അടിയന്തരചികിത്സാരംഗത്തെ ദീർഘകാല പരിചയം; നാസയിലും സ്‌പെയ്സ് എക്സിലും ഫ്ളൈറ്റ് സർജനായിരിക്കേ ബഹിരാകാശയാത്രികരുടെ ആരോഗ്യപരിപാലനം; ഡോക്ടറും എൻജിനിയറുമായ അനിൽ മേനോന് ബഹിരാകാശയാത്രികന്റെ കുപ്പായം തുന്നിനൽകിയത് ഈ അനുഭവസമ്പത്താണ്.

To advertise here,

കുട്ടിക്കാലം മുതൽക്കുതന്നെ ശാസ്ത്രവും സാങ്കേതികവിദ്യയും അദ്ദേഹത്തെ ആകർഷിച്ചിരുന്നു. മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു, വിമാനങ്ങൾ എങ്ങനെ പറക്കുന്നു, ബഹിരാകാശത്ത് മനുഷ്യർ എങ്ങനെ കഴിയും തുടങ്ങിയ ചോദ്യങ്ങൾ കുഞ്ഞ് അനിലിനെ ബഹിരാകാശത്തോളം വളർത്തി.

എമർജൻസി മെഡിസിൻ വിഭാഗത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചതിനാൽ അടിയന്തരസാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ മിടുക്കനായിരുന്നു അനിൽ ഡോക്ടർ. എൻജിനിയറിങ് രംഗത്തെ വൈദഗ്ധ്യവും കർമപഥത്തിൽ മുതൽക്കൂട്ടായി. 2010-ൽ ഹെയ്തിയിലും 2015-ൽ നേപ്പാളിലും ഭൂകമ്പമുണ്ടായപ്പോൾ അവിടങ്ങളിലെ മെഡിക്കൽ രക്ഷാദൗത്യങ്ങളുടെ ഭാഗമായി. ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പം ചേർന്ന് എവറസ്റ്റ് ആരോഹകരെ തുണച്ചു. സമുദ്രനിരപ്പിൽനിന്ന് 5000 മീറ്ററിലേറെ ഉയരത്തിലുള്ള മലമടക്കുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ ചികിത്സിക്കുകയായിരുന്നു ചുമതല.

എമർജൻസി മെഡിസിൻ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കി പിന്നീട് എയ്റോസ്‌പെയ്‌സ് മെഡിസിനിലേക്കു തിരിഞ്ഞു. അമേരിക്കൻ വ്യോമസേനയിൽ ഫ്ലൈറ്റ് സർജനായ കാലത്താണിത്. എഫ്-15 യുദ്ധവിമാനമുൾപ്പെടെ പല വിമാനങ്ങളുടെയും പൈലറ്റുമാരുടെ ആരോഗ്യപരിപാലനത്തിലും പരിശീലനത്തിലും പങ്കുവഹിച്ചു. അഫ്ഗാനിസ്താനിൽ യു.എസ്‌. നടത്തിയ ‘ഒാപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം’ സൈനിക നടപടിക്കിടെ യുദ്ധമുഖത്ത് പരിക്കേറ്റ സൈനികർക്കും പൈലറ്റുമാർക്കും ചികിത്സ നൽകി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിമാനമാർഗം സുരക്ഷിതരായി ആശുപത്രികളിലെത്തിക്കുന്നതിനുള്ള ക്രിട്ടിക്കൽ കെയർ എയർ ട്രാൻസ്പോർട്ട് ടീം അംഗമായും പ്രവർത്തിച്ചു. ഈ അനുഭവങ്ങളാണ് പിന്നീട് ബഹിരാകാശ വൈദ്യശാസ്ത്രത്തിലും നാസയിലും അദ്ദേഹത്തിന് നേട്ടങ്ങൾ സമ്മാനിച്ചത്.

ദുരന്തനിവാരണ മെഡിസിൻ, എമർജൻസി മെഡിസിൻ, ബഹിരാകാശ മെഡിസിൻ എന്നിവ തമ്മിൽ പല സാമ്യങ്ങളുമുണ്ടെന്ന് അനിൽതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിലും ബഹിരാകാശ പേടകങ്ങളിലും ശരീരത്തിനു നേരിടേണ്ടിവരുന്ന ചില വെല്ലുവിളികൾ ഒരുപോലെയാണ്.

നാസയിലെ ഫ്ളൈറ്റ് സർജനായി ബഹിരാകാശമേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം സ്‌പെയ്സ് എക്സിന്റെയും ആദ്യ ഫ്ലൈറ്റ് സർജനായി. നാസയുടെ വിവിധ ഐ.എസ്.എസ്. ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരുടെ ഡോക്ടറായിരുന്നു. വിക്ഷേപണത്തിന് മുൻപും ദൗത്യത്തിനിടെയും ഭൂമിയിലേക്ക് മടങ്ങിയശേഷവും യാത്രികരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയായിരുന്നു ചുമതല. മനുഷ്യരെയുംകൊണ്ടുള്ള സ്‌പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ ദൗത്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകി. നാസയും സ്‌പെയ്സ് എക്സും ചേർന്നു നടത്തിയ ഡെമോ-2 ദൗത്യത്തിന്റെയും െമഡിക്കൽ ടീമിലുണ്ടായിരുന്നു. 2021-ലെ ഇൻസ്പിരേഷൻ 4 സ്വകാര്യ ബഹിരാകാശദൗത്യത്തെയും പിന്തുണച്ചു. ഇക്കാലയളവിലെല്ലാം ബഹിരാകാശത്ത് മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു ഗഹനമായി പഠിച്ചു.

ഉയർന്ന വേഗം, മൈക്രോഗ്രാവിറ്റി, കുറഞ്ഞ ഓക്സിജൻ എന്നിവ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കും എന്നതിൽ വിദഗ്ധനായി. ബഹിരാകാശത്ത് യാത്രികർക്കുണ്ടാകുന്ന അടിയന്തര ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്‌പെയ്സ് എക്സിന്റെ മെഡിക്കൽ പ്രോട്ടക്കോൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കാനുള്ള പദ്ധതികളിൽ എയറോസ്‌പെസ് മെഡിസിൻ എന്ന ശാസ്ത്രശാഖയ്ക്ക് നിർണായകപങ്കുണ്ട്.