ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി വൈകുന്നതിന്റെ പേരിൽ വിമർശനം കടുപ്പിച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്റ്റാർലിങ്ക്. സ്വന്തം സോഷ്യൽ മീഡിയ എക്‌സിലൂടെയാണ് അദ്ദേഹം വിമർശനം തുടരുന്നത്.

To advertise here,

മസ്‌കിന്റെ വിമർശനം ഇങ്ങനെ:

'പ്രിയ പ്രധാനമന്ത്രി അംബാനി, താങ്കളാണ് ഇന്ത്യയുടെ യഥാർഥ തലവൻ എന്ന് തിരിച്ചറിയാത്തതിലുള്ള എന്റെ ക്ഷമാപണം സ്വീകരിക്കണം. സ്വാഭാവികമായും, ഇന്ത്യയിലെ മഹത്തായ ജനവിഭാഗങ്ങളെ ചൂഷണം ചെയ്തു കൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം തുടരാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുക. എങ്കിലും, സ്റ്റാർലിങ്കിന് മത്സരിക്കാൻ അനുവാദം നൽകുന്ന കാര്യം ഒന്നു പരിഗണിക്കാമോ? മറ്റു രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങളുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും, ചെറുകിട സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള അവസരങ്ങളും അത് നിഷേധിക്കുന്നു. സ്റ്റാർലിങ്ക് അവരുടെ ജീവിതം മെച്ചപ്പെട്ട രീതിയിൽ മാറ്റിമറിക്കും.' - മസ്‌ക് എക്‌സ് പോസ്റ്റിൽ പറഞ്ഞു.

സ്‌പേസ്എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് അടക്കമുള്ള മൂന്ന് കമ്പനികൾക്ക് രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ടെലികോം ലൈസൻസ് ലഭിച്ചിരുന്നു. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂടൽസാറ്റ് വൺവെബും, ജിയോ പ്ലാറ്റ്ഫോംസിന്റെ ഉപസ്ഥാപനമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡുമാണ് മറ്റ് രണ്ട് കമ്പനികൾ.

ലൈസൻസ് ലഭിച്ചുവെങ്കിലും സ്‌പെക്ട്രം അനുവദിക്കുന്നതിനും സേവനങ്ങൾ ആരംഭിക്കുന്നതിനും ഈ കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായുള്ള സുരക്ഷാ വിലയിരുത്തലുകൾ നടന്നു വരികയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് കടുത്ത വിമർശനം ഉന്നയിക്കുന്നത്. ചില കുത്തക മുതലാളിമാർ ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്ന് ബുധനാഴ്ച മസ്‌ക് ആരോപിച്ചതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്.

ഉപഗ്രഹ ഇന്റർനെറ്റിൽ പുതിയ പോരാട്ടം

കെ.വി. രാജേഷ്

മുംബൈ: ഉപഗ്രഹ ഇന്റർനെറ്റ് സേവനം നടപ്പാകുംമുൻപ് ഈ മേഖലയിൽ പോർക്കളം തുറന്ന് സേവനദാതാക്കൾ. ഇന്ത്യയിൽ നിയമങ്ങളും നിബന്ധനകളും പാലിച്ച ശേഷവും ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അനുമതിയില്ലെന്നും ഇന്ത്യൻ ടെലികോം കമ്പനികളുടെ സമ്മർദമാണ് ഇതിനു കാരണമെന്നും അമേരിക്കൻ ശതകോടീശ്വരനും സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ഉടമയുമായ ഇലോൺ മസ്‌ക് ആരോപിക്കുന്നു. ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിക്കെതിരേയാണ് മസ്‌കിന്റെ ചോദ്യമുനകൾ നീളുന്നത്.

ആരോപണത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് വിപുല പദ്ധതികൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ രംഗത്തെത്തി. 1,600 ഉപഗ്രഹങ്ങളുടെ വിപുലമായ നിരയൊരുക്കി ഇന്ത്യയിലെ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. 'ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഉപഗ്രഹ കണക്ടിവിറ്റി'യെന്ന പേരിലാണ് ജിയോ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഭൂമിയോട് തൊട്ടടുത്തുള്ള ഭ്രമണപഥങ്ങളിൽ കൂടുതലായി ഉപഗ്രഹങ്ങൾ വിന്യസിച്ച് വയറുകളില്ലാതെ കൂടുതൽ വേഗത്തിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. സിഗ്‌നലുകൾ സ്വീകരിക്കുന്നതിന് ആന്റിനയും മറ്റുപകരണങ്ങളും ആവശ്യമായി വരുന്നതിനാൽ ചെലവ് അല്പം കൂടും.

സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാഥമികാനുമതി നേരത്തേയുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾക്കും ഈ അനുമതികൾ ലഭ്യമായിട്ടുണ്ട്.

എന്നാൽ, സുരക്ഷാ അനുമതി ഒരു കമ്പനിക്കും നൽകിയിട്ടില്ല. ഇന്ത്യയിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചിട്ടും അനുമതിനൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നാണ് മസ്‌ക് പറയുന്നത്. റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ പ്രക്ഷോഭം, ബംഗ്ലാദേശിലെയും നേപ്പാളിലെയും ബഹുജന പ്രക്ഷോഭം തുടങ്ങിയ മേഖലകളിലെല്ലാം മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപയോഗിച്ച രീതി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

ഇറാനിലെ പ്രക്ഷോഭങ്ങൾക്കിടയിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചപ്പോൾ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സർക്കാരിനെ വെല്ലുവിളിച്ചു. കലാപങ്ങളിലും മറ്റും ഇന്ത്യപോലുള്ള ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഈ രീതി പ്രയോഗിച്ചാൽ അതുണ്ടാക്കുന്ന ആഘാതമാണ് സുരക്ഷാ അനുമതി വൈകുന്നതിലേക്ക് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ആളുകളിലേക്ക് സേവനമെത്തിക്കുകയാണ് ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു.

ഇത്തരം പ്രദേശങ്ങൾ കൂടുതലായി രാജ്യത്തിന്റെ അതിർത്തി മേഖലകളിലും മലയോര മേഖലകളിലുമാണ്. ഈ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരുകാര്യം. നിലവിലെ ഇന്റർനെറ്റ് നിരക്കിൽ സ്റ്റാർലിങ്ക് സേവനം ലഭിക്കില്ല. കണക്ഷൻ ലഭിക്കുന്നതിനുതന്നെ 35,000 രൂപയ്ക്കടുത്ത് ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഗ്രാമീണ മേഖലയിൽ എത്രത്തോളം ഇതിനു സ്വീകാര്യത ലഭിക്കുമെന്നതാണ് മറ്റൊരു ചോദ്യം. ഇതൊന്നുമറിയാതെയല്ല മസ്‌കിന്റെ വരവ്. അതുകൊണ്ടുതന്നെ വാണിജ്യതാത്പര്യങ്ങൾക്കപ്പുറം മസ്‌കിനു മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.