മുംബൈ: മൊബൈല്‍ ഫോണുകളിലെ ഏകീകൃത തിരിച്ചറിയല്‍ നമ്പറായ ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. ഉപഭോക്താക്കളുടെയും ടെലികോം ശൃംഖലയുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

To advertise here,

2023-ലെ ടെലികമ്യൂണിക്കേഷന്‍ ആക്ട് പ്രകാരം ഐഎംഇഐ നമ്പര്‍ മാറ്റംവരുത്തിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. നെറ്റ് വര്‍ക്ക് കണക്ടിവിറ്റി അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഉപകരണങ്ങളിലെ ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി ടെലികോം വകുപ്പ് പറയുന്നു.

ഐഎംഇഐ നമ്പറില്‍ കൃത്രിമം കാണിക്കുന്നതും ഇത്തരം മൊബൈല്‍ ഫോണുകളില്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നതും മൂന്നു വര്‍ഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വകുപ്പ് വ്യക്തമാക്കി.

ട്രായ് നടപടിയെടുത്തത് 21 ലക്ഷം നമ്പറുകളില്‍

സാമ്പത്തികത്തട്ടിപ്പുകളും സ്പാം കോളുകളും തടയുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനിടെ 21 ലക്ഷം നമ്പറുകളിലെ കണക്ഷന്‍ ഒഴിവാക്കിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). കൂടാതെ ഒരു ലക്ഷത്തോളം നമ്പറുകള്‍ കരിംപട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പാം കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രായ് ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായി മുന്നറിയിപ്പു സന്ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്.

അനാവശ്യ നമ്പറുകള്‍ അവരവരുടെ ഫോണുകളില്‍ ബ്ലോക്ക് ചെയ്താല്‍ മതിയെന്നാണ് ഉപഭോക്താക്കള്‍ കരുതുന്നത്. ഇത് ശാശ്വതപരിഹാരമല്ല. ഇത്തരം നമ്പറുകള്‍ ട്രായിയുടെ ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണില്‍ ബ്ലോക്ക് ചെയ്താല്‍ ആ നമ്പര്‍ ഒരാളുടെ ഫോണില്‍നിന്ന് ഒഴിവാക്കപ്പെടുകമാത്രമാകും ചെയ്യുന്നത്. ഇതുവഴി തട്ടിപ്പ് അവസാനിപ്പിക്കാനാകില്ല. ട്രായിയുടെ ഡിഎന്‍ഡി ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ നമ്പറിന്റെ ഉറവിടം കണ്ടെത്തി നമ്പര്‍ സ്ഥിരമായി ഡിസ്‌കണക്ട് ചെയ്യാനാകും. സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ ടെലികോം സംവിധാനം സൃഷ്ടിക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം കൂടി ആവശ്യമായുണ്ടെന്നും ട്രായ് അറിയിച്ചു.

ഉപഭോക്താക്കള്‍ വ്യക്തി വിവരങ്ങളോ ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ഫോണ്‍ കോളില്‍ അല്ലെങ്കില്‍ സന്ദേശങ്ങളില്‍ വെളിപ്പെടുത്തരുത്. സംശയകരമായോ ഭീഷണിയുടെ സ്വരത്തിലോ കോളുകള്‍ വന്നാല്‍ ഉടന്‍ അതു കട്ടുചെയ്യണം. തുടര്‍ന്ന് ട്രായ് ഡിഎന്‍ഡി ആപ്പിലോ സൈബര്‍ കുറ്റകൃത്യങ്ങളുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ നമ്പറായ 1930-ലോ രജിസ്റ്റര്‍ ചെയ്യണം. സഞ്ചാര്‍ സാത്തിയുടെ 'ചക്ഷു' എന്ന ഫീച്ചറിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകും. cybercrime.gov.in എന്ന പോര്‍ട്ടലാണ് പരാതിപ്പെടാനുള്ള മറ്റൊരിടം.