാസ്ത്രത്തിനു അങ്ങനെയും ചില രീതികളുണ്ട്.
ന്യൂയോര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ രണ്ട് ആദിമ മനുഷ്യന്മാരുടെ പ്രതിമകളുണ്ട്. ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്. ആണ് പെണ്ണിന്റെ ചുമലില്‍ കൈവെച്ചു നടന്നു നീങ്ങുന്ന പ്രതിമ. രണ്ടു പേരും ഒരു താഴ്വരയില്‍ എന്തോ കണ്ടു ഭയപ്പെട്ടു വേഗത്തില്‍ നടന്നു നീങ്ങുകയാണ്. രണ്ടു പേരും തമ്മിലുള്ള മാനസികമായ അടുപ്പം ഈ ഡയോരമയില്‍, അതായതു തുടര്‍ച്ചയായ ഒരു രംഗത്തിനെ പ്രതിനിധീകരിക്കുന്ന ഈ പ്രതിമയില്‍നിന്നു വ്യക്തം. ഏതാണ്ട് 3 മുതല്‍ 3.6 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച 'Australopithecus afarensis' എന്ന വര്‍ഗ്ഗത്തില്‍ പെട്ട, ആദ്യമായി രണ്ടു കാലില്‍ നിവര്‍ന്നു നില്ക്കാന്‍ ശേഷി കൈവരിച്ച, ആള്‍കുരങ്ങമാരെ പോലെ തോന്നിയ്ക്കുന്നവരാണ് അവര്‍. ഇന്നത്തെ എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ ജീവിച്ചിരുന്നവര്‍. ഏതാണ്ട് ഏഴ് ലക്ഷം വര്‍ഷത്തോളം അവര്‍ ഭൂമിയില്‍ ജീവിച്ചു. അതായതു ഹോമോസാപിയന്‍സ് എന്ന നമ്മള്‍ ഇവിടെ ജീവിച്ചതിനെക്കാളും രണ്ടിരട്ടിയിലധികം വര്‍ഷം! വളരെയേറെ കാര്യങ്ങള്‍ നമ്മോടു വിളിച്ചു പറയുന്ന ആസ്ത്രലോപിത്തെക്കസ് വര്‍ഗ്ഗത്തിന്റെ ഈ പ്രതിമകള്‍ നിര്‍മ്മിച്ചത് ഒരു ചെറിയ പ്രദേശത്തു നിന്ന് കിട്ടിയ രണ്ടു മനുഷ്യ പൂര്‍വ്വികരുടെ കാല്‍പ്പാടുകളില്‍ നിന്നാണ്. പ്രകൃതി സൂക്ഷിച്ച അമൂല്യമായ ഒരു രഹസ്യം.

1976-ല്‍ പ്രശസ്ത ബ്രിട്ടീഷ് നരവംശ ഗവേഷകയായ മേരി ലീക്കിയും (Mary Leakey) കൂട്ടരും ടാന്‍സാനിയയിലെ ലൈറ്റോലി (laetoli) എന്ന വനപ്രദേശത്തു പര്യവേഷണത്തിന് എത്തുന്നു. പ്രധാനപ്പെട്ട ജോലികള്‍ കഴിഞ്ഞ ഒരു സായാഹ്നത്തില്‍ അവരെല്ലാവരും ഉല്ലാസപൂര്‍വം രസകരമായ ഒരു കളിയിലേര്‍പ്പെട്ടു. ഉണങ്ങിയ ആനപ്പിണ്ടം (Elephant dung) പരസ്പരം എറിഞ്ഞുള്ള ഒരു കളിയായിരുന്നു അത്. ശരീരത്തില്‍ കൊള്ളാതിരിയ്ക്കാനായി ഒരാള്‍ പെട്ടെന്ന് നിലത്തേയ്ക്ക് വീണുരുണ്ടു. നിലത്തു വീണപ്പോള്‍ അദ്ദേഹം കണ്ട കാഴ്ച വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നമുക്ക് അത്ര പരിചിതമല്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും നല്ല ഉറച്ച കാല്‍പ്പാടുകള്‍. ഏതാണ്ട് പതിനെട്ടോളം സ്പിഷീസിന്റെ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു അവിടെ. ഒരു പാട് കാലം മുന്‍പേ ഭൂമിയില്‍ ജീവിച്ചിരുന്നവയുടെ കാല്‍പ്പാടുകള്‍.
പഠനങ്ങളും പര്യവേഷണങ്ങളും പുരോഗമിയ്ക്കുന്നതിടെ അത്ഭുതകരമായ ഒരു കാര്യം കൂടി കണ്ടെത്തുന്നു. ഏതാണ്ട് 27 മീറ്ററോളം നീളുന്ന മനുഷ്യരുടേതെന്നു തോന്നിപ്പിയ്ക്കുന്ന ഉറച്ച കാല്‍പ്പാടുകള്‍. സമാന്തരമായി രണ്ടു പേരുടെ കാല്‍പ്പാടുകള്‍ ഉണ്ടായിരുന്നു അവിടെ. ഈ കാല്‍പ്പാടുകള്‍ പിന്നീട് 'മേരി ലീക്കി ഫൂട്ട് പ്രിന്റുകള്‍' (Mary Leakey Foot prints) എന്ന പേരില്‍ പ്രശസ്തമായി.

കുറെ പഠനങ്ങള്‍ക്ക് ശേഷം ഒരു കാര്യം മനസ്സിലായി. ആ താഴ്‌വരയുടെ തൊട്ടടുത്ത് ഏതാണ്ട് 20 കിലോ മീറ്റര്‍ കിഴക്കായി 'സാഡിമന്‍' (Sadiman) എന്ന് പേരുള്ള ഒരു അഗ്‌നിപര്‍വ്വതമുണ്ട്. ഈ പര്‍വതത്തില്‍ നിന്നുണ്ടായ ലാവ കാര്‍ബൊണറ്റൈറ്റ് (Carbonatite) എന്ന രാസ മിശ്രിതത്താല്‍ സമ്പന്നമായിരുന്നു. ഈ ഈ മിശ്രിതത്തിനു ഒരു പ്രത്യേകതയുണ്ട്. നനഞ്ഞു കഴിഞ്ഞാല്‍ അത് ഒരു സിമന്റ് പോലെ പെരുമാറും. അതായതു അത് സെറ്റായി ഉറപ്പുള്ളതായി തീരും. മഴയില്‍ നനഞ്ഞ ഈ അഗ്‌നിപര്‍വത അവശിഷ്ടങ്ങളില്‍ മൃഗങ്ങളും ആദിമ മനുഷ്യരും നടന്നപ്പോള്‍ കുറച്ചു സമയത്തിന് ശേഷം അത് ഉറച്ചു കട്ടിയായതാണ്. ഇതിനെ കാല്‍പ്പാടുകളുടെ ഫോസിലുകള്‍ എന്ന് പറയാം. അന്ന് ഉറച്ചു കട്ടിയായ മണല്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിനു ഏതാണ്ടു 3 മുതല്‍ 3.9 മില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. അതായതു ഈ കാല്‍പ്പാടുകള്‍ സൃഷ്ടിക്കപ്പെട്ടതു അത്രയും വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്നര്‍ത്ഥം. ഇത്രയും വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍ ആയുധങ്ങള്‍ പോലും ഉപയോഗിച്ചിരുന്നില്ല. അതായതു നമ്മുടെ തലച്ചോര്‍ ഒരു വികാസവും പ്രാപിച്ചിട്ടില്ല എന്നര്‍ത്ഥം.
അടുത്തടുത്ത സമാന്തരമായ ഈ കാല്‍പ്പാടുകളില്‍ ഒന്ന് ചെറുതും വ്യക്തമായി പതിഞ്ഞതുമായിരുന്നു. മറ്റൊന്ന് വലുതും വളരെ ചെറുതായി പതിഞ്ഞതുമായിരുന്നു. കൂടുതല്‍ കൃത്യമായി പരിശോധിച്ചപ്പോള്‍ ഒന്ന് യഥാക്രമം പെണ്ണിന്റേതും മറ്റൊന്ന് ആണിന്റേതും ആണെന്ന് മനസ്സിലായി
നമുക്ക് മനുഷ്യരുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകളിലേക്ക് പോകാം. രണ്ടു കാലില്‍, നന്നായി നിവര്‍ന്നു നടക്കുന്നവരുടെ (upright) കാല്‍പ്പാടുകള്‍ ആയിരുന്നു അത്. കാല്‍മടമ്പ് (heel) നന്നായി ഭൂമിയില്‍ പതിഞ്ഞിരുന്നു. അതായതു ശരീരത്തിന്റെ മുഴുവന്‍ ഭാരവും അവര്‍ കാല്‍മടമ്പില്‍ ഊന്നിയിരുന്നു, നമ്മളെപ്പോലെ. ഒരു ആള്‍ക്കുരങ്ങിന്റെ കാല്‍പ്പാടാണോ അതെന്നു വീണ്ടും സംശയമുണ്ടായിരുന്നു. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ കാലിന്റെ പെരുവിരലും തൊട്ടടുത്ത വിരലും തമ്മില്‍ വളരെയധികം അകലമുണ്ട്. അതുപോലെ മടമ്പില്‍ ഊന്നിയുള്ള നടത്തമല്ല അവരുടേത്. ഏതാണ്ട് ഒരു ഫ്‌ലാറ്റ് ആയ കാല്‍പ്പാടുകളാണ് അവര്‍ക്കുണ്ടാകുക. ഇത് ആ കാല്‍പ്പാടുകള്‍ നമ്മെപ്പോലെ രണ്ടുകാലില്‍ നിവര്‍ന്നു നടന്നവരുടേതാണെന്നു വ്യക്തമാക്കുന്നതാണ്.
വര്‍ഷങ്ങള്‍ കണക്കാക്കിയാല്‍ നമ്മുടെ പൂര്‍വികരായ, ആദ്യമായി രണ്ടു കാലില്‍ നടന്ന 'ആസ്‌ത്രെലോപിത്തേക്കസ് അഫെറന്‍സിസ്' (Australopithecus afarensis - A. afarensis) ആണ് ഇവരെന്ന് കൃത്യമായി മനസ്സിലാകും. അടുത്തടുത്ത സമാന്തരമായ ഈ കാല്‍പ്പാടുകളില്‍ ഒന്ന് ചെറുതും വ്യക്തമായി പതിഞ്ഞതുമായിരുന്നു. മറ്റൊന്ന് വലുതും വളരെ ചെറുതായി പതിഞ്ഞതുമായിരുന്നു. കൂടുതല്‍ കൃത്യമായി പരിശോധിച്ചപ്പോള്‍ ഒന്ന് യഥാക്രമം പെണ്ണിന്റേതും മറ്റൊന്ന് ആണിന്റേതും ആണെന്ന് മനസ്സിലായി. തോളോട് തോള്‍ ചേര്‍ന്ന് ആ ആണും പെണ്ണും താഴ്‌വരയിലൂടെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇടയിലൂടെ വേഗത്തില്‍ നടന്നു നീങ്ങുകയായിരുന്നു. അടുത്തുള്ള ഒരു നദിക്കരയില്‍ വെച്ച് ആ കാല്‍പ്പാടുകള്‍ അവസാനിയ്ക്കുന്നു.

ശാസ്ത്രരംഗത്തു ഈ ആണിന്റെയും പെണ്ണിന്റെയും കാല്‍പ്പാടുകള്‍ വളരെ കൗതുകമുണര്‍ത്തിയെങ്കിലും അന്നാട്ടിലെ മസായി ജനങ്ങള്‍ വിശ്വസിച്ചത് ഈ കാല്‍പ്പാടുകള്‍ അതീവശക്തനായ വലിയ മനുഷ്യനായ അവരുടെ രക്ഷകന്‍ 'ലങ്കാലങ്ക' യുടേതാണെന്നായിരുന്നു. അദ്ദേഹം നടക്കുമ്പോള്‍ ഭൂമിയില്‍ ഇത്തരം കാല്‍പ്പാടുകള്‍ പതിയുമായിരുന്നുവത്രേ!
1974-ല്‍ ആണ് ആദ്യമായി നമ്മുടെ കാല്‍പ്പാടുകളുടെ സമാനതയുള്ള A. afarensis ന്റെ കുറച്ചു അസ്ഥികള്‍ എത്യോപ്യയില്‍ ലെ 'ഹദര്‍' എന്ന സ്ഥലത്തുനിന്നു കിട്ടുന്നത്. ആ അസ്ഥികളുടെ ഉടമയാണ് ആദ്യമായി മരങ്ങളില്‍നിന്നു താഴേയ്ക്കിറങ്ങി വന്നു രണ്ടു കാലില്‍ നടക്കാന്‍ പഠിച്ച ആദ്യത്തെ മനുഷ്യന്‍. മരങ്ങളിലൂടെ ചാടി നടന്ന ആ ജീവി, ആഹാരത്തിന്റെ ലഭ്യത കുറവ് കൊണ്ടായിരിക്കാം ആദ്യമായി ഭൂമിയിലിറങ്ങി രണ്ടു കാലില്‍ നടക്കാന്‍ തുടങ്ങി. ആ ജീവിയെ ശാസ്ത്രജ്ഞന്മാര്‍ 'ലൂസി' എന്ന് പേരിട്ടു. 1967-ലെ അതി പ്രശസ്തമായ ബീറ്റില്‍സ് മ്യൂസിക് ഗ്രൂപ്പിന്റെ ഗാനമായ 'Lucy in the sky with diamonds.' എന്ന് തുടങ്ങുന്ന ഗാനം ആ പര്യവേഷണ ക്യാമ്പില്‍ വൈകുന്നേരങ്ങളില്‍ പ്ലേ ചെയ്യുമായിരുന്നു. ഈ പാട്ടില്‍ നിന്നാണ് 'ലൂസി' എന്ന പേര് ഫോസിലിനു തിരഞ്ഞെടുത്തത്.
ലൂസി പെണ്ണായിരുന്നു. പെല്‍വിക് അസ്ഥികളാണ് ലൂസി പെണ്ണാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. ഉയരം 1.05 മീറ്ററും ഭാരം 28 കിലോ ഗ്രാമും മാത്രം. ലൂസിയുടെ കണ്ടെടുത്ത അസ്ഥികളില്‍ പൊട്ടലുണ്ട്. മരത്തില്‍നിന്നു താഴോട്ട് വീണാണ് ലൂസി മരിച്ചത്. മരിയ്ക്കുമ്പോള്‍ അവള്‍ക്കു 18 വയസ്സ് പ്രായം. അവളുടെ ആകെയുള്ള 207 അസ്ഥികളില്‍ 47 എണ്ണം മാത്രമേ നമുക്ക് ഫോസ്സിലായി കിട്ടിയുള്ളൂ. അതായതു ലൂസി അസ്ഥിക്കൂടം ഏതാണ്ട് 40 ശതമാനം മാത്രമേ കിട്ടിയുള്ളൂ. പിന്നീടുള്ളവ കൃത്രിമമായി കൂട്ടിച്ചേര്‍ത്തു. റേഡിയോ ആക്റ്റീവ് ശാസ്ത്രത്തിനു നന്ദി. അവ ഒരുപാടു വിവരങ്ങള്‍ നമുക്ക് തന്നു. രണ്ടു കാലില്‍ നടക്കാന്‍ പഠിച്ച മനുഷ്യകുലത്തിന്റെ മാതാവായി നമുക്ക് ലൂസിയെ കരുതാം. ഈ ലൂസിയുടെ വര്‍ഗക്കാരാണ് അന്ന് ലൈറ്റൊലിയിലെ താഴ്‌വരയില്‍ കൂടി വേഗത്തില്‍ നടന്നു പോയത്.

ശാസ്ത്രരംഗത്തു വിപ്ലവമുണ്ടാക്കിയ ഈ കാല്‍പ്പാടുകളെ പറ്റി മനുഷ്യര്‍ വീണ്ടും വീണ്ടും പഠിച്ചു. കാല്‍പ്പാടുകളുടെ ത്രിമാന ചിത്രങ്ങളുണ്ടാക്കി. മറ്റു ആസ്ത്രലോപിഡിസിന്റെ കാല്‍പ്പാടുകളും വീണ്ടും കണ്ടെത്തി. ചിത്രകാരന്മാര്‍ തങ്ങളുടെ അതിരുകടന്ന ഭാവന ഉപയോഗിച്ച് 3.6 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പെയുള്ള ആണും പെണ്ണും നടന്നു പോയ സായാഹ്നം ഭാവതീവ്രതയോടെ ആവിഷ്‌ക്കരിച്ചു. ഈ രണ്ടു കാല്‍പ്പാടുകളില്‍നിന്നാണ് അതിനു ശേഷം ആസ്ത്രലോപിത്തേക്കസുകളെ നമ്മുടെ കണ്മുന്നില്‍ കലാകാരന്‍മാര്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്.
ലൈറ്റൊലിയിലെ കാട്ടില്‍നിന്നും ഈ കാല്‍പ്പാടുകള്‍ ഒരു മ്യൂസിയത്തിലേക്ക് അങ്ങനെ തന്നെ മാറ്റാന്‍ ശ്രമങ്ങള്‍ നടന്നു. അതിനായി 27 മീറ്ററോളം നീളത്തില്‍ പരന്നു കിടക്കുന്ന ഉപരിതലത്തിന്റെ അടിയില്‍നിന്ന് ഒരു പാളി പോലെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നു. നിര്‍ഭാഗ്യവശാല്‍ ആ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പിന്നീട് ഈ സ്ഥലത്തു തന്നെ അവ സംരക്ഷിച്ചു വെക്കാന്‍ തീരുമാനിച്ചു. രണ്ടു മൂന്നു കാര്യങ്ങള്‍ ഇവിടെ വില്ലനായി. ഒന്ന് ആ പ്രദേശം ഒറ്റപ്പെട്ട വനപ്രദേശമായിരുന്നു. അങ്ങോട്ടുള്ള യാത്ര അതീവ ദുഷ്‌ക്കരം. പല വന്യ മൃഗങ്ങളും നടന്നു നീങ്ങി കാല്‍പ്പാടുകള്‍ നശിപ്പിയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. സമീപപ്രദേശത്തെ വേരുകള്‍ മണ്ണിലേക്കിറങ്ങി അവ വിണ്ടു കീറാന്‍ സാധ്യതയുണ്ട്. അതിനാല്‍ മതിയായ പഠനങ്ങള്‍ക്കും ചിത്രീകരണത്തിനും ശേഷം വളരെ ശാസ്ത്രീയമായി എന്നാല്‍ പിന്നീട് തുറന്നു നോക്കാന്‍ കഴിയുന്ന വിധത്തില്‍ കുഴിച്ചു മൂടാന്‍ തീരുമാനിച്ചു. അതിനായി ആദ്യം. ഒരു പ്രത്യേക രാസവസ്തു ഉപയോഗിച്ച് വേരുകളുടെ വളര്‍ച്ച മുരടിപ്പിച്ചു. പിന്നീട് ഉറച്ച കാല്‍പ്പാടുകള്‍ക്കു മുകളില്‍ നേര്‍മയുള്ള മണല്‍ വിതറി. പോളിപ്രൊപ്പിലീന്‍ ഷീറ്റു കൊണ്ടും മണ്ണ് കൊണ്ടും ആവരണം തീര്‍ത്തു. അതിനു മേലെ നല്ല ഉരുളന്‍ കല്ലുകളിട്ടു സംരക്ഷണം തീര്‍ത്തു. അതായതു ഓര്‍മകളെ നമ്മള്‍ കുഴിച്ചു മൂടി. വീണ്ടും കുറെയേറെ പഠനങ്ങള്‍ക്കായി.
മാനവപരിണാമ ചരിത്രത്തിലെ അതിദീപ്തമായ ആ ഓര്‍മകള്‍, അവരുടെ വികാരങ്ങള്‍, കാല്‍പ്പാടുകള്‍ - ഭൂമിയില്‍ ഇന്നും ജീവിയ്ക്കുന്നു.
കോഴിക്കോട് എൻഐടിയിലെ രസതന്ത്രവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. എ.സുജിത്ത്
Published: 16 Oct 2021, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented