അപകടകരമായ എഐ മോഡലെന്നാണ് ക്ലോഡ് മിത്തോസിനെ നിർമാതാക്കളായ ആന്ത്രോപിക് വിശേഷിപ്പിച്ചിരുന്നത്. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനുള്ള അസാമാന്യമായ കഴിവാണ് മിത്തോസിനെ അപകടകാരിയാക്കി മാറ്റുന്നത്. ഈ സാഹചര്യത്തിൽ മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ മിത്തോസിന്റെ കഴിവുകൾ വാണിജ്യ താത്പര്യങ്ങൾക്കായി കമ്പനി പെരുപ്പിച്ച് കാട്ടുകയാണെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ മിത്തോസിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യു.എസ് ഉന്നത ഉദ്യോഗസ്ഥൻതന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

To advertise here,

പരീക്ഷണ ഘട്ടത്തിൽ യു.എസ് സർക്കാരിന്റെ സുപ്രധാന കമ്പ്യൂട്ടർ സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകൾ ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തൽ. പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത യു.എസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.പി വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്.

നൂതന എഐ സാങ്കേതികവിദ്യയുടെ ശക്തിയെയും അപകടങ്ങളെയും കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തതാണ് പരീക്ഷണ ഫലങ്ങളെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആന്ത്രോപിക്കിന്റെ നേതൃത്വത്തിലുള്ള പ്രോജക്റ്റ് ഗ്ലാസ് വിങ് വഴിയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും ടെക് കമ്പനികളും ഈ പരീക്ഷണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കാതിരുന്ന ആന്ത്രോപിക് തിരഞ്ഞെടുത്ത കമ്പനികൾക്കും സംഘടനകൾക്കും എഐ മോഡൽ ലഭ്യമാക്കിയിരുന്നു. പ്രോജക്ട് ഗ്ലാസ് വിങ് വഴിയാണ് അത് സാധ്യമാക്കിയത്.

മണിക്കൂറുകൾക്കുള്ളിൽ ക്ലോഡ് മിത്തോസ് രഹസ്യ സ്വഭാവമുള്ള നെറ്റ്‌വർക്കുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ എഐ ടൂൾ അവ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നു.

'ഈ ടൂൾ നമ്മുടെ അതീവ രഹസ്യ സ്വഭാവമുള്ള മിക്ക സംവിധാനങ്ങളിലേക്കും ആഴ്ചകളല്ല, മണിക്കൂറുകൾക്കുള്ളിൽ കടന്നുകയറി' എന്നാണ് ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് വാർണർ ജൂൺ 11-ന് സെനറ്റ് ഹിയറിങ്ങിൽ വെളിപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. എൻഎസ്എ, സൈബർ കമാൻഡ് മേധാവി ജനറൽ ജോഷ്വാ റഡ്ഡിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എഐ കമ്പനിയായ ആന്ത്രോപിക്കും യു.എസിലെ ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ എഐ മോഡലുകളായ ഫേബിൾ 5, മിത്തോസ് 5 എന്നിവ വിദേശ പൗരന്മാർക്ക് ലഭ്യമാകുന്നത് തടയാൻ ഈ മാസം ആദ്യം ട്രംപ് ഭരണകൂടം കമ്പനിയോട് നിർദേശിച്ചിരുന്നു. സൈബർ സുരക്ഷാ ആശങ്കകളായിരുന്നു ഈ നീക്കത്തിന് പിന്നിൽ. നിർദേശം ലഭിച്ചതോടെ രണ്ട് മോഡലുകളും പൂർണമായും പ്രവർത്തന രഹിതമാക്കുകയാണ് ആന്ത്രോപിക് ചെയ്തത്.

അപകടകരമായ നൂതന എഐ മോഡലുകൾ ഫെഡറൽ പരിശോധനയ്ക്ക് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കാവൂ എന്ന ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ നീക്കം. അതിനിടെ, നൂറ്റിലധികം സൈബർ സുരക്ഷാ എക്‌സിക്യൂട്ടീവുകളും വിദഗ്ധരും, അഡോബി, എൻവിഡിയ എന്നീ സ്ഥാപനങ്ങളിലെ ഉന്നതരും ഉൾപ്പെടെയുള്ളവർ ഈ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ത്രോപിക്കിന്റെ മോഡലുകളെ മാറ്റിനിർത്തുന്നത് അമേരിക്കയുടെ എഐ മുന്നേറ്റത്തെയടക്കം ദുർബലപ്പെടുത്തുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.