കേന്ദ്ര ഇടപെടലിനെത്തുടർന്ന് ശ്രദ്ധനേടിയ യൂസർനെയിം ഫീച്ചർ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് ഉപയോക്താക്കളിൽനിന്ന് ഉണ്ടാകാനിടയുള്ള ചോദ്യങ്ങൾക്കുള്ള വിശദമായ ഉത്തരങ്ങൾ (FAQs) പുറത്തിറക്കി മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ആൾമാറാട്ടം, ഓൺലൈൻ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് എന്നിവ വർധിപ്പിക്കാൻ ഇടയാക്കുമെന്ന ആശങ്കകളെക്കുറിച്ച് കേന്ദ്ര സർക്കാർ വാട്‌സ്ആപ്പിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണിത്.

To advertise here,

യൂസർനെയിം ഉപയോഗിക്കുക എന്നത് പൂർണമായും ഓപ്ഷണൽ ആയിരിക്കുമെന്നും അറിയപ്പെടുന്ന വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെസേജിങ് പ്ലാറ്റ്‌ഫോം അവകാശപ്പെടുന്നു.

വിഷയത്തിൽ സർക്കാർ കൂടിയാലോചനകൾ നടത്തുന്നത് പൂർത്തിയാകാതെ ഈ ഫീച്ചർ പുറത്തിറക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ വിശദീകരണം നൽകണമെന്നും വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോൺനമ്പറിൽ തുടരാം

ഉപയോക്താക്കൾ ഒരു യൂസർനെയിം സൃഷ്ടിക്കണം എന്നകാര്യത്തിൽ നിർബന്ധമില്ല. നിലവിലുള്ള ഫോൺ നമ്പർ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് ഉപയോഗിച്ച് തുടർന്നും വാട്‌സ്ആപ്പ് ഉപയോഗിക്കാം. ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേതുപോലെ യൂസർനെയിമുകൾ മറ്റുള്ളവർക്ക് സെർച്ച്‌ചെയ്ത് കണ്ടെത്താൻ കഴിയില്ല. അപരിചിതരിൽ അനാവശ്യമായി വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കാൻ കഴിയും. വാട്‌സ്ആപ്പിൽ ഒരു ഫോൺ നമ്പർ സെർച്ച് ചെയ്യാൻ കഴിയില്ല എന്നതുപോലെ യൂസർനെയിമും തിരയാൻ കഴിയില്ല. നിങ്ങളെ ആരെങ്കിലും അനാവാശ്യമായി ബന്ധപ്പെടുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം വാട്‌സ്ആപ്പിന് മാത്രമായി സവിശേഷമായ ഒരു യൂസർനെയിം തിരഞ്ഞെടുക്കുക എന്നതാണ്.

സ്വകാര്യത ഉറപ്പാക്കും

സ്വകാര്യത ഉറപ്പാക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു ഓപ്ഷണൽ 'യൂസർനെയിം കീ' അവതരിപ്പിക്കും. ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. യൂസർനെയിമും സെക്യൂരിറ്റി കീയും അറിയുന്ന ഒരാൾക്ക് മാത്രമേ അവരെ ബന്ധപ്പെടാൻ കഴിയൂ. യൂസർനെയിം കീ ഏത് സമയത്തും റീസെറ്റ് ചെയ്യാൻ സാധിക്കും.

ഒരിക്കലും ഇടപെട്ടിട്ടില്ലാത്ത ഒരാളിൽ നിന്ന് മെസേജ് ലഭിച്ചാലുടൻ വാട്‌സ്ആപ്പ് അധിക സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കും.

  • അയക്കുന്നയാളുടെ രാജ്യം.
  • അക്കൗണ്ട് പുതിയതായി സൃഷ്ടിച്ചതാണോ.
  • സ്വീകരിക്കുന്ന വ്യക്തിയും സന്ദേശം അയയ്ക്കുന്നയാളും ഏതെങ്കിലും പൊതു ഗ്രൂപ്പുകളിൽ ഉണ്ടോ.

എന്നീ വിവരങ്ങൾ വാട്‌സ്ആപ്പ് പ്രദർശിപ്പിക്കും

ആൾമാറാട്ടം തടയും

അറിയപ്പെടുന്ന യൂസർനെയിമുകളും അവയോട് സാമ്യമുള്ളവയും പ്രശസ്ത വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവയ്ക്കായി മാറ്റിവെക്കും. ആർക്കും ജനപ്രിയ യൂസർനെയിമുകൾ റിസർവ് ചെയ്യാൻ കഴിയുമെന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.

ഈ വർഷം അവസാനം പുറത്തിറക്കാൻ നീക്കം

ഈ ഫീച്ചറിന്റെ ലോഞ്ചിന് മുമ്പുതന്നെ യൂസർനെയിം റിസർവേഷനുകൾ ആരംഭിച്ചുവെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഈ വർഷം അവസാനം ലോകമെമ്പാടും പുറത്തിറക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ആരായുന്നതിന്റെ ഭാഗമായാണിത് എന്നാണ് വിശദീകരണം.