ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന പുതിയ 'യൂസർനെയിം' (username) ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഫീച്ചറിന്റെ നേട്ടത്തേക്കാളുപരി അതിന്റെ ദുരുപയോഗ സാധ്യതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഈ നീക്കം. 

To advertise here,

യൂസർനെയിം സംവിധാനം  അവതരിപ്പിക്കാനുള്ള വാട്സാപ്പിന്റെ നീക്കം ഇന്ത്യയിൽ വൻ തട്ടിപ്പുകൾക്ക് വഴിവെച്ചേക്കാമെന്ന് പ്രമുഖ സംരംഭകനായ അങ്കുർ വരിക്കുവും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിന് ഇത്തരം ഒരു മറുവശമുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചു.

വാട്സ്ആപ്പ് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇതൊരു വലിയ ദുരന്തമായി മാറുമെന്ന് അങ്കുർ വരിക്കു എക്സിൽ കുറിച്ചു. പ്രമുഖ വ്യക്തികളുടെ പേരുകൾക്ക് സമാനമായ യൂസർനെയിമുകൾ (ഉദാഹരണത്തിന്: warikoo, awarikoo, ankur_warikoo തുടങ്ങിയവ) നിർമ്മിച്ച് ആളുകളിൽ നിന്ന് പണം തട്ടാനും വ്യാജ ഗ്രൂപ്പുകളിലേക്ക് ചേർക്കാനും തട്ടിപ്പുകാർക്ക് ഇതിലൂടെ എളുപ്പം സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ മുഖം ഉപയോഗിച്ച് ആളുകളെ നിക്ഷേപ ഗ്രൂപ്പുകളിലേക്ക് ആകർഷിക്കുന്നതിനായി നിർമ്മിച്ച വ്യാജ എഐ പരസ്യങ്ങൾക്കെതിരെ മെറ്റയുമായി മുമ്പ് നിയമപോരാട്ടം നടത്തിയിട്ടുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.

 

പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയും സമാനമായ ആശങ്കയാണ് പങ്കുവെച്ചത്. വാട്സ്ആപ്പിൽ വെരിഫൈഡ് അക്കൗണ്ടുകൾക്ക് പുറമെ, കാഴ്ച്ചയിൽ സാമ്യമുള്ള ഒട്ടേറെ അൺവെരിഫൈഡ് അക്കൗണ്ടുകളും വ്യാപകമാകാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ പലപ്പോഴും വെരിഫിക്കേഷൻ ചിഹ്നങ്ങൾ കൃത്യമായി ശ്രദ്ധിക്കാത്തത് ഇത്തരം വ്യാജ അക്കൗണ്ടുകൾക്ക് ആളുകളെ കബളിപ്പിക്കുന്നത് എളുപ്പമാക്കും. തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുന്നതിൽ മെറ്റയുടെ മുൻകാല വീഴ്ചകളെ ചൂണ്ടിക്കാട്ടി യൂട്യൂബർ ധ്രുവ് റാഠിയും ഈ പുതിയ അപ്‌ഡേറ്റിനെ വിമർശിച്ചു.

ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താൻ കഴിയുന്നത് സ്വകാര്യതയുടെ കാര്യത്തിൽ വലിയൊരു നേട്ടമാണെങ്കിലും, ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങളും തട്ടിപ്പുകൾ തടയാനുള്ള ടൂളുകളും (anti-abuse systems) ഇല്ലെങ്കിൽ ഈ ഫീച്ചർ തട്ടിപ്പുകാരുടെ താവളമായി മാറുമെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് തങ്ങളുടെ യൂസർനെയിമുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം മെറ്റ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.

യൂസർനെയിം സംവിധാനം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് കേന്ദ്ര നിർദേശം

വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ യൂസർ നെയിം സംവിധാനം നടപ്പാക്കുന്നതിനെതിരെ മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചു. വിഷയത്തിൽ കൂടിയാലോചനകൾ പൂർ‍ത്തിയാകുന്നതുവരെ ഫീച്ചർ ഇന്ത്യയിൽ നിർത്തിവെക്കണമെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ മാത്രം 50 കോടിയിലധികം ഉപഭോക്താക്കളുള്ള വാട്സാപ്പിന്റെ ഈ പുതിയ സംവിധാനം രാജ്യസുരക്ഷയേയും പൊതുജന സുരക്ഷയേയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.