ചന്ദ്രനിൽ സ്ഥിരമായ താവളം നിർമിക്കുന്നതിനും അവിടെനിന്ന് ചൊവ്വയിലേക്ക് പോകുന്നതിനുമുള്ള അതിവേഗ പദ്ധതികളുമായ മുന്നേറുകയാണ് ശാസ്ത്രലോകം. ഇതുസംബന്ധിച്ച പദ്ധതികൾ നാസ പ്രഖ്യാപിച്ചു കഴിഞ്ഞു. മനുഷ്യനെ ഒന്നിലധികം ഗ്രഹങ്ങളിൽ ജീവിക്കുന്ന വിഭാഗമാക്കി മാറ്റുക എന്ന പദ്ധതിയുമായാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് മുന്നോട്ട് പോകുന്നത്.

To advertise here,

ഭൂമിക്ക് പുറത്ത് മനുഷ്യൻ എവിടെ, എങ്ങനെ താമസിക്കും എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതേക്കുറിച്ചുള്ള അക്കാദമിക് ഗവേഷണ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷു ശുക്ല . ഭാരതീയ ഹാബിറ്റബിൾ എക്‌സ്പാൻഡബിൾ എക്‌സ്ട്രാ ടെറസ്ട്രിയൽ ഹാബിറ്റാറ്റ് (ഭീം - BHEEM) എന്ന ആശയത്തിന്റെ വിശദാംശങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അലോക് ലാബിൽ വികസിപ്പിച്ചെടുത്ത പദ്ധതിയാണിത്.

റഷ്യയിൽ നിന്നുള്ള മടങ്ങിവരവിന് ശേഷം ബഹിരാകാശ യാത്രാ പരിശീലനത്തിന്റെ ഇന്ത്യൻ ഘട്ടത്തിൽ ശുക്ല നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ് ഈ പദ്ധതി ഉരുത്തിരിഞ്ഞത്. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യർക്ക് താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്ന അന്യഗ്രഹ വാസസ്ഥലങ്ങളിലും (extraterrestrial habitats) സാങ്കേതികവിദ്യകളിലുമാണ് അദ്ദേഹം അടക്കമുള്ളവരുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൂമിക്ക് പുറത്ത് നമ്മൾ എവിടെയാണ് ജീവിക്കുന്നത് എന്ന ലളിതമായ ചോദ്യം? ഭാവിയിലെ പര്യവേക്ഷണത്തിന്റെ അടിസ്ഥാന വെല്ലുവിളികളിൽ ഒന്നായി തുടരുന്നുവെന്ന് ശുക്ല പറയുന്നു. ഭൂമിക്കപ്പുറത്ത് സ്ഥിരതാമസമാക്കാൻ മനുഷ്യൻ തയ്യാറെടുക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.