ഒരു ഫോൺ നമ്പർ രണ്ട് ഫോണുകളിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ രണ്ട് ഐഫോണുകളിൽ ഒരേ ഫോൺ നമ്പർ ഉപയോഗിക്കാൻ അനുവദിക്കുന്ന ഐഒഎസ് 27 ഫീച്ചർ ആപ്പിൾ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മാക് റൂമേഴ്സ് കമ്മ്യൂണിറ്റി അംഗമായ pdfu ഈ ഫീച്ചറിന്റെ വീഡിയോയും വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

To advertise here,

ഐഫോൺ ഹാൻഡോഫ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരേ ഫോൺ നമ്പർ രണ്ട് ഫോണുകളിലായി ഉപയോഗിക്കാൻ സഹായിക്കും. ഐഫോണിലെ Settings ആപ്പിലെ Cellular എന്ന ഓപ്ഷൻ വഴിയാണ് ഈ സേവനം സജ്ജീകരിക്കേണ്ടത്. നിങ്ങളുടെ കയ്യിലെ രണ്ട് ഫോണുകളിൽ ഒന്ന് പ്രധാന ഉപകരണമായി (Primary iPhone) തിരഞ്ഞെടുക്കണം. ഈ ഫോണിലാണ് eSIM സജ്ജീകരിക്കുക. രണ്ടാമത്തെ ഫോണിൽ കമ്പാനിയൻ ഇസിം ആണുണ്ടാവുക. പ്രൈമറി ഐഫോണിലൂടെയാവും ഈ ഫീച്ചറിന്റെ തുടർന്നുള്ള സെറ്റിങ്സ് നിയന്ത്രിക്കേണ്ടത്.

സെറ്റിങ്സ് പൂർത്തിയായാൽ, നിങ്ങൾ ഏത് ഫോൺ ആണോ കയ്യിലെടുത്ത് അൺലോക്ക് ചെയ്യുന്നത് ആ ഫോണിലേക്ക് നമ്പർ ഓട്ടോമാറ്റിക് ആയി മാറും. ആ ഫോണിലേക്കായിരിക്കും ഫോൺ വിളികളും സന്ദേശങ്ങളും എത്തുക. ഇങ്ങനെ നമ്പർ മാറുമ്പോൾ അതിന്റെ അറിയിപ്പ് ഡൈനാമിക് ഐലന്റിൽ തെളിയും. കൂടാതെ, ഈ സമയത്ത് നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ലൊക്കേഷൻ ഷെയറിങ് പ്രവർത്തിക്കുക.

നിലവിൽ യു.എസിലെ ടെലികോം സേവനദാതാവായ T-Mobile മാത്രമാണ് ഈ ഫീച്ചർ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും വരുംദിവസങ്ങളിൽ ഇത് AT&T, Verizon എന്നീ നെറ്റ്വർക്കുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ടെലികോം സേവനദാതാക്കളുടെ പിന്തുണയോടെ മാത്രമേ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവൂ.