വി.എസ്.എസ്.സി. അടക്കമുള്ള ഐ.എസ്.ആര്.ഒ. കേന്ദ്രങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി വാണിജ്യ ബഹിരാകാശ സാഹചര്യമൊരുക്കുകയാണ് സര്ക്കാർ ലക്ഷ്യം.

തിരുവനന്തപുരം: ബഹിരാകാശരംഗം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത കേന്ദ്രസർക്കാർ നയത്തിന്റെ ചുവടുപിടിച്ച് പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി സംസ്ഥാന സർക്കാർ. കൂടുതൽ വിദേശനിക്ഷേപം ലക്ഷ്യംവെച്ചുള്ള നയത്തിൽ സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക ഗവേഷണസ്ഥാപനങ്ങൾക്കും മുൻഗണന നൽകുന്നു. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തികസഹായവും ദീർഘകാല പാട്ടത്തിനു ഭൂമി അനുവദിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളുണ്ട്.
കൊച്ചിയിലും കോഴിക്കോട്ടും 100 ഏക്കറിൽ എയ്റോസ്പെയ്സ് വ്യവസായ ക്ലസ്റ്റർ തുടങ്ങുമെന്ന് നയത്തിൽ പറയുന്നു. വ്യോമയാന ബഹിരാകാശ മേഖലകളിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കേരള സ്പെയ്സ് പാർക്ക് വഴി നടപ്പാക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിൽ സാങ്കേതിക വ്യവസായ ക്ലസ്റ്റർ തുടങ്ങുന്നതിനും സ്വകാര്യ നിക്ഷേപങ്ങൾക്കായി 16 ഏക്കർ ഭൂമി ദീർഘകാല പാട്ടത്തിനു നൽകുന്നതിനും കരടിൽ നിർദേശമുണ്ട്. സ്റ്റാർട്ടപ് ആൻഡ് ഇനവേഷൻ സെന്റർ, കോമൺ ഡിജിറ്റൽ എൻജിനിയറിങ് ആൻഡ് ഡിസൈൻ ലബോറട്രി, വേളിയിൽ 60 ഏക്കറിൽ എയ്റോസ്പെയ്സ് കൺട്രോൾ സിസ്റ്റംസ് കോപ്ലക്സ്, തിരുവനന്തപുരം വലിയമലയിൽ 13.5 ഏക്കറിൽ ലിക്വിഡ് പ്രൊപ്പൽഷൻ ആൻഡ് ഇനവേഷൻ ക്ലസ്റ്റർ, തിരുവനന്തപുരം കോട്ടൂരിൽ 100 ഏക്കറിൽ സംയോജിത പ്രതിരോധ വ്യവസായ പാർക്ക്, തോന്നയ്ക്കലിൽ 28.5 ഏക്കറിൽ എയ്റോസ്പെയ്സ് കോമ്പോസിറ്റ് സെന്റർ എന്നിവ തുടങ്ങുമെന്നും കരട് നയത്തിലുണ്ട്.
പള്ളിപ്പുറത്തെ ടെക്നോസിറ്റിയിൽ മൂന്നര ഏക്കറിൽ കോമൺ ഫെസിലിറ്റികേന്ദ്രവും ഗവേഷണ വികസനകേന്ദ്രവും തുടങ്ങും. എയ്റോസ്പെയ്സ്, പ്രതിരോധം, വ്യോമയാനം മേഖലകളിലെ ഗവേഷണങ്ങൾക്കും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള കേന്ദ്രമായി ഇതു മാറും. രണ്ടുലക്ഷം ചതുശ്രയടി വിസ്തീർണത്തിലായിരിക്കും കേന്ദ്രം ഒരുങ്ങുന്നത്.
വി.എസ്.എസ്.സി. അടക്കമുള്ള ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി വാണിജ്യ ബഹിരാകാശ സാഹചര്യമൊരുക്കുകയാണ് സർക്കാർലക്ഷ്യം. ഐ.എസ്.ആർ.ഒ. വലിയ ദൗത്യങ്ങളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ സ്റ്റാർട്ടപ് രംഗത്തേക്കു കൂടുതൽ കമ്പനികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 50-ഉം ദേശീയതലത്തിൽ 440-ഉം സ്പെയ്സ് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Draft space industrial policy introduced to attract foreign investments and support startups., Plans to set up aerospace industrial clusters in Kochi, Kozhikode, and Thiruvananthapuram., Financial assistance and long-term land leases offered for space startups and research institutions., Leveraging ISRO and VSSC presence to build a commercial space ecosystem in the state.
Published: 15 Oct 2026, 09:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented