ചില പാട്ടുകള്‍ നിങ്ങള്‍ എന്നും മൂളുന്നതായിട്ടില്ലേ? ചില പാട്ടുകള്‍ വീണ്ടും വീണ്ടും നിങ്ങള്‍ കേള്‍ക്കാറില്ലേ? എന്തിനാണ് നിങ്ങള്‍ ടി.വി. ഷോയിലോ റേഡിയോ ഷോയിലോ പാട്ടുകള്‍ ആവശ്യപ്പെടുന്നത്? സംഗീതം ആനന്ദംനല്‍കുന്നു, സാമൂഹികബന്ധങ്ങള്‍ ഉറപ്പിച്ചെടുക്കുന്നു. മനുഷ്യസഹജമാണ് പാട്ട്. ലോകത്തെ മുഴുവന്‍ ഒന്നിച്ചുനിര്‍ത്താന്‍ അതിന് കഴിവുണ്ട്. പാട്ട് ആസ്വദിക്കാനുള്ള കഴിവ് നമ്മുടെ തലച്ചോറില്‍ 'ഹാഡ്വേര്‍' ചെയ്യപ്പെട്ടിരിക്കുന്നു. മാനസികവും വികാരപരവുമായ സിദ്ധികളെ പാട്ട് ഉണര്‍ത്തിനിര്‍ത്തുന്നു, ഉത്തേജിതരാക്കുന്നു. ഒരര്‍ഥവുമില്ലാത്ത, വെറും ചില ശബ്ദങ്ങള്‍ (സ്വരങ്ങള്‍-notes) ഒരുമിച്ചുവരുമ്പോള്‍ അതില്‍ ആകൃഷ്ടരാകുകയും സ്വയം മറക്കുകയും പരസ്പരസ്‌നേഹമുളവാക്കുകയുംചെയ്യുന്നു. അദ്ഭുതകരമാണിത്. എന്താണിതിന്റെ രഹസ്യം?

To advertise here,

പാട്ടും ന്യൂറോണും

ഈ വക ആവേശങ്ങള്‍ ഇല്ലാത്തവരുമുണ്ട്. പാട്ട് ആസ്വദിക്കാന്‍ അത്ര സാധിക്കാത്തവര്‍, ആനന്ദം അനുഭവിക്കാത്തവര്‍, കുറച്ചൊക്കെ ആസ്വദിക്കാന്‍ കഴിവുള്ളവര്‍... പലരിലും ഈ താത്പര്യം ഏറ്റക്കുറച്ചിലോടെ നിലനില്‍ക്കുന്നു. എന്താണ് ഇതിന്റെ ആധാരമെന്ന് ഇതുവരെ ആര്‍ക്കും പിടിയില്ലായിരുന്നു. പാട്ട് ഉള്ളില്‍ത്തട്ടുന്നതിന്റെയും അതില്‍നിന്ന് വികാരംകൊള്ളുന്നതിന്റെയും അളവ് പലരിലും പലതാണ്. മനുഷ്യരുടെ സംഗീതാത്മകതയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ ഇക്കാര്യം വഴിതെളിച്ചു. കൂടുതല്‍ ഗവേഷണങ്ങള്‍ ഈ വഴിയില്‍ മുന്നേറി. വ്യക്തിപരമായ വ്യത്യാസങ്ങള്‍ക്ക് തലച്ചോര്‍ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞു. പാട്ടുപഠിക്കാന്‍ ഒട്ടും പറ്റാത്തവര്‍, സ്വരങ്ങളുടെ വിന്യാസം ഒട്ടും മനസ്സിലാക്കാന്‍ പറ്റാത്തവര്‍- ഇവരുടെയൊക്കെ ന്യൂറോണ്‍ വലയങ്ങളില്‍ വ്യത്യാസമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു.

സംഗീതം ആസ്വദിക്കുന്നതില്‍ പരാജയം സംഭവിക്കുന്നവരുടെ തലച്ചോറിന്റെ ഉപരിതല അടരായ കോര്‍ടെക്‌സ്, അതിനുതാഴെയുള്ള സബ് കോര്‍ടെക്‌സ് -ഇവ തമ്മിലുള്ള ബന്ധങ്ങളുടെ വിന്യാസങ്ങള്‍ക്കും വ്യത്യാസമുണ്ടെന്ന് അറിഞ്ഞു. കൂടാതെ താളംപിടിക്കാന്‍ അറിയാത്തവര്‍, ഒരു മെലഡി ഓര്‍മ്മിക്കാന്‍ പറ്റാത്തവര്‍ -ഇവര്‍ക്കൊക്കെ ജനിതകമായ വ്യത്യാസങ്ങളുണ്ടെന്നും അനുമാനിക്കപ്പെട്ടു. എന്നുവെച്ചാല്‍ നല്ല ആസ്വാദകരുടെ കുടുംബത്തില്‍ പിറക്കണമെന്ന്! പാരമ്പര്യമായി ലഭിക്കുന്ന ഈ കഴിവിന് ആധാരമാകുന്നത് ജീനുകളെങ്കിലും തെളിവുകള്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ ഈയിടെവരെ നമുക്ക് അജ്ഞാതമായിരുന്നു ഈ സിദ്ധിയുടെയും ഇതിലെ വ്യത്യാസങ്ങളുടെയും പിന്നിലുള്ള രഹസ്യം.

ജീനുകളില്‍ സംഗീതം

ഇക്കാര്യത്തില്‍ നെതര്‍ലാന്‍ഡ്സിലെ മാക്‌സ്പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോലിംഗ്വിസ്റ്റിക്‌സ് (Psycholinguistics) ശാസ്ത്രജ്ഞനായ Giacomo Bignardibpw കൂട്ടരും സംഗീതാസ്വാദനത്തിന്റെ ജനിതകവിശദീകരണവുമായി എത്തിയിരിക്കയാണ്. 9000 ഇരട്ടകളാണ് പഠനവിധേയരായത്. 4000 സമാന ഇരട്ടകളും (identical twins) 5600 അസമാന(non identical) ഇരട്ടകളും. ഇതില്‍ സമാന ഇരട്ടകള്‍ക്ക് ഒരേ ജീനോമാണെങ്കില്‍ (മുഴുവന്‍ ജീനുകളുടെയും ആകത്തുക) അസമാന ഇരട്ടകള്‍ക്ക് പകുതി ജീനോംമാത്രമേ ഒരുപോലെയുള്ളൂ. ഒരേ വീട്ടില്‍, ഒരേ സാഹചര്യത്തില്‍ വളര്‍ന്നവരാണ് ഇവരെല്ലാം., ജനിതകത്തില്‍മാത്രമേ വ്യത്യാസമുള്ളൂ അസമാന ഇരട്ടകള്‍ക്ക്.

ഇവരെയെല്ലാം എത്രമാത്രം സംഗീതാസ്വാദനശേഷിയുള്ളവരാണെന്ന് നിര്‍ണയിക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. പിന്നീട് വിശദമായ സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനങ്ങള്‍-ജനിതകപശ്ചാത്തലത്തിന്റെയും ചുറ്റുപാടില്‍നിന്നുള്ള സ്വാധീനങ്ങളുടെയും പങ്ക്-ഇതോടൊപ്പം ചേര്‍ത്ത് ആസ്വാദനമികവ് ഇവരിലെല്ലാം എങ്ങനെ വര്‍ത്തിക്കുന്നുവെന്ന് കണക്കാക്കി. സമാന ഇരട്ടകളിലെല്ലാം ഒരുപോലെയും അസമാന ഇരട്ടകളില്‍ വ്യത്യസ്തമായും സംഗീതാസ്വാദനപരതയും അതില്‍നിന്ന് ആഹ്‌ളാദം കൈക്കൊള്ളുന്നതിന്റെ തോതും കാണപ്പെട്ടു. ജനിതകപരമായ അടിസ്ഥാനങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടു. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ എന്തായാലും ഉള്ളില്‍ സംഗീതാസ്വാദനത്തിന്റെ ജീനുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമത്രേ! പാട്ടുഭ്രാന്തര്‍ അറിയുക, നിങ്ങള്‍ക്ക് ആ സ്വഭാവം കുടുംബസ്വത്തായി ലഭിച്ചതാണ്. നിങ്ങളുടെ മകനോ മകളോ സദാസമയവും ഇയര്‍ഫോണും ചെവിയില്‍ത്തിരുകി പാട്ടിനൊപ്പിച്ച് ശരീരവും കുലുക്കിയിരുന്നാല്‍ അവരെ കുറ്റം പറയേണ്ട. നിങ്ങളില്‍നിന്ന് ലഭിച്ച ജീനുകളാണ് ഇത് ചെയ്യിക്കുന്നത്.

placeholder
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

പാട്ടില്‍ തരളിതമാകുന്ന ഹൃദയം നിങ്ങള്‍ക്കുണ്ടെങ്കിലും സംഗീതത്തെക്കുറിച്ച് വലിയ അറിവൊന്നും വേണമെന്നില്ല. നിങ്ങള്‍ക്ക് പാടാനോ ഒരു വാദ്യം കൈകാര്യം ചെയ്യാനോ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷേ, പാട്ടുകേട്ടേ തീരൂ. ഇതും ശാസ്ത്രവിശകലനങ്ങള്‍ വിദിതമാക്കിയതാണ്, ഇതേ ഇരട്ടകളില്‍. സംഗീതത്തിലെ-പാടാനും സ്വരങ്ങള്‍ തിരിച്ചറിയാനുമുള്ള കഴിവ്-പാടവം ജനിതകപരമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ചില കുഞ്ഞുങ്ങള്‍ പെട്ടെന്ന് ഓരോ രാഗങ്ങളും തിരിച്ചറിയുന്നത് നമ്മള്‍ വാര്‍ത്തകളില്‍ കാണാറുണ്ട്. ഒരേയൊരു സ്വരം (absolute pitch)മാത്രം കേള്‍പ്പിച്ചാല്‍ അത് നിജപ്പെടുത്തി തിരിച്ചറിയാന്‍ കഴിയുന്നത് ചില ജീനുകള്‍ ഉപാധിയാകുന്നതുകൊണ്ടാണ്. ഡോ. ബിഗ് നാര്‍ഡിയും കൂട്ടുകാരും ഈ ജനിതക നിശ്ചയങ്ങളൊക്കെ മേല്‍പ്പറഞ്ഞ ഇരട്ടകളില്‍ വിശദമായി നിരീക്ഷിച്ചു. സ്വരങ്ങളോ ഈണങ്ങളോ താളവിന്യാസങ്ങളിലെ വ്യത്യാസങ്ങളോ അറിയാനുള്ള കഴിവും സംഗീതം ആസ്വദിച്ച് പുളകിതരാകാനുള്ള കഴിവും തമ്മില്‍ ബന്ധമില്ല എന്നു തെളിഞ്ഞു. നിങ്ങള്‍ക്ക് സംഗീതത്തെക്കുറിച്ച് ഒരു ചുക്കും അറിയേണ്ടതില്ല, മുടിഞ്ഞ സംഗീതഭ്രാന്തരാകാന്‍ എന്ന് സാരം. സംഗീതജ്ഞാനത്തിന്റെയും സ്വതവേ പാടാനോ ഒരു ഉപകരണം കൈകാര്യം ചെയ്യാനോ ഉള്ളതിന്റെയും ജീനുകളും ആസ്വാദനശേഷി ഉളവാക്കുന്ന ജീനുകളും പരസ്പരബന്ധമില്ലാതെ രണ്ടായി വര്‍ത്തിക്കുന്നു നമ്മളില്‍.

ഇത് വലിയൊരു തിരിച്ചറിവാണ് സമ്മാനിക്കുന്നത്. സംഗീതപാടവം ജനിതകപരമാണെന്ന് സമ്മതിക്കാം. പക്ഷേ, അതില്‍നിന്ന് വേറിട്ട് മറ്റൊരു ജനിതകസവിശേഷത പാട്ടാസ്വദിക്കാനും അതില്‍നിന്ന് ആഹ്‌ളാദംകൊള്ളാനും പരിണാമം നീക്കിവെച്ചിരിക്കുന്നു എന്നത് വിസ്മയകരമാണ്. ചിലര്‍ പാട്ടിലോ ഉപകരണസംഗീതത്തിലോ വാദ്യങ്ങളിലോ ഉന്മത്തരാകുന്നതും മറ്റുചിലരില്‍ അത്ര ചലനങ്ങള്‍ ഉളവാക്കാത്തതിന്റെയും കാരണങ്ങള്‍ വ്യക്തമായിരിക്കുന്നു എന്നുമാത്രമല്ല, മനുഷ്യരുടെ പെരുമാറ്റങ്ങളും സ്വഭാവസവിശേഷതകളും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന അറിവും ഈ പഠനങ്ങളുടെ പ്രതിഫലനശക്തിതന്നെ. സംഗീതാസ്വാദനശേഷിയുടെ ജനിതകപഠനങ്ങള്‍ കൂടുതല്‍ ആവശ്യമായി വന്നിരിക്കയാണ്.

ശാസ്ത്രജ്ഞര്‍ അരസികരെന്ന് ആരുപറഞ്ഞു?

സംഗീതം മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കുന്ന ഒരു ബാഹ്യപ്രതിഭാസമാണ്. ചില സ്വരങ്ങളുടെ കൂട്ടായ്മയില്‍ മനുഷ്യര്‍ ആകൃഷ്ടരാകുന്നു, അതില്‍നിന്ന് ആഹ്‌ളാദമുളവാകുന്നു. അതിന് സമൂഹത്തെയോ ഒരുകൂട്ടം ആള്‍ക്കാരെയോ ഒന്നിച്ചുനിര്‍ത്താന്‍ ശേഷിയുള്ളതാകുന്നു എന്നതൊക്കെ പരിണാമം അതിജീവനത്തിനായി മെനഞ്ഞെടുത്തതായിരിക്കണം. അത് ജനിതകമായി അടുത്ത തലമുറയിലേക്കും വ്യാപിപ്പിക്കുന്നുണ്ട് എന്നത് അദ്ഭുതാവഹംതന്നെ. മനുഷ്യസംസ്‌കാര പരിണാമത്തിലും സംഗീതത്തിന്റെ സ്വാധീനം വളരെ വ്യക്തമാണ്. സംഗീതം പുറപ്പെടുവിക്കാന്‍ കഴിയുന്നതുപോലെ അത് ആസ്വദിക്കാന്‍ കഴിയുന്നതും ജനിതകമായി തീരുമാനിക്കപ്പെടുന്നു. ഇത് തലച്ചോറിലെ ന്യൂറോണ്‍ വലയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും അനുഭൂതികളായി മാറ്റപ്പെടുകയും ചെയ്യുന്നു. ജനിതകം, ന്യൂറോശാസ്ത്രം വ്യക്തി/സമൂഹപെരുമാറ്റം ഇവയെല്ലാം ഒന്നിച്ചുചേരുന്ന അദ്ഭുതപ്രതിഭാസം സംജാതമാകുകയാണ്. ശാസ്ത്രജ്ഞര്‍ അരസികരാണെന്ന് ആരുപറഞ്ഞു?

(യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റായ ലേഖകന്‍ ഷിക്കാഗോയിലെ ട്രൈറ്റണ്‍ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്)