
മുംബൈ: രാജ്യത്ത് സ്വകാര്യ 5 ജി നെറ്റ്‌വർക്കുകൾ ഒരുക്കുന്നതിന് ടെലികോം സ്പെക്ട്രം നൽകുന്നതിനുള്ള കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശത്തിനെതിരേ ശക്തമായ എതിപ്പുമായി ടെലികോം കമ്പനികൾ രംഗത്ത്. തീരുമാനം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും സ്പെക്ട്രം ലേലംവഴി സർക്കാരിനു ലഭിക്കുന്ന വരുമാനത്തെ ഇല്ലാതാക്കുന്നതാണെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ നിയന്ത്രണ മാർഗരേഖയില്ലാതെ സ്വകാര്യ 5 ജി നെറ്റ്‌വർക്കുകൾ അനുവദിക്കുന്നത് സേവനങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നതായും രാജ്യത്തിനെതിരേ ഉപയോഗിക്കാൻ കാരണമായേക്കാമെന്നും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ എസ്.പി. കൊച്ചാർ ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റ് സംരംഭങ്ങൾ സ്വന്തം നിലയിൽ 5 ജി നെറ്റ് വർക്ക് ഉണ്ടാക്കുകയെന്നത് ചെലവേറിയ കാര്യമാണ്. ഉപകരണങ്ങൾക്കും സ്പെക്ട്രത്തിനും അതു കൈകാര്യം ചെയ്യുന്നതിനും സുരക്ഷയ്ക്കും സാങ്കേതികവിദ്യയുടെ നവീകരണത്തിനുമെല്ലാമായി തുടർ നിക്ഷേപങ്ങളും ആവശ്യമായി വരും. സ്ഥാപനങ്ങൾക്കുമാത്രം ഉപയോഗിക്കാവുന്ന കാപ്റ്റീവ് നോൺ പബ്ലിക് 5 ജി നെറ്റ്‌വർക്കുകൾ നിലവിൽ ലൈസൻസുള്ള ടെലികോം കമ്പനികൾവഴി അനുവദിക്കാവുന്നതാണ്.
തടസ്സം കൂടാതെയുള്ള നെറ്റ്‌വർക്ക് ആവശ്യമായുള്ളവർക്ക് നിലവിൽ ലൈസൻസുള്ളവരിൽനിന്ന് സ്പെക്ട്രം വാടകയ്ക്കു നൽകിയോ പ്രത്യേക നെറ്റ്‌വർക്ക് ഒരുക്കിയോ സേവനം ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്ക്കൊപ്പം ടെലികോം കമ്പനികളുടെ വരുമാനം നിലനിർത്തി മുന്നോട്ടുപോകുന്നതിനും ഇതാവശ്യമാണ്. വിദേശ സംരംഭങ്ങൾക്ക് സ്വകാര്യ നെറ്റ്‌വർക്കുകൾ അനുവദിച്ചാൽ അവരത് എന്തിനുപയോഗിക്കുന്നെന്ന് കൃത്യമായി നിരീക്ഷിക്കാൻ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Telecom companies oppose the Indian government`s plan to allow private 5G networks
Published: 13 Aug 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented