ഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലേക്ക് നാസയിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ എത്തുമ്പോൾ പാലക്കാടിനും ഒറ്റപ്പാലത്തിനും അഭിമാനിക്കാം. ജനിച്ചത് അമേരിക്കയിലാണെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരനാണ് അനിൽ മേനോൻ. എട്ടുമാസം നീളുന്ന ദൗത്യത്തിനാണ് അനിൽമേനോൻ ഉൾപ്പെട്ട സംഘം കസാക്കിസ്താനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽനിന്ന് റഷ്യയുടെ സോയൂസ് എം.എസ്.-29 പേടകത്തിൽ ചൊവ്വാഴ്ച പുറപ്പെടുന്നത്. എട്ടുമാസത്തോളം അനിൽ ബഹിരാകാശത്തുണ്ടാകും.

To advertise here,

ബ്രിട്ടീഷ് ഇന്ത്യയിൽ അഡ്വക്കേറ്റ് ജനറലായ ആദ്യ ഇന്ത്യക്കാരനായ ചേറ്റൂർ ശങ്കരൻനായർ വൈസ്രോയിയുടെ കൗൺസിൽ അംഗമായിരിക്കെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു. ചേറ്റൂരിന്റെ മൂന്നാമത്തെ മകളാണ് കിഴക്കേപ്പാട്ട് പാലാട്ട് മാധവിയമ്മ. മാധവൻ അറത്തിൽ കാൻഡത്തിന്റെയും (എം.എ. കാൻഡത്ത്) മാധവിയമ്മയുടെയും രണ്ടാമത്തെ മകളാണ് കല്യാണിക്കുട്ടിയമ്മ. ഇവരുടെയും മങ്ങാട്ട് ഗോപാൽ മേനോന്റെയും മകനാണ് അനിൽ മേനോന്റെ അച്ഛൻ കിഴക്കേപ്പാട്ട് പാലാട്ട് ശങ്കരൻ മേനോൻ. യുക്രൈനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ലിസ സാമോലെങ്കോയാണ് അനിൽ മേനോന്റെ അമ്മ. ബഹിരാകാശ ശാസ്ത്രജ്ഞയായ അന്ന മേനോനാണ് (അന്ന വിൽഹെം) ഭാര്യ. പ്രണയത്തിനുശേഷം 2016-ൽ വിവാഹിതരായ ഇരുവർക്കും രണ്ട് മക്കളുണ്ട്. ജെയിംസും ഗ്രേസും.

അച്ഛമ്മയായ കല്യാണിക്കുട്ടിയമ്മയെ കാണാൻ അനിൽ മേനോൻ പാലക്കാട്ടെത്താറുണ്ടായിരുന്നു. 2024-ലാണ് അവസാനം വന്നത്. ആ വർഷം കല്യാണിക്കുട്ടിയമ്മ മരിച്ചു. അച്ഛൻ കെ.പി. ശങ്കരൻ മേനോൻ ഇപ്പോൾ അമേരിക്കയിലാണ്. ഇടയ്ക്ക് ഡൽഹിയിൽ വന്ന് താമസിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.