ദക്ഷിണാഫ്രിക്കയിലെ കുരുമാൻ കുന്നുകൾക്ക് താഴെയുള്ള വണ്ടർവർക്ക് ഗുഹയിൽ (Wonderwerk Cave) മനുഷ്യചരിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഗവേഷകർ കണ്ടെത്തി. മനുഷ്യ പൂർവ്വികർ തീ ഉപയോഗിച്ചതിന്റെ ഏറ്റവും പഴക്കമുള്ള തെളിവുകളാണ് ഈ ഗുഹയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മുൻപുണ്ടായിരുന്ന നിഗമനങ്ങളേക്കാൾ 7 ലക്ഷം വർഷങ്ങൾക്ക് മുൻപേ തന്നെ മനുഷ്യർ തീ ഉപയോഗിച്ചിരുന്നു എന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അതായത്, ഏകദേശം 1.07 മുതൽ 1.79 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഈ ഗുഹയിൽ ജീവിച്ചിരുന്ന ആദിമ മനുഷ്യർ മൃഗങ്ങളുടെ കാഷ്ഠം ഉപയോഗിച്ച് തീ കത്തിച്ചിരുന്നത് എന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു.
മനുഷ്യർ ബോധപൂർവം തീ ഉപയോഗിച്ചത് തന്നെയാണെന്ന് പുരാവസ്തു ഗവേഷക ലിയോറ കോൾസ്ക ഹോറോവിറ്റ്സ് ‘ദ ടൈംസ് ഓഫ് ഇസ്രായേലി’നോട് പറഞ്ഞു. എന്നാൽ തീയുണ്ടാക്കിയത് മനുഷ്യരാണെന്ന് അത് അർത്ഥമാക്കുന്നില്ലെന്നും അവർ പറഞ്ഞു.
കാട്ടുതീ പടർന്നുണ്ടായതല്ല ഗുഹയ്ക്കുള്ളിലുള്ള തീ. കാരണം തീ ഗുഹയുടെ കവാടത്തിൽ നിന്ന് കുറഞ്ഞത് 30 മീറ്റർ [98 അടി] ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത് എന്ന് കോൾസ്ക പറഞ്ഞു. ഗുഹയിൽ നിന്നും ലഭിച്ച പുരാവസ്തുക്കളുടെയും 'അച്ചൂലിയൻ' (Acheulean) ശൈലിയിലുള്ള ആയുധങ്ങളുടെയും അടിസ്ഥാനത്തിൽ, ഹോമോ ഇറക്റ്റസ് (Homo erectus) എന്ന മനുഷ്യ പൂർവ്വികരാണ് ഈ തീ ഉപയോഗിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. തീ കത്തിക്കുന്നതിനുള്ള ഇന്ധനമായി ഇവർ പ്രധാനമായും മൂങ്ങകളുടെ കാഷ്ഠമാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ മൂങ്ങകൾ വേട്ടയാടിയ ചെറിയ എലികളുടെ അസ്ഥികളും അടങ്ങിയിട്ടുണ്ടായിരുന്നു. തീ എങ്ങനെ ഉണ്ടാക്കിയെന്നോ പുറത്തുള്ള കാട്ടുതീയിൽ നിന്ന് പകർത്തി കൊണ്ടുവന്നതാണോ എന്നും ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുന്നില്ല.
ഒട്ടേറെ ശാസ്ത്ര പരിശോധനകൾ നടത്തിയാണ് ശാസ്ത്രജ്ഞർ തെളിവുകൾ കണ്ടെത്തിയത്. കരിഞ്ഞ അസ്ഥികൾ തിരിച്ചറിയുന്നതിനായി, തീവ്രത കുറഞ്ഞ അൾട്രാവയലറ്റ് വെളിച്ചം ഉപയോഗിച്ചുള്ള നൂതനമായ ലൂമിനെസെൻസ് (luminescence) സാങ്കേതികവിദ്യയാണ് ഗവേഷകർ ഉപയോഗിച്ചത്. ഇത് തീയിൽ പെട്ട അസ്ഥികൾക്ക് ഒരു പ്രത്യേക തിളക്കം നൽകുന്നു. ഇതിനുപുറമെ രാസപരിശോധനകളും നടത്തിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന റേഡിയോകാർബൺ ഡേറ്റിംഗിന് പുറമെ, കോസ്മോജനിക് ഡേറ്റിംഗ്, പാലിയോമാഗ്നെറ്റിക് ഡേറ്റിംഗ് എന്നീ സങ്കീർണ്ണമായ കാലപ്പഴക്ക നിർണ്ണയ രീതികളും കൃത്യതയ്ക്കായി ഗവേഷകർ ഉപയോഗിച്ചിട്ടുണ്ട്.
എന്തായാലും ആദിമ മനുഷ്യർ പ്രകൃതിദത്തമായ തീയുടെ വെറും കാഴ്ചക്കാർ മാത്രമായിരുന്നില്ലെന്നും, അവർ തങ്ങളുടെ ജീവിതത്തിൽ തീയെ സജീവമായി ഉപയോഗിച്ചിരുന്നു എന്നും ഈ കണ്ടെത്തലുകൾ തെളിയിക്കുന്നു.
തീ ബോധപൂർവം ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയെങ്കിലും, ഭക്ഷണം പാകം ചെയ്യുക പോലെയുള്ള കാര്യങ്ങൾക്ക് ഈ തീ ഉപയോഗിച്ചിരുന്നോ എന്നതിന് വ്യക്തമായ നേരിട്ടുള്ള തെളിവുകൾ ഇനിയും ആവശ്യമാണെന്നാണ് മറ്റ് ഗവേഷകർ പറയുന്നത്.
Content Highlights: Researchers have discovered evidence of controlled fire usage by human ancestors in South Africa's Wonderwerk Cave, dating back between 1.07 and 1.79 million years, suggesting early hominids like Homo erectus were actively using fire long before previously estimated.
Published: 19 Jun 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented