പല്ലുതേയ്ക്കാൻ അത്യാധിനിക എഐ (നിർമിതബുദ്ധി) ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനിയായ ഡൈസൻ. ഡൈസൻ ക്യാമറജെറ്റ് എന്നാണ് ടൂത്ത് ബ്രഷിന്റെ പേര്. പല്ല് തേയ്ക്കലും ഫ്‌ളോസ് ചെയ്യലും (നേർത്ത നൂൽ ഉപയോഗിച്ച് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും നീക്കുന്ന രീതി) ഒരൊറ്റ ഉപകരണത്തിൽ സാധ്യമാക്കുന്നതാണിത്.

To advertise here,

പല്ലുകൾക്കിടയിലെ ചെറിയ വിടവുകൾ ടൂത്ത് ബ്രഷിലെ എഐ ക്യാമറ കണ്ടെത്തും. തുടർന്ന് വിടവിൽ മൗത്ത് വാഷ് സ്‌പ്രേ ചെയ്യപ്പെടും. ഫ്‌ളോസ് ചെയ്യുന്നതിന് സമാനമായി പല്ലുകൾ മൊത്തത്തിൽ വൃത്തിയാക്കാൻ ഇത് സഹായിക്കുമെന്ന് ഡൈസൻ അവകാശപ്പെടുന്നു. ആറു വർഷത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ ടൂത്ത്ബ്രഷ്. വിപണിയിലെ പ്രീമിയം ഇലക്ട്രിക് ടൂത്ത്ബ്രഷുകളേക്കാൾ 69 ശതമാനം വരെ കൂടുതൽ പ്ലാക്ക് (പല്ലിൽ പറ്റിപ്പിടിക്കുന്ന അഴുക്ക്) നീക്കം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്യാമറ, മെഷീൻ ലേണിങ്, പ്രിസിഷൻ ഫ്‌ളൂയിഡ് ഡൈനാമിക്‌സ്, നൂതന ബ്രഷിങ് സാങ്കേതികവിദ്യകൾ, വൈഫൈ കണക്റ്റിവിറ്റി എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഡൈസൻ ക്യാമറജെറ്റ് വായുടെ ആരോഗ്യം നിലനിർത്തുമെന്നാണ് അവകാശവാദം. £420 (53,550 രൂപയാണ് എഐ ടൂത്ത് ബ്രഷിന്റെ വില. (രണ്ട് റീപ്ലേസ്മെന്റ് ഹെഡുകൾക്ക് £25 (3187 രൂപ), ഡൈസന്റെ പതയാത്ത ടൂത്ത് പേസ്റ്റിനും മൗത്ത് വാഷിനും £8.49 (1082 രൂപ) പുറമെ നൽകണം).

661 എഞ്ചിനീയർമാർ ആറു വർഷം എടുത്താണ് എഐ ടൂത്ത് ബ്രഷ് വികസിപ്പിച്ചതെന്ന് കമ്പനി പറയുന്നു. പല്ല് തേക്കന്നതിനിടെ സെക്കൻഡിൽ 28 തത്സമയ ചിത്രങ്ങൾ ടൂത്ത്ബ്രഷിന്റെ എഐ ക്യാമറ സ്‌കാൻ ചെയ്യും. ഒരു വിടവ് കണ്ടെത്തിയാലുടൻ 0.1 സെക്കൻഡിനുള്ളിൽ അവിടേക്ക് മൗത്ത് വാഷ് സ്‌പ്രേ ചെയ്യും.

പല്ല് തേയ്ക്കുന്നത് സംബന്ധിച്ച വ്യക്തിഗത ഫീഡ്ബാക്ക് ഉപയോക്താക്കൾക്ക് ലഭിക്കും. ടൂത്ത്ബ്രഷ് ഏത് കോണിൽ പിടിച്ചാലും തടസ്സമില്ലാതെ ജെറ്റ് പമ്പുചെയ്യാൻ കഴിയുന്ന ആന്റി ഗ്രാവിറ്റി ടാങ്കിലാണ് മൗത്ത് വാഷ് സൂക്ഷിച്ചിരിക്കുന്നത്. മൗത്ത് വാഷ് കുറയാൻ തുടങ്ങുമ്പോൾ ചാർജറായി കൂടി പ്രവർത്തിക്കുന്ന ഡോക്കിംഗ് സ്റ്റേഷനിൽ വെച്ചാൽ ടൂത്ത്ബ്രഷ് സ്വയം റീഫിൽ ചെയ്യപ്പെടും.