ഭൂമിയിൽ മഴ പെയ്യുന്നത് വെള്ളത്തുള്ളികൾ ആകാശത്തുനിന്ന് താഴോട്ട് വീഴുമ്പോഴാണ്. എന്നാൽ നമ്മുടെ അയൽക്കാരനായ ശുക്രനിൽ പെയ്യുന്നത് വെള്ളമല്ല, സൾഫ്യൂരിക് ആസിഡ് എന്ന ഒരുതരം ആസിഡാണ്. ഇതെങ്ങനെയാണെന്ന് പറഞ്ഞുതരാം.

To advertise here,

ഭൂമിയെക്കാൾ സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് ശുക്രനിൽ ചൂട് വളരെ കൂടുതലാണ്. ഈ ചൂടുകാരണം ശുക്രനിൽ വെള്ളം ദ്രാവകരൂപത്തിൽ നിലനിൽക്കില്ല. എല്ലാം ആവിയായി പോകും. ശുക്രന്റെ അന്തരീക്ഷം നിറയെ കട്ടിയുള്ള മേഘങ്ങളുണ്ട്. ഈ മേഘങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് കൂടുതലും കാർബൺഡയോക്സൈഡ് കൊണ്ടാണ്. ഇതിനിടയിൽ സൾഫർഡയോക്സൈഡ് എന്ന വാതകവും ധാരാളമായുണ്ട്. ശുക്രന്റെ അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ് വാതകം സൂര്യപ്രകാശവും മറ്റ് രാസവസ്തുക്കളുമായി ചേരുമ്പോൾ സൾഫ്യൂരിക് ആസിഡ് ഉണ്ടാകുന്നു.

ഈ സൾഫ്യൂരിക് ആസിഡ് തുള്ളികളായി മേഘങ്ങളിൽ നിറയും. ഈ തുള്ളികൾക്ക് ഭാരം കൂടുമ്പോൾ, അവ താഴേക്ക് മഴയായി പെയ്യാൻ തുടങ്ങും.

മഴ താഴെയെത്തുന്നില്ല!
ഈ ആസിഡ് മഴയ്ക്ക് നമ്മുടെ ഭൂമിയിൽ വെള്ളം താഴെയെത്തുന്നതുപോലെ ശുക്രന്റെ ഉപരിതലത്തിൽ എത്താൻ കഴിയില്ല! എന്താണെന്നോ? ശുക്രന്റെ ഉപരിതലത്തിൽ ഭയങ്കര ചൂടായതുകൊണ്ട്, ആസിഡ് തുള്ളികൾ താഴെയെത്തുംമുൻപേ ആവിയായിപ്പോകും. അതുകൊണ്ട് ശുക്രന്റെ ഉപരിതലത്തിൽ ഈ ആസിഡ് മഴ എത്തുകയേയില്ല. ആസിഡ് താഴെയെത്തുന്നതിനുമുൻപ് ചൂടുകാരണം വീണ്ടും വാതകങ്ങളായി മാറും. ഈ വാതകങ്ങൾ വീണ്ടും മുകളിലേക്ക് ഉയർന്ന് പുതിയ മേഘങ്ങളെ ഉണ്ടാക്കും. അങ്ങനെ ഇത് തുടർച്ചയായി നടന്നുകൊണ്ടിരിക്കും.

സൾഫ്യൂരിക് ആസിഡ് നമ്മുടെ ശരീരത്തിൽ വീണാൽ പൊള്ളലേൽക്കും. പക്ഷേ, ശുക്രനിൽ ജീവന് നിലനിൽക്കാൻ പറ്റിയ സാഹചര്യമല്ല ഉള്ളത്. അത്രയേറെ ചൂടും ഈ ആസിഡ് നിറഞ്ഞ അന്തരീക്ഷവും കാരണം അവിടെ ജീവികൾക്ക് വളരാൻ സാധിക്കില്ല. അതിനാൽ ഈ ആസിഡ് മഴ ആർക്കും ഉപദ്രവകാരിയല്ല.