ത്ഭുതങ്ങളുടെ കലവറയാണ് ഈ പ്രപഞ്ചം. മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളുമുള്ള ഭൂമിയും വ്യത്യസ്ത രൂപഭാവങ്ങളും സ്വഭാവ സവിശേഷതകളുള്ള സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന മറ്റ് ഗാലക്‌സികളും നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും അങ്ങനെ പോകുന്നു അത്ഭുതങ്ങള്‍. 

To advertise here,

ഇത്രയും കാലം ഭൂമിയ്ക്ക് ഒരു സ്വാഭാവിക ഉപഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് ചന്ദ്രന്‍. എന്നാല്‍ ഇന്ന് മുതല്‍ ഒരു അത്ഭുത പ്രതിഭാസത്തിന് ആരംഭംകുറിയ്ക്കുകയാണ്. ഭൂമിയ്ക്ക് താല്‍ക്കാലികമായി മറ്റൊരു ചന്ദ്രനെ കൂടിക്കിട്ടുന്നു, ഒരു 'കുഞ്ഞന്‍ ചന്ദ്രന്‍'. 

മിനി മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. നിശ്ചിത കാലത്തേക്ക് ചന്ദ്രനെ പോലെ തന്നെ ഈ ബഹിരാകാശ വസ്തുവും ഭൂമിയെ വലം വെക്കും. ഭൂമിയെ വലംവെക്കുന്ന ചെറിയ ബഹിരാകാശ വസ്തുക്കളെയാണ് മിനി മൂണ്‍ എന്ന് വിളിക്കുന്നത്. 

2024 പിടി5 എന്ന ഛിന്നഗ്രഹമാണ് മിനി മൂണ്‍ ആയി മാറുക. ശൂന്യതയിലൂടെയുള്ള സഞ്ചാരത്തിനിടെ ഈ ഛിന്നഗ്രഹം താല്‍കാലികമായി ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹമായി മാറും. സഞ്ചാരത്തിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തിലകപ്പെടുന്ന ഛിന്നഗ്രഹം ഭൂമിയെ ചുറ്റുന്ന ഒരു ഭ്രമണ പഥത്തിലേക്ക് മാറുകയും ചെയ്യും. 55 ദിവസത്തോളം ഭൂമിയെ ചുറ്റുന്ന ഛിന്നഗ്രഹം പിന്നീട് വഴിമാറി സഞ്ചാരം തുടരും. 

ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് അപൂര്‍വമാണ്. സാധാരണ ഛിന്നഗ്രഹങ്ങള്‍ ആകര്‍ഷണ വലയത്തില്‍ അകപ്പെടാതെ തെന്നിമാറിപ്പോവുകയോ ആകര്‍ഷണ വലയത്തില്‍ അകപ്പെട്ട് അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരുകയോ ചെയ്യാറാണ് പതിവ്.  

ഓഗസ്റ്റ് ഏഴിന് ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്ട് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം ഉപയോഗിച്ചാണ് 2024 പിടി5 നെ കണ്ടെത്തിയത്. അര്‍ജുന ആസ്റ്ററോയ്ഡ് ബെല്‍റ്റില്‍ നിന്നാണ് ഇത് വരുന്നതെന്നാണ് കരുതുന്നത്. കേവലം 10 മീറ്റര്‍ മാത്രമാണ് ഇതിന്റെ വ്യാസം. വളരെ ചെറുതായതിനാല്‍ ഇതിനെ കാണാന്‍ പ്രത്യേക ദൂരദര്‍ശിനികള്‍ ഉപയോഗിക്കേണ്ടിവരും.

താല്‍കാലികമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ മിനി മൂണ്‍ അല്ല ഇത്. ഇടയ്ക്കിടെ ഇത് സംഭവിക്കാറുണ്ട്. എന്തായാലും ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്ന ഗവേഷകര്‍ക്ക് ഭൂമിയെ ചുറ്റുന്ന 2024 പിടി5 നെ പഠിക്കാന്‍ കൂടുതല്‍ എളുപ്പമാവും.