വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറിലൂടെ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുന്നത് കൂടുതൽ എളുപ്പമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നിലവിൽ ഫോട്ടോയിലോ വീഡിയോയിലോ ലൊക്കേഷൻ സ്റ്റിക്കർ ചേർത്താണ് ഉപയോക്താക്കൾക്ക് സ്റ്റാറ്റസിലൂടെ തങ്ങളുടെ ലൊക്കേഷൻ പങ്കുവെക്കാൻ കഴിയുന്നത്. ഇതിനായി ആദ്യം ഒരു പശ്ചാത്തല ചിത്രം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പരിമിതി ഒഴിവാക്കി സ്റ്റാറ്റസ് ക്രിയേറ്ററിൽ പ്രത്യേക ലൊക്കേഷൻ ഓപ്ഷൻ ഉൾപ്പെടുത്താനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.

To advertise here,

വാട്സാപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ലഭ്യമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.8-ലാണ് ഈ ഫീച്ചർ കണ്ടെത്തിയത്.

സ്റ്റാറ്റസ് ക്രിയേറ്ററിൽ പ്രത്യേക ലൊക്കേഷൻ ഓപ്ഷൻ ഉൾപ്പെടുത്തുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കാതെ തന്നെ ഉപയോക്താക്കൾക്ക് നേരിട്ട് തങ്ങളുടെ ലൊക്കേഷൻ സ്റ്റാറ്റസായി പങ്കുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള ലൊക്കേഷൻ സ്റ്റിക്കറിൽനിന്ന് വ്യത്യസ്തമായി, പുതിയ ഫീച്ചറിൽ തിരഞ്ഞെടുത്ത സ്ഥലം സ്റ്റാറ്റസിനുള്ളിൽ ഒരു മാപ്പ് കാർഡായിട്ടായിരിക്കും പ്രത്യക്ഷപ്പെടുക. ലൊക്കേഷൻ അടയാളപ്പെടുത്തുന്ന പച്ച പിൻ ഉൾപ്പെടുന്ന മാപ്പ്, സ്ഥലത്തിന്റെ പേര്, പൂർണമായ വിലാസം എന്നിവയും ഇതിൽ കാണിക്കും. ഉപകരണത്തിന്റെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ വാട്‌സ്ആപ്പിന് അനുമതി നൽകിയാൽ ഉപയോക്താവിന്റെ നിലവിലെ സ്ഥലം സ്വയമേവ പ്രദർശിപ്പിക്കും. കോൺടാക്ടിലുള്ളവർ ഈ സ്റ്റാറ്റസ് കാണുമ്പോൾ സ്ക്രീനിന്റെ മുകൾഭാഗത്തുള്ള ലൊക്കേഷൻ ഓപ്ഷനിൽ ടാപ്പ് ചെയ്ത് പങ്കുവെച്ച സ്ഥലം കാണാൻ കഴിയും.

നിലവിൽ ആൻഡ്രോയിഡ് പതിപ്പിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമായിട്ടില്ല. ഫീച്ചർ എല്ലാവർക്കുമായി എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിലും വാട്‌സ്ആപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.