ഗൂഗിളും സ്‌പേസ് എക്‌സും ബ്ലൂഒറിജിനും സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന തരത്തിലുള്ള ഓർബിറ്റൽ ഡേറ്റാ സെന്റർ പദ്ധതിയുമായി ഇന്ത്യൻ കമ്പനികളും. സർവം എഐയും സ്‌പേസ് ടെക്‌നോളജി കമ്പനിയായ പിക്‌സെലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ലോകത്തെ മുൻനിര ടെക് കമ്പനികൾ നിർമിതബുദ്ധി (എഐ)യിൽ മുന്നേറാൻ ബഹിരാകാശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സമാനമായ നീക്കവുമായി ഇന്ത്യൻ കമ്പനിയും രംഗത്തെത്തുന്നത്.

To advertise here,

പിക്‌സെലുമായുള്ള പങ്കാളിത്തത്തിലൂടെ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ അയയ്ക്കാനാണ് സർവം ലക്ഷ്യമിടുന്നത്. ഈ ഉപഗ്രഹങ്ങൾ ഓർബിറ്റൽ ഡേറ്റാ സെന്ററുകളായി പ്രവർത്തിക്കും. ഈ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ വികസിപ്പിച്ച എഐ മോഡലുകളെ പരിശീലിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനാണ് സർവം ലക്ഷ്യമിടുന്നത്. അതേസമയം ബഹിരാകാശത്ത് നിന്ന് എടുക്കുന്ന പിക്‌സെല്ലിന്റെ വിശദമായ ഭൂമിയുടെ ചിത്രങ്ങൾ തത്സമയം വിശകലനം ചെയ്യാനും കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങളുടെ തത്സമയ വിശകലനത്തിൽ സർവം പിക്‌സെല്ലിനെ സഹായിക്കും. സാധാരണയായി ഡേറ്റ ഭൂമിയിലേക്ക് അയച്ച് ഗ്രൗണ്ട് സിസ്റ്റങ്ങളിൽ പ്രോസസ്സ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരും. ഈ കാലതാമസം ഒഴിവാക്കാനാണ് ഇന്ത്യൻ കമ്പനികൾ ലക്ഷ്യമിടുന്നത്. കാട്ടുതീ അതിവേഗം തിരിച്ചറിയാനും വിള നാശമടക്കം ട്രാക്ക് ചെയ്യാനും പൈപ്പ് ലൈൻ ചോർച്ച പോലെയുള്ളവ നിരീക്ഷിക്കാനും ഈ സംവിധാനത്തിന് തത്സമയം സാധിക്കും. വിദേശ ക്ലൗഡ് സംവിധാനങ്ങളെയും ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറിനെയും ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ പദ്ധതി സഹായകരമാകും. ഡേറ്റ പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും എന്നതും ശ്രദ്ധേയമാണ്.

പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സർവം 200 കിലോഗ്രാം ക്ലാസ് ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഓർബിറ്റിൽ ഡേറ്റാസെന്റർ ജിപിയുകൾ വഹിക്കും. 2026-ന്റെ നാലാം പാദത്തോടെ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തുമെന്നാണ് സർവം പ്രതീക്ഷിക്കുന്നത്.