ഈ വർഷം ഏപ്രിലിൽ വിക്ഷേപിച്ച നാസയുടെ ആർട്ടെമിസ് II ദൗത്യം ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് താൽക്കാലിക 'ദ്വാരം' സൃഷ്ടിച്ചതായി കണ്ടെത്തൽ. 'ജിയോഫിസിക്കൽ റിസർച്ച്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തായ്‌വാനിലെ നാഷണൽ ചെങ് കുങ് സർവകലാശാലയിലെ ഗവേഷകരാണ് പടനം നടത്തിയത്.

To advertise here,

ആർട്ടെമിസ് II വിക്ഷേപണവും റോക്കറ്റ് എക്സ്ഹോസ്റ്റും ഇതിന് കാരണമായെന്നാണ് ഗവേഷകർ പറയുന്നത്. ദ്വാരങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 5,000 കിലോമീറ്റർ നീളമുള്ള വലിയ വരകൾ പോലെ പരന്നുകിടന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

'ഒരു ബഹിരാകാശ ദൗത്യം ഒരേ പ്രദേശത്ത് മൂന്ന് തവണ അയണോസ്‌ഫെറിക് പ്രക്ഷോഭങ്ങൾ ഉണ്ടാക്കുന്നത് ഇതാദ്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരി ഭാഗമായ അയണോസ്ഫിയറിയിലാണ് ഇത് മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇതിലൂടെയാണ് ജിപിഎസ് സിഗ്‌നലുകൾ സഞ്ചരിക്കുന്നത്. ഈ മേഖലയിലെ മാറ്റങ്ങൾ ജിപിഎസ് സിഗ്‌നലുകളുടെ വേഗതയെ ബാധിക്കുകയും അതുവഴി ലൊക്കേഷൻ കൃത്യതയെ മാറ്റുകയും ചെയ്യാം.' - ഗവേഷകർ പറയുന്നു.

ഇത് സെൽഫ് ഡ്രൈവിങ് കാറുകളെയും ഡ്രോൺ ലൊക്കേഷനെയും കര്യമായി ബാധിച്ചേക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ജിപിഎസ് കൃത്യതയെ ബാധിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തിയെങ്കിലും, ആർട്ടെമിസ് II ദൗത്യം കാരണം വലിയ തോതിലുള്ള ജിപിഎസ് തടസ്സങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ആർട്ടെമിസ് II ദൗത്യം

റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുമായി ഏപ്രിൽ 1-ന് വിക്ഷേപിച്ച ആർട്ടെമിസ് II, അഞ്ച് പതിറ്റാണ്ടിലേറെക്കാലത്തിനിടയിലെ ആദ്യത്തെ മനുഷ്യസഹിതമുള്ള ചാന്ദ്ര ദൗത്യമായിരുന്നു. യു.എസിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് 2026 ഏപ്രിൽ 1-ന് ആയിരുന്നു വിക്ഷേപണം. 1970-ൽ അപ്പോളോ 13 സംഘം സ്ഥാപിച്ച 2,48,655 മൈൽ എന്ന റെക്കോർഡിനെ മറികടന്ന്, മനുഷ്യൻ ഭൂമിയിൽനിന്ന് സഞ്ചരിച്ച ഏറ്റവും വലിയ ദൂരത്തിന്റെ റെക്കോർഡ് ഈ ദൗത്യത്തിനിടയിൽ സംഘം സ്ഥാപിച്ചിരുന്നു. ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രങ്ങളും സംഘത്തിന് പകർത്താൻ കഴിഞ്ഞു.

2028-ഓടെ ചന്ദ്രനിൽ ഇറങ്ങാൻ സഹായിക്കുന്ന ആർട്ടെമിസ് പ്രോഗ്രാമിന്റെ നിർണായക പരീക്ഷണ പറക്കലായി ഈ ദൗത്യം പ്രവർത്തിച്ചു. എസ്എൽഎസ് റോക്കറ്റും ഒറിയോൺ കാപ്‌സ്യൂളും സംഘം വിലയിരുത്തി. ഇത് ഭാവിയിൽ മനുഷ്യന്റെ ചാന്ദ്ര പര്യവേക്ഷണത്തിനും ചൊവ്വാ ദൗത്യങ്ങൾക്കും വഴിതുറക്കും.