ട്രംപ് ഭരണകൂടം കരിമ്പട്ടികയിൽപെടുത്തിയ നിർമിതബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപിക്കിനെ ആശ്രയിക്കാൻ നിർബന്ധിതരായി അമേരിക്കയിലെ നാഷണൽ സെക്യൂരിറ്റി ഏജൻസി (NSA). ആന്ത്രോപിക്കിന്റെ അഡ്വാൻസ്ഡ് എഐ മോഡൽ ഉപയോഗിക്കുന്നത് തുടരാൻ എൻ.എസ്.എയ്ക്ക് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് അനുവാദം നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് എഐ കമ്പനിക്ക് പെന്റഗൺ വിലക്കേർപ്പെടുത്തിയത്. തുടർന്ന് ദേശീയ സുരക്ഷാ വിതരണ ശൃംഖലയിലെ ഭീഷണിയായി ഔദ്യോഗികമായി മുദ്രകുത്തുകയും ചെയ്തിരുന്നു. ഇതോടെ യു.എസ് സൈന്യവുമായി കരാറിൽ ഏർപ്പെടുന്ന കമ്പനികൾക്ക് ആന്ത്രോപിക്കുമായി ഇടപാടുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി.

ഫെഡറൽ ഏജൻസികൾ ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ ഒഴിവാക്കണമെന്ന് പിന്നാലെ ട്രംപ് ഭരണകൂടം നിർദേശിച്ചു. എന്നാൽ എഐ കമ്പനിയെ ഒറ്റയടിക്ക് ഒഴിവാക്കുന്നത് യു.എസ് പ്രതിരോധ വകുപ്പിന് അത്ര എളുപ്പമുള്ള കാര്യമാകില്ലെന്ന് തൊട്ടുപിന്നാലെ വ്യക്തമാക്കി. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളിലടക്കം കമ്പനിയുടെ ക്ലോഡ് എഐ ടൂളുകൾ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ ഒറ്റരാത്രികൊണ്ട് ഒഴിവാക്കാൻ കഴിയില്ലെന്നും ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും ആയിരുന്നു അന്ന് ഭരണകൂടം വിശദീകരിച്ചത്. എന്നാൽ ഫെഡറൽ ഏജൻസികളിൽ ഒന്നിന് ആന്ത്രോപിക്കിന്റെ ടൂളുകൾ തുടർന്നും ഉപയോഗിക്കാൻ വൈറ്റ്ഹൗസ് അനുമതി നൽകിയിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ആധുനിക എഐ സാങ്കേതികവിദ്യയുടെ കമ്പ്യൂട്ടിങ് ആവശ്യകതകളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ എന്നതാണ് വാസ്തവം. മുൻനിര എഐ മോഡലുകൾക്ക് വൻതോതിലുള്ള പ്രോസസിങ് പവർ ആവശ്യമാണ്. യു.എസ് പ്രതിരോധ വിദഗ്ദ്ധരും ഭരണകർത്താക്കളും പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ആവശ്യകത. ആവശ്യത്തിനുള്ള ചിപ്പുകൾ ലഭിക്കാത്തതിനാൽ ചാരസംഘടനകൾക്ക് അവരുടെ രഹസ്യ നെറ്റ്‌വർക്കുകളിൽ ആധുനിക എഐ ടൂളുകൾ പൂർണതോതിൽ ഇൻസ്റ്റാൾ ചെയ്യാനോ പരീക്ഷിക്കാനോ കഴിയുന്നില്ല.

എൻവിഡിയയുടെ അത്യാധുനിക ഗ്രേസ് ബ്ലാക്ക്‌വെൽ സൂപ്പർചിപ്പ് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കാൻ കഴിവുള്ള ഫെഡറൽ ഡേറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള നീക്കങ്ങൾ അമേരിക്ക നടത്തുന്നുണ്ട്. ദൈനംദിന സൈനിക, രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ എഐ എത്രത്തോളം നിർണായകമായി മാറിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്തരം നീക്കങ്ങൾ.

രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തിയ ലക്ഷക്കണക്കിന് വരുന്ന ഇലക്ട്രോണിക് ആശയവിനിമയങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, മറ്റുവിവരങ്ങൾ എന്നിവ അരിച്ച് പെറുക്കാനും, അസാധാരണമായ കാര്യങ്ങൾ കണ്ടെത്താനും, വിദഗ്ദ്ധരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ സാധ്യതയുള്ള നിർണായക സുരക്ഷാ ഭീഷണികൾ കണ്ടെത്താനും സൈനിക, രഹസ്യാന്വേഷണ സംവിധാനങ്ങൾ നിലവിൽ എഐ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങൾ ചാരവൃത്തിയിൽ കമ്പ്യൂട്ടേഷണൽ മേൽക്കൈ നേടാൻ അനുവദിക്കുന്ന തരത്തിലുള്ള അപകടസാധ്യതയും അമേരിക്ക മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരിക്കൽ കരിമ്പട്ടികയിൽപ്പെടുത്തിയ എഐ കമ്പനിക്ക് മുന്നിൽ കീഴടങ്ങാനുള്ള യു.എസ് ഏജൻസികളുടെ നീക്കം.