ഭൂമിയിൽനിന്ന് ഒരു പ്രകാശദിനം അകലെ എത്തുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവാകാൻ നാസയുടെ വോയേജർ 1. ബഹിരാകാശ പേടകം അടുത്തയാഴ്ച ഈ ചരിത്രം രചിക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

To advertise here,

1977-ൽ വിക്ഷേപിച്ച നാസയുടെ ഈ പേടകം ഏകദേശം 50 വർഷത്തെ തുടർച്ചയായ യാത്രയ്ക്ക് ശേഷമാണ് നവംബർ 18-ന് ഒരു പ്രകാശദിനം അകലെയെത്താനൊരുങ്ങുന്നത്. ഇതോടെ ഭൂമിയിൽ നിന്ന് അയക്കുന്ന ഒരു സിഗ്‌നൽ പേടകത്തിൽ എത്താൻ ഒരു ദിവസത്തെ സമയമെടുക്കും. ഒരു പ്രകാശദിനം എന്നത് 2600 കോടി കിലോമീറ്ററിന് തുല്യമാണ്.

മണിക്കൂറിൽ 37,763 മൈൽ എന്ന സ്ഥിരമായ വേഗതയിലാണ് വോയേജർ 1 നിലവിൽ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത്. ബഹിരാകാശത്ത് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തുവായി മാറിയ പയനിയർ 10-നെ മറികടന്ന് 28 വർഷത്തിന് ശേഷമാണ് വോയേജർ 1 ഈ നാഴികക്കല്ല് പിന്നിടുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ചരിത്രദിനം അവിസ്മരണീയമാക്കാൻ സ്മാർട്ട്ഫോണുകളും ടാബ്ലെറ്റുകളും ഉപയോഗിച്ച് വോയേജറിന്റെ കോൾ സൈനായ 'VGR' മോഴ്‌സ് കോഡിൽ ഫ്‌ളാഷ് ചെയ്യാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് നാസ തയ്യാറാക്കിയിട്ടുണ്ട്.

വോയേജർ 1-ന്റെ യാത്ര

നാല് വർഷം മാത്രം ആയുസ്സ് കണക്കാക്കിയാണ് വോയേജർ 1 രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ അതിന്റെ പ്രാഥമിക ദൗത്യം പൂർത്തിയായ ശേഷവും അത് ബഹിരാകാശത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. തുടർന്ന് ഹെലിയോസ്ഫിയർ മുറിച്ചുകടക്കുന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകമായി ഇത് മാറി.

വോയേജർ 2-ന് ശേഷമാണ് വോയേജർ 1 വിക്ഷേപിച്ചത് എന്നതാണ് രസകരമായ മറ്റൊരുകാര്യം. എന്നാൽ വേഗതയേറിയ പാതയിലൂടെ സഞ്ചരിച്ചതിനാൽ ഇത് ഛിന്നഗ്രഹ ബെൽറ്റ് കടക്കുകയും 1977 ഡിസംബർ 15-ന് വോയേജർ 2-നെ മറികടക്കുകയും ചെയ്തിരുന്നു.

വോയേജർ 1-ന് രണ്ട് റേഡിയോ ട്രാൻസ്മിറ്ററുകൾ ഉണ്ടെങ്കിലും, വർഷങ്ങളായി 'എക്‌സ്-ബാൻഡ്' എന്ന് വിളിക്കുന്ന ഒരെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പേടകം സെക്കൻഡിൽ 160 ബിറ്റുകൾ എന്ന വളരെ കുറഞ്ഞ നിരക്കിലാണ് ഡാറ്റ തിരികെ അയക്കുന്നത്. ഇത് ഡയൽ-അപ്പ് ഇന്റർനെറ്റിന് സമാനമായ ഡാറ്റാ നിരക്കാണ്.

2030-കളിൽ വോയേജർ 1 ന്റെ അവസാന ഉപകരണങ്ങളും പ്രവർത്തിനം അവസാനിപ്പിക്കുമെന്നും റേഡിയോ സിഗ്‌നൽ അയക്കാൻ പര്യാപ്തമായ ഊർജ്ജമില്ലാത്തതിനാൽ 2036-ൽ ഭൂമിയുമായുള്ള ആശയവിനിമയം എന്നെന്നേക്കുമായി നിലയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.