ചെറുവത്തൂർ: ഉടമയെ കണ്ടെത്തി നൽകാൻ സ്റ്റേഷനിലെ പാറാവ് മേശയിൽ സൂക്ഷിച്ച സ്മാർട്ട് ഫോൺ പോലീസുകാരൻ മോഷ്ടിച്ചു വിറ്റു. സംഭവത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നീർച്ചാലിലെ വൈ.ബൈജു(41)വിന്റെ പേരിൽ കേസെടുത്തു. ചന്തേര എസ്.ഐ. വിഷ്ണു എസ്.നായരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നിധിൻരാജിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.

To advertise here,

കളഞ്ഞുകിട്ടിയ സ്മാർട്ട് ഫോൺ മറുനാടൻ തൊഴിലാളിയാണ് പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത്. ഒക്ടോബർ എട്ടിനാണ് സ്റ്റേഷനുസമീപം താമസിക്കുന്ന മറുനാടൻ തൊഴിലാളി കളഞ്ഞുകിട്ടിയ 10,000 രൂപ വിലവരുന്ന ‘റെഡ്മി നോട്ട് 9 പ്രോ’ മൊബൈൽ ഫോൺ ജി.ഡി. ചാർജുണ്ടായിരുന്ന എ.എസ്.ഐ. ഹരീഷിന് കൈമാറിയത്. ഉടമയെ കണ്ടത്തി നൽകാനായി പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം മേശവലിപ്പിൽ സൂക്ഷിക്കുകയായിരുന്നു.

ഫോണിലെത്തിയ സന്ദേശത്തിലൂടെ രാമന്തളി സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞ് അവർക്ക് വിവരം നൽകി. അടുത്തദിവസം ഫോൺ കൈപ്പറ്റാനെത്തുമെന്ന് അവർ പോലീസിനെ അറിയിച്ചിരുന്നു.

ഒരാഴ്ച കഴിഞ്ഞാണ് ഉടമയുടെ മകൻ ഫോൺ കൈപ്പറ്റാൻ സ്റ്റേഷനിലെത്തിയത്. ഈ സമയത്താണ് മേശവലിപ്പിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്.

ഫോൺ കണ്ടെത്തിയശേഷം വിളിക്കാമെന്നറിയിച്ച് അദ്ദേഹത്തെ മടക്കിയയച്ചു.

തുടർന്ന് പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഫോൺ കാണാതായ വിവരം സന്ദേശമായിട്ടു. ഇതോടെയാണ് മൊബൈൽ ഫോൺ മോഷണം പോയതായി സ്റ്റേഷൻ ഓഫീസർ അറിഞ്ഞത്. പിന്നീട് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് ബദിയടുക്കയിലെ മുഹമ്മദ് ആരീസ് എന്ന മേൽവിലാസത്തിലുള്ള സിം കാർഡ് ഫോണിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ ബൈജുവെന്ന പോലീസുകാരനാണ് ഫോൺ തനിക്ക് വിറ്റതെന്ന് മൊഴിനൽകി.

ഇതോടെയാണ് 12-ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജുവാണ് ഫോൺ മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ബൈജു മേശയിൽനിന്ന്‌ മൊബൈൽ ഫോൺ എടുക്കുന്നതും സിംകാർഡ് പൊട്ടിച്ച് കളയുന്നതും സ്റ്റേഷനിലെ നിരീക്ഷണ ക്യാമറാ പരിശോധനയിൽ വ്യക്തമായി. ഇതേത്തുടർന്ന് എസ്.ഐ. വിഷ്ണു എസ്.നായർ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെയാണ് എസ്.സി.പി.ഒ. ബൈജുവിനെതിരേ കേസെടുത്തത്.

ബദിയഡുക്കയിൽ ജോലിചെയ്യുമ്പോൾ ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ചെന്ന കേസിൽ സസ്പെൻഷനിലായിരുന്ന ബൈജു ഒന്നരമാസം മുൻപാണ് ചന്തേരയിൽ തിരികെ ജോലിയിൽ പ്രവേശിച്ചത്.