ശക്തമായ എഐ (നിർമ്മിതബുദ്ധി) (AI) മോഡലുകളുടെ ഉപയോഗത്തിൽ പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജൻസിയുടെ തലവൻ. ടെക് കമ്പനികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയാൽ ഒരു വലിയ സംവിധാനം തകരാറിലാകാമെന്നും സാമ്പത്തിക തകർച്ചയ്ക്ക് അത് വഴിതെളിച്ചേക്കാമെന്നും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെൽഡൺ മിൽസ് മുന്നറിയിപ്പ് നൽകുന്നു.

To advertise here,

ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് മോഡൽ സൃഷ്ടിച്ച ഭയമാണ് ഈ മുന്നറിയിപ്പിന് പിന്നിൽ എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. രാജ്യങ്ങളുടെ തന്നെ സാമ്പത്തിക വിഷയങ്ങളിൽ എഐ ടൂളുകൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

നിലവിലുള്ള നിയമങ്ങൾ എത്രയുംവേഗം ഭേദഗതി ചെയ്യണമെന്ന് ഷെൽഡൺ മിൽസ് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. യുകെയിലെ 25 ശതമാനം ജനങ്ങൾ സാമ്പത്തിക ഉപദേശത്തിനായി എഐ ചാറ്റ്‌ബോട്ടുകളെ വിശ്വസിക്കുന്നുവെന്ന കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

സാമ്പത്തിക - ബാങ്കിങ് മേഖല മുഴുവൻ ചില കമ്പനികളുടെ AI മോഡലുകൾ, ക്ലൗഡ് സെർവറുകൾ അല്ലെങ്കിൽ ടെക് ഇൻഫ്രാസ്ട്രക്ചർ എന്നിവയെ ആശ്രയിക്കുകയാണെങ്കിൽ അത് അപകടകരമായ രീതിയിൽ ഒറ്റയടിക്ക് പ്രവർത്തനരഹിതമാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് മിൽസ് മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രധാന ടെക് പ്രൊവൈഡറുടെ സേവനം തടസപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ അത് ബ്രിട്ടീഷ് ധനകാര്യ സംവിധാനത്തെ മുഴുവൻ ഒറ്റയടിക്ക് തളർത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കാൻ എഐ ടൂളുകളെ സർക്കാർ നിരീക്ഷണത്തിനു കീഴിൽ എങ്ങനെ കൊണ്ടുവരാം എന്നകാര്യത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടകരമായ എൈ മോഡലുകൾക്ക് യു.എസിലെ ട്രംപ് ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയാണ് യു.കെയിൽനിന്നും ഇത്തരത്തിലുള്ള ആവശ്യം ഉയരുന്നത്. എഐ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് അവയുടെ കഴിവുകൾ വിലയിരുത്തുന്നതിനായി ഫെഡറൽ ഗവൺമെന്റിന് മോഡലുകൾ ലഭ്യമാക്കണമെന്ന ഉത്തരവ് ട്രംപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവുന്ന ക്ലോഡ് മിത്തോസ് മോഡൽ വിവിധ രാജ്യങ്ങളുടെ ബാങ്കുകൾക്കടക്കം തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് എഐ ടൂളുകൾ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചത്.