റഷ്യൻ ഭാഷയിൽ സോയൂസ് എന്നാൽ 'ഐക്യം' എന്നർഥം. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹ്യൂമൻ സ്‌പേസ്‌ക്രാഫ്റ്റ് പ്രോഗ്രാമാണ് സോയൂസ് പ്രോഗ്രാം. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനങ്ങളിൽ ഒന്നായാണ് സോയുസ് പേടകങ്ങൾ കണക്കാക്കപ്പെടുന്നത്. അതിലാണ് മലയാളികളുടെ അഭിമാനം ഉയർത്തുന്ന ചരിത്ര ദൗത്യത്തിനായി അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചിട്ടുള്ളത്.

To advertise here,

1967 ഏപ്രിൽ 23-നാണ് ഇതിന്റെ ഭാഗമായി മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത്. 1960-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തതാണ് സോയുസ് പേടകങ്ങൾ. അവ ഇന്നും കാര്യമായ നവീകരണം നടത്തി ഉപയോഗിച്ചുവരുന്നു. റഷ്യൻ സഞ്ചാരികളെ സല്യൂട്ട്, മിർ എന്നീ സോവിയറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ഇവ എത്തിച്ചിട്ടുണ്ട്.

സോയൂസ് പേടകങ്ങൾ അതേ പേരിലുള്ള റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. അവ ഇതുവരെ 1680-ലധികം വിജയകരമായ വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ഉപഗ്രഹങ്ങളും മനുഷ്യർ ഉൾപ്പെട്ട ബഹിരാകാശ പേടകങ്ങളും ഉൾപ്പെടുന്നു. സോയൂസ് റോക്കറ്റുകളോ സോയൂസ് വാഹനങ്ങളോ പുനരുപയോഗിക്കാവുന്നവയല്ല.

സോയൂസ് പേടകങ്ങൾ 7 ടൺ ഭാരമുള്ളവയാണ്. അവയ്ക്ക് 7.2 മീറ്റർ നീളവും 2.7 മീറ്റർ വ്യാസവുമുണ്ട്. സൗരോർജ്ജ പാനലുകൾ തുറക്കുമ്പോൾ (വിക്ഷേപണ സമയത്ത് അവ അടച്ചിട്ടിരിക്കുന്നു) സോയൂസിന് 10.6 മീറ്റർ വീതിയുണ്ടാകും. ഒരു സോയൂസ് വാഹനത്തിന് മൂന്ന്ബഹിരാകാശ സഞ്ചാരികളെ വരെ കൊണ്ടുപോകാൻ കഴിയും.

സോയൂസ് പേടകത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്: സർവീസ് മൊഡ്യൂൾ, ഓർബിറ്റൽ മൊഡ്യൂൾ, റീ-എൻട്രി മൊഡ്യൂൾ എന്നിവയാണ് അവ. ഓർബിറ്റൽ മൊഡ്യൂൾ (ബഹിരാകാശ പേടകത്തിന്റെ 'മുൻഭാഗം') അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വഹിക്കുന്നു. സർവീസ് മൊഡ്യൂൾ (അടിഭാഗം) ടെലികോം, ഉയരം നിയന്ത്രിക്കാനുള്ള ഉപകരണങ്ങൾ, സൗരോർജ്ജ പാനലുകളുടെ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ വഹിക്കുന്നു. ഡീസന്റ് മൊഡ്യൂൾ (മധ്യഭാഗം) ബഹിരാകാശ സഞ്ചാരികൾ യാത്ര ചെയ്യുന്ന സ്ഥലമാണ്. ഇത് അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്ന ഒരേയൊരു ഭാഗമാണ്. ഓർബിറ്റൽ മൊഡ്യൂൾ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനിടയിൽ കരിഞ്ഞുതീരുന്നു.

ഡീസന്റ് മൊഡ്യൂളിലെ താമസയോഗ്യമായ സ്ഥലം വെറും 4 ക്യുബിക് മീറ്റർ മാത്രമാണ്. ഡീസന്റ് മൊഡ്യൂളിന് 2.9 ടൺ ഭാരമുണ്ട്.

TMA ആയിരുന്നു സോയൂസിന്റെ മുൻ പതിപ്പ്. TMA-യുടെ (TMA-1) ആദ്യ യാത്ര 2002 ഒക്ടോബർ 30-നാണ് നടന്നത്. 2003 മെയ് മാസത്തിൽ ഭൂമിയിലേക്ക് തിരിച്ചെത്തിയപ്പോൾ ചില തകരാറുകൾ കാരണം മുൻ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് 460 കിലോമീറ്റർ അകലെ മാറി ഇറങ്ങേണ്ടി വന്നു. എന്നാൽ ബഹിരാകാശ സഞ്ചാരികൾക്ക് ഇതുകാരണം യതൊരു പരിക്കും ഏറ്റിട്ടില്ല. പേടകത്തിന്റെ മികച്ച സോഫ്റ്റ് ലാൻഡിങ് സംവിധാനമാണ് സുരക്ഷ ഉറപ്പാക്കിയത്. ലാൻഡിങ്ങിനിടെ ഉണ്ടാകുന്ന ആഘാതം കാര്യക്ഷമമായി ലഘൂകരിക്കുന്നതാണ് ഈ സംവിധാനം.

സോയൂസിന്റെ നിലവിലെ പതിപ്പാണ് MS ബഹിരാകാശ പേടകം. 'MS' എന്നത് പേടകത്തിന്റെ നാലാം തലമുറയിലെ ഏറ്റവും പുതിയ അപ്‌ഡേറ്റിനെ (Modified Systesm) സൂചിപ്പിക്കുന്നു. ബഹിരാകാശ പേടകത്തെ കൂടുതൽ ഭാരം കുറഞ്ഞതും ആധുനികവുമാക്കുന്നതിനുള്ള നിരവധി സാങ്കേതിക മെച്ചപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നതാണിത്.