ജിടിഎ 6 (Grand Theft Auto 6) ന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിൽ പങ്കുചേർന്ന് രാജ്യസഭാ എംപി രാഘവ് ഛദ്ദയും. ഗെയിം അൺലോക്ക് ചെയ്യുന്നതിനായി അർധരാത്രി വരെ ടെലിവിഷന് മുന്നിൽ കാത്തിരിക്കുന്ന തന്റെ വീഡിയോ ഛദ്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ടെലിവിഷന് മുന്നിൽ ഗെയിമിങ് കൺസോളുമായി ഇരിക്കുന്ന ഛദ്ദയാണ് വീഡിയോയിലുള്ളത്. ഗെയിം അൺലോക്ക് ആകാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ സ്ക്രീനിലെ കൗണ്ട്ഡൗൺ ആകാംക്ഷയോടെ നോക്കിനിൽക്കുന്ന അദ്ദേഹത്തെ വീഡിയോയിൽ കാണാം. കാത്തിരിപ്പ് അവസാനിച്ച് ഗെയിം അൺലോക്ക് ആയതോടെ ക്യാമറയ്ക്ക് നേരെ നോക്കി പുഞ്ചിരിക്കുന്നതും കാണാം.

'രാത്രി 11.59 ഇത്രയും ദൈർഘ്യമേറിയതായി മുമ്പൊരിക്കലും തോന്നിയിട്ടില്ല. പാർലമെന്റിന് പുറത്തുള്ള ജീവിതത്തിന്റെ ഒരു ചെറിയ ദൃശ്യം' എന്ന കുറിപ്പും ഛദ്ദ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചു.

ഇന്ത്യയിലടക്കം ജിടിഎ 6 ന് വലിയ ആവേശത്തോടുകൂടിയുള്ള സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അതിനിടെയാണ് ഛദ്ദയുടെ വീഡിയോയും വരുന്നത്. നേരത്തെ തന്നെ ഗെയിം ഡൗൺലോഡ് ചെയ്തവർ അത് അൺലോക്ക് ആകുന്നതിനായി കാത്തിരിക്കുകയായിരുന്നു.

13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോക്ക്സ്റ്റാർ ഗെയിംസ് വ്യാഴാഴ്ചയാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 ആഗോളതലത്തിൽ പുറത്തിറക്കിയത്. സാങ്കൽപ്പിക സംസ്ഥാനമായ ലിയോനിഡയിലെ വൈസ് സിറ്റിയാണ് പുതിയ പതിപ്പിന്റെ പശ്ചാത്തലം. ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നീ രണ്ട് പ്രധാന കഥാപാത്രങ്ങളിലൂടെയാണ് ഗെയിമിന്റെ കഥ മുന്നോട്ടുപോകുന്നത്. ഇരുവരും പിന്നീട് വലിയൊരു ക്രിമിനൽ ഗൂഢാലോചനയിൽ അകപ്പെടുന്നതാണ് പ്രമേയം.