യാത്രകൾ അനായാസം ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ ഗൂഗിൾ സെർച്ചിലെ എഐ മോഡിൽ (AI Mode) പുതിയ അപ്ഡേറ്റുകൾ എത്തി. നിരക്ക് കുറഞ്ഞ വിമാന സർവീസ് കണ്ടെത്തുന്നത് മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള അപ്ഡേറ്റുകളാണ് ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ളത്. ഓഗസ്റ്റ് 27-നാണ് ഇവ പുറത്തിറക്കിയത്.

To advertise here,

ഫ്‌ളൈറ്റ് നിരക്കുകൾ ട്രാക്ക് ചെയ്യാം

ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകൾ മാറുന്നതിനനുസരിച്ച് അവ ട്രാക്ക് ചെയ്യാനും താരതമ്യം ചെയ്യാനും അലേർട്ടുകൾ മുൻകൂട്ടി സെറ്റ് ചെയ്യാനും ഇനി ഗൂഗിൾ സെർച്ച് എഐ മോഡിൽ സാധിക്കും. ഉപയോക്താക്കൾക്ക് സെർച്ചിങ് തടസപ്പെടാതെതന്നെ തന്നെ അലേർട്ടുകൾ സെറ്റ് ചെയ്യാം. എപ്പോൾ, എങ്ങോട്ടാണ് യാത്ര എന്ന വിവരം നൽകിയാൽ മാത്രം മതി. 300-ലധികം പാർട്ണർ എയർലൈനുകളിൽ നിന്നും യാത്രാ സൈറ്റുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ നിരക്കുകൾ ഉൾപ്പെട്ട മികച്ച ഓപ്ഷനുകൾ എഐ മോഡ് കാണിച്ചുതരും.

ആവശ്യമെങ്കിൽ നിരക്കുകൾ ട്രാക്ക് ചെയ്യാൻ എഐ മോഡിൽ ആവശ്യപ്പെടാം. നിങ്ങളുടെ റൂട്ടിലെ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരികയാണെങ്കിൽ നിങ്ങൾക്ക് ഇമെയിൽ ലഭിക്കും. 180-ലധികം രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇപ്പോൾ ടിക്കറ്റ് നിരക്കുകൾ ട്രാക്ക് ചെയ്യാൻ എഐ മോഡ് ഉപയോഗിക്കാം.

ലോയൽറ്റി പ്രോഗ്രാമുകളുടെ വിവരങ്ങൾ

തിരഞ്ഞെടുത്ത ലോയൽറ്റി പ്രോഗ്രാമുകൾ പ്രകാരം ഫ്‌ളൈറ്റ് ടിക്കറ്റുകളുടെയും ഹോട്ടൽ റൂമുകളുടെയും റിഡംപ്ഷൻ നിരക്കുകളും ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇനി കാട്ടിത്തരും. അലാസ്‌ക എയർലൈൻസ്, ഹവായ് എയർലൈൻസ്, അറ്റ്മോസ് റിവാർഡ്‌സ്, അമേരിക്കൻ എയർലൈൻസ് എഅഡ്വാന്റ്റേജ്, ചോയ്‌സ് പ്രിവിലേജസ്, ഹിൽട്ടൺ ഓണേഴ്‌സ്, വിൻഡാം റിവാർഡ്‌സ് എന്നിവയുടെ ലോയൽറ്റി പ്രോഗ്രാമുകൾ മാത്രമാണ് ഈ ഫീച്ചറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

ഹോട്ടൽ റൂം നേരിട്ട് ബുക്ക് ചെയ്യാം

ഉപയോക്താക്കൾക്ക് ഇനി എഐ മോഡിൽ നേരിട്ട് ഹോട്ടലുകൾ ബുക്ക് ചെയ്യാം. യാത്രാ തീയതികൾ, ലക്ഷ്യസ്ഥാനം, മുൻഗണനകൾ എന്നിവ എഐ മോഡിനോട് പറഞ്ഞാൽ മാത്രംമതി. ഓപ്ഷനുകൾ കാണിച്ചുതരും. എഐ മോഡ് വഴി ഹോട്ടൽ ബുക്ക് ചെയ്യുമ്പോഴും റിസർവേഷന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഹോട്ടലിനോ ബുക്കിങ് പ്ലാറ്റ്ഫോമിനോ ആയിരിക്കും.