ഒറ്റപ്പാലംകാർ അഭിമാനത്തോടെ പറയുന്ന കുറച്ചുപേരുകളുണ്ട്. ലോകത്തെവിടെപ്പോയാലും അവർക്ക് കരുത്താവുന്ന ചിലർ. ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ അഡ്വക്കേറ്റ് ജനറൽ ചേറ്റൂർ ശങ്കരൻനായർ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി കെ.പി.എസ്. മേനോൻ, നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സർദാർ വല്ലഭ്ഭായ് പട്ടേലിനൊപ്പം പ്രവർത്തിച്ച വി.പി. മേനോൻ തുടങ്ങിയവർ. ആ പട്ടികയിലേക്ക് മഹത്തായൊരു കൂട്ടിച്ചേർക്കൽകൂടി- അനിൽമേനോൻ.
ചൊവ്വാഴ്ച സോയൂസ് എം.എസ്.-29 പേടകം ബഹിരാകാശത്തെത്തുമ്പോൾ ഒറ്റപ്പാലത്തുകാർ അഭിമാനത്തോടെ പറയും: “ദാ അങ്ങ് ബഹിരാകാശത്തുമുണ്ട് ഞങ്ങൾക്കൊരാൾ.’’ നാടിന് അഭിമാനത്തിന്റെ പൊൻതൂവൽ ചാർത്തുന്ന ആ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാരൊന്നടങ്കം. ചേറ്റൂർ ശങ്കരൻനായരുടെ ചെറുമകളുടെ ചെറുമകനാണ് അനിൽമേനോൻ. ചേറ്റൂരിന്റെ മൂന്നാമത്തെ മകളാണ് കിഴക്കേപ്പാട്ട് പാലാട്ട് മാധവി അമ്മ. മാധവൻ അറത്തിൽ കാൻഡത്തിന്റെയും (എം.എ. കാൻഡത്ത്) മാധവി അമ്മയുടെയും രണ്ടാമത്തെ മകളാണ് കല്യാണിക്കുട്ടി അമ്മ. മങ്ങാട്ട് ഗോപാൽ മേനോന്റെയും കല്യാണിക്കുട്ടിഅമ്മയുടേയും മകനാണ് അനിൽ മേനോന്റെ അച്ഛൻ കിഴക്കേപ്പാട്ട് പാലാട്ട് ശങ്കരൻ മേനോൻ. ഗോവ വിമോചനയുദ്ധത്തിൽ നിർണായകപങ്കുവഹിച്ച ലെഫ്റ്റനന്റ് ജനറൽ കെ.പി. കാൻഡത്ത് അനിൽമേനോന്റെ അച്ഛമ്മ കല്യാണിക്കുട്ടിഅമ്മയുടെ സഹോദരനാണ്.
1915-ൽ വൈസ്രോയിയുടെ കൗൺസിൽ അംഗമായിരുന്നു ചേറ്റൂർ ശങ്കരൻ നായർ. അങ്ങനെ അംഗമാകുന്ന ഇന്ത്യയിലെ മൂന്നാമത്തെയാൾ. 1919-ൽ ജലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതോടെ പ്രതിഷേധിച്ച് സ്ഥാനമാനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ബ്രിട്ടീഷുകാരെ അദ്ദേഹം പലവട്ടം ചോദ്യംചെയ്തു. പാലക്കാട് മങ്കരയിൽ 1857 ജൂലായ് 11-നാണ് ജനനം. മദ്രാസിൽവെച്ച് ബിരുദം നേടി. അവിടെനിന്ന് ലോ കോളേജിലേക്ക്. 1893-ൽ മദ്രാസ് നിയമനിർമാണസഭയിൽ അംഗമായി.
ആദ്യമായി ഒരു സ്വകാര്യബിൽ നിയമനിർമാണസഭയിൽ അവതരിപ്പിച്ചത് ശങ്കരൻനായരാണ്. 1897-ൽ അമരാവതിയിൽ നടന്ന സമ്മേളനത്തിൽ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് ശങ്കരൻ നായർ.
1919-ൽ വൈസ്രോയി കൗൺസിൽ അംഗത്വം രാജിവെച്ച് മദ്രാസിലെത്തിയപ്പോൾ ആർപ്പുവിളിയും ആരവവുമായാണ് ചേറ്റൂരിനെ ജനങ്ങൾ സ്വീകരിച്ചതെന്ന് കെ.പി.എസ്. മേനോൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. മങ്കരയിൽത്തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും.
സന്തോഷവും അഭിമാനവും
‘യു.പി.യിലെ ഝാൻസിയിൽ ജോലിക്കായി പോയപ്പോൾ എന്നോട് അവിടത്തുകാർ പേര് ചോദിച്ചു. പേരിലെ ചേറ്റൂർ കേട്ടപ്പോൾ ശങ്കരൻനായരുടെ ആരെങ്കിലുമാണോയെന്ന ചോദ്യമുയർന്നു. ബന്ധം പറഞ്ഞപ്പോൾ വലിയ ബഹുമാനമാണ് ലഭിച്ചത്. അങ്ങനെയുള്ള ചേറ്റൂർ കുടുംബത്തിലെ ഒരാൾ ബഹിരാകാശദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്’- ചേറ്റൂർ കൃഷ്ണൻകുട്ടി
(റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ)
മികച്ച നേട്ടം
‘ആറുതലമുറകൾക്കപ്പുറത്തേക്ക് ചേറ്റൂരിന്റെ പേര് പടർന്നു പന്തലിക്കുന്നത് അഭിമാനകരമാണ്. അനേകം പ്രഗല്‌ഭരുൾപ്പെട്ട കുടുംബമാണിത്. അനിൽമേനോന്റേത് വലിയ നേട്ടമാണ്. അതിൽ അഭിമാനമുണ്ട്’- പി.ടി. നരേന്ദ്രമേനോൻ
ഒറ്റപ്പാലം സി.എസ്.എൻ. ട്രസ്റ്റ് ചെയർമാൻ
Content Highlights: Ottapalam is celebrating as Anil Menon, the great-great-grandson of the legendary Indian nationalist and legal icon Sir Chettur Sankaran Nair, prepares to journey into space aboard the Soyuz MS-29 spacecraft.
Published: 14 Jul 2026, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented