രു പക്ഷേ ഒരേ സമയത്ത് രണ്ട് മലയാളികൾ ഒരുമിച്ച് ബഹിരാകാശത്തുണ്ടാകുന്ന അപൂർവതയ്ക്ക് സമീപഭാവിയിൽ ലോകം സാക്ഷ്യം വഹിച്ചേക്കാം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ അംഗം എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായരും നാസയുടെ ശാസ്ത്രജ്ഞനായ ഡോ. അനിൽ മേനോനുമായിരിക്കും ആ രണ്ട് പേർ. ചൊവ്വാഴ്ച്ച കസാഖ്‌സ്താനിൽ നിന്ന്

To advertise here,

സോയൂസ് എംഎസ് 29 പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പറക്കുമ്പോൾ 'ഇനി അവിടെ വെച്ച് കാണാം' എന്ന് പ്രശാന്തിനോട് അനിൽ പറയുന്നതുപോലെയുള്ളൊരു സ്വപ്‌ന നിമിഷമായിരിക്കും അത്. എട്ട് മാസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചശേഷം 2027 ഏപ്രിലിലാകും അനിൽ തിരിച്ചെത്തുക. ഇതിനൊപ്പം ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം 2027-ന്റെ തുടക്കത്തിൽ സംഭവിക്കുക കൂടി ചെയ്താൽ മലയാളികൾ ബഹിരാകാശത്തിന്റെ നെറുകയിലെത്തും.

എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെ കുറിച്ച് സംസാരിക്കാനാകില്ലെന്ന് പ്രശാന്ത് നായർ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി. ആദ്യം ഹ്യൂമനോയിഡ് റോബോട്ട് 'വ്യോമമിത്ര'യെ അയയ്ക്കാനുള്ള ദൗത്യത്തിലാണെന്നും അതിനുശേഷമാകും മനുഷ്യരെ വഹിച്ചുള്ള പേടകം പുറപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശ യാത്രയ്ക്കുള്ള ഒരുക്കത്തിനിടെ രണ്ട് വർഷം മുമ്പ് അനിൽ മേനോനും പ്രശാന്ത് നായരും നാസയിൽവെച്ച് കണ്ടുമുട്ടിയിരുന്നു. 2024 ഫെബ്രുവരിയിൽ ഗഗൻയാന്റെ പരിശീലനത്തിനായി പ്രശാന്ത് നാസയിലെത്തിയപ്പോഴാണ് അനിലിനെ പരിചയപ്പെടുന്നത്. മുമ്പ് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇ മെയിൽ വഴി അയച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ച്ച അന്നാണ് സംഭവിച്ചത്. നാസയിൽ ഒരേ സമയത്തുണ്ടായിരുന്നെങ്കിലും പരിശീലനം ഒരുമിച്ചല്ലായിരുന്നുവെന്ന് പ്രശാന്ത് നായർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'അനിലിനൊപ്പം ഭാര്യയും സ്‌പേസ് എക്‌സിലെ ഉദ്യോഗസ്ഥയായ അന്ന മേനോനുമുണ്ടായിരുന്നു. ഞാനും ഭാര്യ ലെനയും അവരും അടുത്ത സുഹൃത്തുക്കളായി മാറി. മലയാളി വേരുകളും അതിനൊരു കാരണമാണ്. അനിലിന് മലയാളം ഒട്ടും അറിയില്ലെങ്കിലും ഇടയ്ക്കിടെ ഡൽഹിയിലുള്ള മുത്തശ്ശിയെ കാണാൻ പോകാറുണ്ടായിരുന്നു. പാലക്കാട് ഒറ്റപ്പാലത്തുള്ള കുടുംബാംഗങ്ങളെ കുറിച്ച് അനിൽ അന്ന് സംസാരിച്ചിരുന്നു. ചെറുപ്പത്തിൽ പാലക്കാട് വന്നിട്ടുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. പരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയശേഷവും ഇടയ്‌ക്കെപ്പോഴെങ്കിലും വിളിക്കാറുണ്ട്.''-പ്രശാന്ത് പറയുന്നു.

ദൗത്യത്തിന് മുമ്പ് മാനസികമായും ശാരീരികമായും ഒരുപാട് തയ്യാറെടുപ്പുകൾ വേണമെന്നും പ്രശാന്ത് പറയുന്നു. 'രണ്ട് തരത്തിലും നമ്മൾ ഫിറ്റ് ആയതിനാലാണ് ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ദൗത്യത്തിലെ ടീമംഗങ്ങളുമായുള്ള ബോണ്ടിങ്ങാണ് പിന്നീട് നടക്കുന്നത്. ഇതിനായി ദൗത്യത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് യാത്ര പോകും.'-അദ്ദേഹം വ്യക്തമാക്കി.

ചരിത്രനേട്ടത്തിന് അനിൽ മേനോൻ

സോയൂസ് എംഎസ് 29 പേടകം ബഹിരാകാശ നിലയത്തിലെത്തുമ്പോൾ ചരിത്രനേട്ടമാണ് അനിൽ മേനോനെ കാത്തിരിക്കുന്നത്. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയായി അദ്ദേഹം മാറും. ചൊവ്വാഴ്ച്ച കസാഖ്‌സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശനിലയത്തിൽനിന്ന് സോയൂസ് എം.എസ്- 29 പേടകം വിക്ഷേപിക്കും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ് കോസ്മോസിന്റെ പേടകമാണിത്. പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും ഒപ്പമുണ്ടാകും. എട്ടുമാസം ബഹിരാകാശത്ത് ചെലവിട്ട് 2027 ഏപ്രലിലാണ് അനിൽ തിരിച്ചെത്തുക.

പാതിമലയാളിയായ അനിൽ അമേരിക്കയിലെ മിനിയു പോളിസിലാണ് ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോനും യുക്രൈനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ലിസ സാമോലെങ്കോയുമാണ് മാതാപിതാക്കൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷനും സ്വാതന്ത്രസമര സേനാനിയുമായ ചേറ്റൂർ ശങ്കരൻ നായരുടെ പേരക്കുട്ടിയുടെ ചെറുമകനുമാണ് അനിൽ. സ്പെയ്സ് എക്‌സിലെ ഉദ്യോഗസ്ഥ അന്നാ മേനോനാണ് ഭാര്യ. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറും യു.എസ്. ബഹിരാകാശ സേനയിൽ കേണൽപദവിയിലുള്ള ഉദ്യോഗസ്ഥനും കൂടിയാണ് 49-കാരനായ അനിൽ.

ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവം നേടിയിട്ടുണ്ട്. പഠനകാലത്ത് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഹണ്ടിങ്ടൺ ഡിസീസിനെ കുറിച്ചും അദ്ദേഹം ഗവേഷണം നടത്തിയിരുന്നു. സ്‌പെയ്‌സ് എക്‌സിന്റെ ആദ്യത്തെ ഫ്‌ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. 12 വർഷം മുമ്പാണ് അനിൽ നാസയിൽ ഫ്‌ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായാണ് പ്രവർത്തിച്ചത്.

ബഹിരാകാശ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ

ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പരിശീലനത്തിൽ പ്രധാനപ്പെട്ടതാണ് സിമുലേറ്ററുകൾ. ബഹിരാകാശ പേടകത്തിന്റെ മാതൃകയിലുള്ള മോക്ക്അപ് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു പേടകത്തിന്റെ ലോഞ്ച്, ലാൻഡിങ് സമയത്ത് ബഹിരാകാശ യാത്രികർക്ക് അനുഭവപ്പെടുന്ന കമ്പനങ്ങളും ശബ്ദങ്ങളും കാഴ്ച്ചകളും ഈ മോക്ക്അപ് വാഹനവും അനുകരിക്കും,. പേടകത്തിന്റെ പ്രധാന ഭാഗങ്ങളായ ഫ്‌ളൈറ്റ് ഡെക്കും മിഡ് ഡെക്കും ലോവർ ഡെക്കുമെല്ലാം അതുപോലെ ഇതിലുമുണ്ടാകും.

ഭ്രമണപഥത്തിൽ രണ്ട് പേടകങ്ങൾ തമ്മിൽ ഒന്നിച്ചുചേരുന്ന റെൻഡെവ്യൂ, പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളേയും ശേഖരിക്കുന്ന വിവരങ്ങളേയും നിയന്ത്രിക്കുന്ന പേലോഡ് ഓപ്പറേഷൻസ് എന്നിവയുടെ പരിശീലനത്തിന് ഫിക്‌സഡ് ബേസ് സിമുലേറ്ററും ഓൺ-ഓർബിറ്റ് ലബോറട്ടറിയുടെ് പരിശീലനത്തിന് ഫംഗ്ഷണൽ സ്‌പേസ് സ്റ്റേഷൻ സിമുലേറ്ററുമാണ് ഉപയോഗിക്കുന്നത്. ആദ്യ ദൗത്യത്തിന് മുമ്പ് ബഹിരാകാശ യാത്രികർ 300 മണിക്കൂറാണ് സിമുലേറ്ററുകളിൽ പരിശീലനം നേടുന്നത്.

സോണി കാർട്ടർ ട്രെയിനിംഗ് ഫെസിലിറ്റി

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ പൂളാണ് ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പെയ്‌സ് സെന്ററിലുള്ളത്. 6.2 മില്ല്യൺ ഗാലൻ വെള്ളമാണ് ഇതുൾക്കൊള്ളുന്നത്. 200 അടിയിൽ കൂടുതൽ നീളവും 40 അടി ആഴവുമുണ്ട്. ബഹിരാകാശ നിലയത്തിന്റെ അതേ അന്തരീക്ഷമുള്ള ഈ പൂളിലാണ്‌ ദൗത്യത്തിന് തയ്യാറെടുക്കുന്നവർ സ്‌പെയ്‌സ് വാക്ക് പരിശീലനം നടത്തുന്നത്. ബഹിരാകാശത്ത് നടക്കുന്ന ഓരോ മണിക്കൂറിനും ആനുപാതികമായി അവർ ഏകദേശം 10 മണിക്കൂറാണ് വെള്ളത്തിന്റെ അടിത്തട്ടിൽ ചെലവഴിക്കുന്നത്‌.

എയർക്രാഫ്റ്റ് ട്രെയ്‌നിങ്

പേടകം നിയന്ത്രിക്കുന്ന പൈലറ്റ് അസ്‌ട്രോനറ്റുകൾ ഗൾഫ്‌സ്ട്രീം ജെറ്റുകളിലാണ് പരിശീലനം നേടുക. ബഹിരാകാശ പേടകത്തിന്റെ അതേ ലാൻഡിങ്ങ് മാതൃകയിൽ പ്രത്യേകം തയ്യാറാക്കിയതാണ്. ഫ്‌ളൈറ്റ് ടെക്‌നിക്കുകൾ, കോക്പിറ്റ് മാനേജ്‌മെന്റ് എന്നിവ പഠിപ്പിക്കുന്ന ടി-38 ജെറ്റുകളിലാണ് ബഹിരാകാശ സഞ്ചാരികൾ പരിശീലനം നടത്തുക. ലാൻഡ് ചെയ്യുന്നതിന് മുമ്പ് ആയിരത്തിൽ അധികം തവണ പൈലറ്റുമാർ എയർക്രാഫ്റ്റ് അപ്രോച്ച് (ലാൻഡിങ്ങിനായി അടുക്കുന്ന ഘട്ടം) നടത്തും.