റോക്കറ്റുകളിലെയും ഉപഗ്രഹ എൻജിനുകളിലെയും തകരാറുകൾ മൂലം 2025, 2026 വർഷങ്ങളിലായി ഐഎസ്ആർഒ നടത്തിയ ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണവും പരാജയപ്പെട്ടിരുന്നു.

പരാജയങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും പാഠമുൾക്കൊണ്ട് കരുത്തോടെ തിരിച്ചുവരുന്നതാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ ചരിത്രം. കഴിഞ്ഞ ഏഴ് മാസമായുള്ള ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വീണ്ടും ഒരു റോക്കറ്റ് എൻജിൻ ജ്വലിച്ചു. സെപ്റ്റംബർ നാലിന് പുലർച്ചെ 2.55-ന് ഇഒഎസ്-05 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രഹം ഉദ്ദേശിച്ചതുപോലെതന്നെ സബ് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒ ഒരു ബഹിരാകാശ ദൗത്യം നടപ്പാക്കുന്നത്. ഈ വർഷം ജനുവരി 12-ന് നടന്ന പിഎസ്എൽവി-സി62 ദൗത്യത്തിന്റെ പരാജയത്തിന് ശേഷം ഐഎസ്ആർഒ നടത്തുന്ന ആദ്യത്തെ വിക്ഷേപണമാണിത്. അന്ന് റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലുണ്ടായ തകരാർ കാരണം ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. EOS-N1 (അന്വേഷ) എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമായിരുന്നു ഇതിിലെ പ്രധാന പേലോഡ്. ഇതുകൂടാതെ മറ്റ് നിരവധി വാണിജ്യ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
റോക്കറ്റുകളിലെയും ഉപഗ്രഹ എൻജിനുകളിലെയും തകരാറുകൾ മൂലം 2025, 2026 വർഷങ്ങളിലായി ഐഎസ്ആർഒ നടത്തിയ ആറ് ദൗത്യങ്ങളിൽ മൂന്നെണ്ണവും പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി-സി62 ദൗത്യത്തിന് മുമ്പ് 2025 ജനുവരിയിൽ നടത്തിയ GSLV-F15/NVS-02 ദൗത്യം, മേയിൽ നടത്തിയ PSLV-C61/EOS-09 ദൗത്യം എന്നിവ പരാജയത്തിലാണ് കലാശിച്ചത്. ഈ പരാജയങ്ങൾക്കുള്ള മറുപടിയെന്നോണമാണ് കൂടുതൽ കരുത്തോടെയും കൃത്യതയോടെയും ജിഎസ്എൽവി എഫ്17 റോക്കറ്റ് ഉപയോഗിച്ച് ഇഒഎസ്-05 ഭ്രമണപഥത്തിലെത്തിക്കാനുള്ള നിർണായക ദൗത്യം ശാസ്ത്രജ്ഞർ പൂർത്തിയാക്കിയത്.
മുൻപ് 2021-ൽ വിക്ഷേപിച്ച ജിസാറ്റ്-1 (അഥവാ ഇഒഎസ്-03) ഉപഗ്രഹത്തിന്റെ പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഈ പുതിയ ദൗത്യം രൂപകൽപ്പനചെയ്തിരിക്കുന്നത്. 2021-ലെ ദൗത്യത്തിൽ റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് ജ്വലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജിസാറ്റ്-1-ന് ഭ്രമണപഥത്തിൽ എത്താൻ കഴിഞ്ഞില്ല. പിന്നീട് ഫെയിലിയർ അനാലിസിസ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ, റോക്കറ്റിലെ ഒരു വാൽവിലുണ്ടായ തകരാർ കാരണം ദ്രവ ഹൈഡ്രജൻ ടാങ്കിൽ ആവശ്യത്തിന് മർദം ഇല്ലാതെ പോയതാണ് അന്ന് തിരിച്ചടിയായതെന്ന് കണ്ടെത്തിയിരുന്നു. ഈ പാഠം ഉൾക്കൊണ്ടാണ് പഴയ ജിസാറ്റ്-1-ന് പകരക്കാരനായ ഇഒഎസ്-05 നിർമിച്ചത്.
പത്ത് വർഷമാണ് ഇഒഎസ്-05-ന്റെ പ്രവർത്തന കാലാവധി. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളിൽ ഇഒഎസ്-05 നൽകുന്ന വിവരങ്ങൾ വലിയ സ്വാധീനം ചെലുത്തും. തത്സമയ വിവരങ്ങൾ ലഭ്യമാകുന്നതോടെ കാലാവസ്ഥാ നിരീക്ഷണം, ദുരന്തനിവാരണം, കൃഷി-പരിസ്ഥിതി, സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാവും.
ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്ന മേഘവിസ്ഫോടനങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാനും കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും ഇത് സഹായിക്കും. പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയുടെ ഗതി നിരീക്ഷിക്കാനും ഈ ഉപഗ്രഹത്തിന്റെ സഹായത്തോടെ സാധിക്കും. ഇന്ത്യയുടെ അതിർത്തികളിലും തന്ത്രപ്രധാന മേഖലകളിലും തുടർച്ചയായ നിരീക്ഷണം സാധ്യമാകുന്നതിനാൽ ദേശീയ സുരക്ഷാ സംവിധാനങ്ങൾക്ക് അനിവാര്യമായ സൈനിക നീക്കങ്ങൾക്ക് സഹായകമാവും.
ഈ നിർണായക ദൗത്യത്തിലൂടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന വലിയ പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ഇതിന് പിന്നാലെ നവംബർ മാസത്തോടെ ബഹിരാകാശ കേന്ദ്രത്തിലുള്ള മറ്റൊരു പ്രധാന ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിക്ഷേപിക്കാനും ഐഎസ്ആർഒ ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Overcoming previous setbacks, ISRO successfully launched the EOS-05 earth observation satellite using the GSLV rocket from Sriharikota after a seven-month hiatus.
Published: 04 Sept 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented