പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ നിലനിന്നിരുന്ന, ഭീമാകാരമായ 'ദിനോസർ നക്ഷത്രങ്ങളുടെ' ആദ്യ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ചാണ് ജ്യോതിശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ നടത്തിയത്. ഈ പ്രാചീന നക്ഷത്ര ഭീമന്മാർക്ക് സൂര്യന്റെ 10,000 മടങ്ങ് വരെ പിണ്ഡം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.

To advertise here,

ഭൂമിയിലെ ദിനോസറുകളെ പോലെ ഈ ഭീമൻ നക്ഷത്രങ്ങളും നമുക്ക് ചുറ്റിലുമില്ല. എന്നാൽ, ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിലുള്ളത് പോലെ ഈ പുരാതന നക്ഷത്രങ്ങൾ ബാക്കിവെച്ച കോസ്മിക് ഫോസിലുകളാണ് തമോഗർത്തങ്ങൾ. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഈ നക്ഷത്രങ്ങൾക്ക് ഇത്രയധികം പിണ്ഡ‍മുണ്ടായിരുന്നുവെന്ന കണ്ടെത്തൽ, തമോഗർത്തങ്ങൾ എങ്ങനെ ലക്ഷക്കണക്കിന് സൂര്യന്മാരുടെ പിണ്ഡത്തിന് തുല്യമായ സ്ഥിതിയിലേക്ക് വളർന്നുവെന്ന് പഠിക്കാൻ സഹായകമാവും.

ബിഗ് ബാങിന് ശേഷം 1.1 ബില്യൺ വർഷം മാത്രം പഴക്കമുള്ളതായി കാണപ്പെടുന്ന GS 3073 എന്ന ഗാലക്‌സിയുടെ രാസഘടന പഠിച്ചപ്പോഴാണ് ഈ അതിഭീമൻ നക്ഷത്രങ്ങളുടെ നിർണ്ണായകമായ ആദ്യ സൂചന ലഭിച്ചത്. ഏകദേശം 12.7 ബില്യൺ പ്രകാശവർഷം അകലെയാണ് ഈ ഗാലക്സി സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ നൈട്രജന്റേയും ഓക്സിജന്റേയും അളവിലുള്ള അസന്തുലിതാവസ്ഥയാണ് നിർണായക തെളിവായത്. GS 3073-ലെ നൈട്രജൻ-ഓക്സിജൻ അനുപാതം 0.46 ആണ്. ഇത് സാധാരണ നക്ഷത്രങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വലിയ അളവിലുള്ള നൈട്രജന്റെ സാന്നിധ്യം സൂര്യനെക്കാൾ ആയിരക്കണക്കിന് മടങ്ങ് ഭാരമുള്ള പ്രാചീന നക്ഷത്രങ്ങൾക്ക് മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇത് ആദ്യകാല ഗാലക്സികളുടെ രൂപീകരണത്തിന് സഹായിച്ച അതിഭീമൻ വസ്തുക്കൾ ആദ്യതലമുറ നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണെന്ന് ഗവേഷക സംഘാംഗമായ ദവേഷ് നന്ദാൽ പറഞ്ഞു.

ഈ ഭീമാകാരമായ നക്ഷത്രങ്ങളുടെ പരിണാമത്തെ കുറിച്ച് പഠിച്ചപ്പോൾ, അവയുടേ കേന്ദ്രത്തിൽ ഹീലിയം കത്തുകയും കാർബൺ ഉണ്ടാവുകയും ചെയ്യുമെന്ന് മനസിലാക്കി. ഈ കാർബൺ ഹൈഡ്രജൻ കത്തിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തിന്റെ പുറംഭാഗത്തേക്ക് 'ചോരുകയും' അവിടെ കാർബണും ഹൈഡ്രജനും ചേർന്ന് നൈട്രജൻ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തി. തുടർന്ന് ഈ നൈട്രജൻ സമ്പുഷ്ടമായ പദാർത്ഥം ബഹിരാകാശത്തേക്ക് വ്യാപിക്കുകയും ചുറ്റുമുള്ള വാതക പദാർഥങ്ങളെ സമ്പന്നമാക്കുകയും ചെയ്യുന്നുവെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു.

‍കോടിക്കണക്കിന് വർഷങ്ങളോളം ഈ പ്രക്രിയ തുടർന്നുകൊണ്ടിരുന്നു. അതായിരിക്കാം ജിഎസ്3073 യിലെ നൈട്രജൻ സമ്പന്നതയിലേക്ക് കാരണമായത്

ഈ ഭീമൻ നക്ഷത്രങ്ങൾ തങ്ങളുടെ ആയുസ്സൊടുവിൽ, സൂപ്പർനോവ സ്ഫോടനം ഇല്ലാതെ തന്നെ, നേരിട്ട് തമോഗർത്തങ്ങളായി (black holes) മാറുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ഈ പ്രതിഭാസം കാരണം, ഈ തമോഗർത്തങ്ങൾക്ക് സൂര്യന്റെ ആയിരക്കണക്കിന് ഇരട്ടി പിണ്ഡം നിലനിർത്താൻ സാധിക്കും. ഇത്തരത്തിൽ രൂപപ്പെടുന്ന തമോഗർത്തങ്ങൾ സൂപ്പർമാസ്സീവ് തമോഗർത്തങ്ങളുടെ വളർച്ചയ്ക്ക് ഒരു പ്രധാന തുടക്കം നൽകിയിരിക്കാം.‍

ഈ ഗവേഷണ പഠനം 'ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സി'ൽ നവംബറിൽ പ്രസിദ്ധീകരിച്ചു.