എ.ഐ., സെമികണ്ടക്ടർ മേഖലകളിലെ ഓഹരികളിൽ സമീപകാലത്തുണ്ടായ കനത്ത വിൽപ്പന സമ്മർദത്തിന് വിരാമമിട്ട് ദക്ഷിണകൊറിയൻ ഓഹരി വിപണി. കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെ കോസ്പി തിരിച്ചുവരവ് നടത്തി.

To advertise here,

ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ വിപണി അഞ്ച് ശതമാനത്തിലധികം ഉയർന്നു. പ്രധാന സെമികണ്ടക്ടർ ഭീമന്മാരായ സാംസങ് ഇലക്ട്രോണിക്‌സ്, എസ്.കെ. ഹൈനിക്‌സ് എന്നിവയുടെ ഓഹരിമൂല്യത്തിലും അഞ്ച് ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.

ആഗോള കാരണങ്ങൾ

ഭൗമരാഷ്ട്രീയ നിലപാടുകളിൽ വന്ന മാറ്റവും ആഗോള സാങ്കേതികമേഖലയിലെ പുതിയ പ്രഖ്യാപനങ്ങളും അന്താരാഷ്ട്രതലത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെപ്പിടിക്കാൻ സഹായിച്ചു.

തിങ്കളാഴ്ച അമേരിക്കൻ വിപണിയിൽ ടെക്‌നോളജി ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയത് ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾക്ക് കരുത്തേകി. എന്നാൽ, സി.ഇ.ഒ. ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെ തുടർന്ന് അമേരിക്കൻ ചിപ്പ് നിർമാണ ഭീമനായ എൻവിഡിയയുടെ ഓഹരിയിൽ ഇടിവുണ്ടായി.

ഇറാനുമേൽ കൂടുതൽ സൈനിക ആക്രമണങ്ങൾ ആവശ്യമായി വരില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു. ഇത് ആഗോള ഊർജവിപണിയിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് ശമനമുണ്ടാക്കി.

വാൾസ്ട്രീറ്റിലെ എ.ഐ. അധിഷ്ഠിത ഐ.പി.ഒ.യ്ക്ക് മുൻപേ സാങ്കേതിക കമ്പനിയായ ആന്ത്രോപിക് പുതിയ എ.ഐ. മോഡലുകൾ പുറത്തിറക്കിയത് വിപണിക്ക് പുതിയ ഉണർവ് നൽകി.