ടെലിവിഷൻ, ഹോം അപ്ലയൻസ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ സാംസങ് ഇന്ത്യ. ചെലവ് വർധിച്ചതും വിശാലമായ പുനഃസംഘടനയും അടക്കമുള്ളവയാണ് നീക്കത്തിന് പിന്നിലെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

80 മുതൽ 100 വരെ എക്‌സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടൽ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ ടീം ലീഡർമാർ ബ്രാഞ്ച്, ഏരിയ മാനജർമാർ എന്നിവർ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്നാണ് വിവരം.

എഐ (നിർമിതബുദ്ധി) മുന്നേറ്റത്തെത്തുടർന്ന് മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വർദ്ധിച്ചത് ഇലക്ട്രോണിക് കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന സമയതാതണ് നീക്കം എന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം, സ്മാർട്ട്ഫോൺ വിൽപ്പനയിലുള്ള ഇടിവ്, അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില എന്നിവയും കമ്പനികൾക്കുമേൽ സമ്മർദം ഉണ്ടാക്കുന്നുണ്ട്.

ബാധിക്കുന്നത് ആരെ?

സാംസങ്ങിന്റെ ടെലിവിഷൻ, ഹോം അപ്ലയൻസ് ബിസിനസ്സുകളിലാണ് നിലവിൽ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്ന നടപടി കേന്ദ്രീകരിച്ചിരിക്കുന്നത്. സെയിൽസ്, മാർക്കറ്റിങ് വിഭാഗം ജീവനക്കാരുടെ 25 ശതമാനത്തെ വരെ ഇത് ബാധിച്ചേക്കാം. കമ്പനിക്കുവേണ്ടി നേരിട്ട് ജോലി ചെയ്യുന്നവരും മാൻപവർ ഏജൻസികൾ വഴി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. സാംസങ്ങിന്റെ ആഭ്യന്തര ഇലക്ട്രോണിക്‌സ് സെയിൽസ് ടീമിൽ ഏകദേശം 550-600 എക്‌സിക്യൂട്ടീവുകളാണുള്ളത്.

പിരിച്ചുവിടലിന് പിന്നിലെന്ത്?

കുത്തനെ ഉയർന്ന മെമ്മറി ചിപ്പ് വില കമ്പനികളുടെ സമ്മർദം വർധിപ്പിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഏകദേശം 10 ശതമാനം ഇടിഞ്ഞത് സ്മാർട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ചു. ഈ സാഹചര്യങ്ങളാണ് പിരിച്ചുവിടലിലേക്ക് കമ്പനിയെ നയിച്ചത്.

സ്മാർട്ട്ഫോൺ ടീമിനെ ബാധിക്കില്ല

സാംസങ്ങിന്റെ സ്മാർട്ട്ഫോൺ വിഭാഗത്തിലെ ജീവനക്കാരെ നിലവിലെ പിരിച്ചുവിടലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാംസങ്ങിനെ സംബന്ധിച്ചിടത്തോളം മൊബൈൽ ഫോണുകൾ ഇന്ത്യയിലെ വരുമാനത്തിന്റെ മുക്കാൽ ഭാഗവും നൽകുന്നതിനാൽ സ്മാർട്ട്ഫോൺ ബിസിനസ്സ് വളരെ പ്രധാനപ്പെട്ടതാണ്. വരാനിരിക്കുന്ന ദീപാവലി സീസണിൽ ആവശ്യക്കാർ വർദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സാംസങ്ങിന്റെ പ്രീമിയം ഗാലക്‌സി ഫോൾഡ്, ഫ്‌ളിപ്പ് സ്മാർട്ട്ഫോണുകൾക്ക് വിപണിയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.