വാവേയ് മേറ്റ് 80 സീരീസ് നവംബര്‍ 25 നാണ് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ലോഞ്ചിന് മുമ്പായി ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. നേരത്തെ ക്യാമറ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഫോണിലെ ബാറ്ററിയുമായി ബന്ധപ്പെട്ട ചില അതിശയകരമായ വിവരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

ഏറെ നേരം ഓഫീസിനും വീടിനും പുറത്ത് സമയം ചെലവഴിക്കുന്നവരേയും ഇടക്കിടെ ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തവരേയും ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ എത്തുന്നത്. അതായത് ചാര്‍ജ് ചെയ്യാതെ ദീര്‍ഘനേരം ബാറ്ററി ലഭിക്കുന്ന ഫോണ്‍ ആയിരിക്കും മേറ്റ് 80 സീരീസ്. ഇതിന് പുറമെ ടോപ്പ് എന്‍ഡ് മോഡലിന്റെ ഡിസ്‌പ്ലേയും കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും. ഈ മാസം ആദ്യമാണ് 6500 എംഎഎച്ച് ബാറ്ററിയുള്ള വാവേയ് മേറ്റ് 70 എയര്‍ കമ്പനി പുറത്തിറക്കിയത്.

മേറ്റ് 80 സീരീസിലെ പുതിയ ഔട്ട്‌ഡോര്‍ മോഡ്

ചൈനീസ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നതനുസരിച്ച്, മേറ്റ് 80 സീരീസില്‍ ഔട്ട്‌ഡോര്‍ മോഡ് എന്ന പേരില്‍ പുതിയൊരു ബാറ്ററി സേവിങ് ഫീച്ചറുണ്ടാവും. ഈ മോഡ് ഉപയോഗിച്ചാല്‍ ഫുള്‍ ചാര്‍ജുള്ള ഒരു ഫോണ്‍ 14 ദിവസം വരെ പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് വാവേയ് പറയുന്നത്. എതിരാളികളേക്കാള്‍ കൂടുതല്‍ ബാറ്ററി ലൈഫാണ് പുതിയ ഫോണില്‍ വാവേയ് വാഗ്ദാനം ചെയ്യുന്നത്. ഹൈക്കര്‍മാര്‍, പതിവ് യാത്രക്കാര്‍ ഉള്‍പ്പടെ ദീര്‍ഘനാളത്തേക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും.

നല്ല സൂര്യപ്രകാശത്തിലും തെളിച്ചമുള്ള സ്‌ക്രീന്‍ ആയിരിക്കും മേറ്റ് 80 സീരീസിനെന്നാണ് കമ്പനി പുറത്തുവിട്ട ടീസറില്‍ പറയുന്നത്. മേറ്റ് 80 സീരിസില്‍ 8000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ഉണ്ടാകുമെന്നാണ് ടിപ്പ്സ്റ്ററായ ഫിക്‌സ്ഡ ഫോക്കസ് ഡിജിറ്റല്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ബ്രൈറ്റ്‌നെസിന്റെ കാര്യത്തില്‍ ഓണര്‍ മാജിക് 8 പ്രോയുടെ 6000 നിറ്റ്‌സ് സ്‌ക്രീനിനേയും ഗാലക്‌സി എസ്25 ന്റെ 2600 നിറ്റ്‌സ് സ്‌ക്രീനിനേയും മറികടക്കുന്നതായിരിക്കും മേറ്റ് 80 സീരീസിന്റേ സ്‌ക്രീന്‍.

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഡ്യുവല്‍ ലെയര്‍ ഒഎല്‍ഇഡി പാനല്‍ ആയിരിക്കും മേറ്റ് 80 പ്രോ മാക്‌സിന്. ഇത് കൂടുതല്‍ ഗുണമേന്മയുള്ള ദൃശ്യങ്ങള്‍ സാധ്യമാക്കുന്നു. എങ്കിലും ഈ ഡിസ്‌പ്ലേ സവിശേഷതകള്‍ ഒന്നും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.