യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ രണ്ടാഴ്ചത്തെ വിലക്കിന് ശേഷം, പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക് (Anthropic) തങ്ങളുടെ ഏറ്റവും നൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളായ ക്ലോഡ് ഫേബിൾ 5 (Claude Fable 5), ക്ലോഡ് മിത്തോസ് 5 (Claude Mythos 5) എന്നിവയിലേക്കുള്ള ആഗോള ഉപഭോക്താക്കളുടെ ആക്‌സസ് പുനഃസ്ഥാപിക്കുന്നു. അമേരിക്കൻ വാണിജ്യ വകുപ്പിൽ നിന്ന് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കിയതായുള്ള അറിയിപ്പ് ലഭിച്ചുവെന്നും ജൂലായ് ഒന്ന് മുതൽ ഈ മോഡലുകൾ വീണ്ടും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

To advertise here,

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ മുൻനിർത്തിയാണ് ജൂൺ 12 ന് അമേരിക്ക ഈ അതിനൂതന എ.ഐ മോഡലുകൾക്ക് മേൽ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. സങ്കീർണ്ണമായ കോഡിംഗും മറ്റ് പ്രശ്നപരിഹാരങ്ങളും ചെയ്യാൻ കഴിവുള്ള ഈ മോഡലുകൾ തെറ്റായ കൈകളിൽ എത്തിയാൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്താനും ചൂഷണം ചെയ്യാനും ഉപയോഗിക്കപ്പെട്ടേക്കാം എന്നതായിരുന്നു യു.എസ് ഉദ്യോഗസ്ഥരുടെ പ്രധാന ആശങ്ക. കൂടാതെ, എ.ഐയുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന "ജയിൽബ്രേക്ക്" സംബന്ധിച്ച റിപ്പോർട്ടുകളും നിയന്ത്രണങ്ങൾക്ക് കാരണമായി. തുടർന്ന് ലൈസൻസ് ലഭിക്കാതെ വിദേശ രാജ്യങ്ങളിലുള്ള ഉപഭോക്താക്കൾക്കും തങ്ങളുടെ വിദേശികളായ ജീവനക്കാർക്കും മോഡലുകൾ കൈമാറരുതെന്ന നിർദ്ദേശത്തെ തുടർന്ന് ആന്ത്രോപിക് സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

വിലക്കിനെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ആന്ത്രോപിക് അധികൃതർ അമേരിക്കയിലെ വാണിജ്യ വകുപ്പുമായും ട്രംപ് ഭരണകൂടവുമായും ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾക്കായി സർക്കാരുമായി സഹകരിക്കുക, ഈ സാങ്കേതികവിദ്യ ഉൾപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള ദോഷകരമായ പ്രവർത്തനങ്ങൾ ഉണ്ടായെങ്കിൽ അത് റിപ്പോർട്ട് ചെയ്യുക എന്നിവയ്ക്ക് കമ്പനി തയ്യാറായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത്.

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി (ChatGPT), ഗൂഗിളിന്റെ ജെമിനി (Gemini) എന്നിവയോട് നേരിട്ട് മത്സരിക്കുന്ന ഈ മോഡലുകൾ സങ്കീർണ്ണമായ പ്രശ്നപരിഹാരങ്ങൾക്കായി ഡിസൈൻ ചെയ്തിട്ടുള്ള ആന്ത്രോപിക്കിന്റെ ഏറ്റവും മികച്ച സിസ്റ്റങ്ങളാണ്. ഇതിൽ ക്ലോഡ് ഫേബിൾ 5 സാധാരണ ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും വേണ്ടിയുള്ളതാണ്. എന്നാൽ ക്ലോഡ് മിത്തോസ് 5 എന്റർപ്രൈസ്, സൈബർ സുരക്ഷാ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ വീഴ്ചകൾ വേഗത്തിൽ കണ്ടെത്താൻ മിത്തോസ് 5 ന് സാധിക്കുമെന്ന് ആന്ത്രോപിക് അവകാശപ്പെടുന്നു.