ഇന്ത്യന്‍ യാത്രികന്‍ ശുഭാംശു ശുക്ലയെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം-4 ബഹിരാകാശ പേടകം സാന്‍ ഡിയേഗോ തീരത്ത് കടലില്‍ പതിക്കുന്നതിന് മുന്‍പ് ഭൗമാന്തരീക്ഷത്തിലൂടെ കത്തിയിറങ്ങുന്നതിന്റെ അമ്പരപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്. ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സ്‌കോട്ടിഷ്-അമേരിക്കന്‍  യൂട്യൂബര്‍ സ്‌കോട്ട് മാന്‍ലിയാണ് വീഡിയോ പുറത്തുവിട്ടതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുചെയ്യുന്നു.

To advertise here,

ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികളുമായി ഡ്രാഗണ്‍ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് സുരക്ഷിതമായി പുനഃപ്രവേശിച്ച് വിജയകരമായി കടലില്‍ പതിച്ചുവെന്ന് സ്‌പേസ്എക്‌സ് സ്ഥിരീകരിച്ചിരുന്നു. കാലിഫോര്‍ണിയന്‍ തീരത്ത് ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി പതിച്ച പേടകത്തില്‍നിന്ന് യാത്രികരെ വീണ്ടെടുക്കുന്നതിനായി രക്ഷാ ബോട്ടുകള്‍ പാഞ്ഞെത്തുന്നതിന്റെയും മെഡിക്കല്‍ സംഘം ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ പുനഃപ്രവേശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികം പുറത്തുവന്നിരുന്നില്ല. അതുകൊണ്ടാണ് സ്‌കോട്ട് മാന്‍ലി പുറത്തുവിട്ട വീഡിയോ എല്ലാവരെയും അമ്പരപ്പിച്ചത്.

അതിനിടെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശുഭാംശു ശുക്ല ബുധനാഴ്ച തന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വൈകാരിക ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹൂസ്റ്റണില്‍ ക്വാറന്റീനിലായിരുന്ന ശുഭാംശു ഭാര്യ കാംന ശുക്ലയെയും ആറ് വയസുകാരനായ മകന്‍ കിയാഷിനെയും ആലിംഗനം ചെയ്യുന്ന ചിത്രങ്ങലാണ് പുറത്തുവന്നുത്. ജൂണ്‍ 25-ന് ആക്‌സിയം വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതുമുതല്‍ ശുഭാംശുവിന്റെ ഭാര്യ കാംന യു.എസിലുണ്ട്.

ഈ അവിശ്വസനീയമായ യാത്രയ്ക്കുശേഷം വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതുതന്നെ ഞങ്ങള്‍ക്ക് ഒരു ആഘോഷമാണെന്ന് കാംന ഹൂസ്റ്റണില്‍ നിന്ന് പിടിഐയോട് പറഞ്ഞിരുന്നു. ബഹിരാകാശത്ത് ആയിരുന്നപ്പോള്‍ വീട്ടിലെ ഭക്ഷണം അദ്ദേഹം എത്രമാത്രം മിസ് ചെയ്തിട്ടുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് നിലവില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചില വിഭവങ്ങള്‍ തയ്യാറാക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.