കുറഞ്ഞുവരുന്ന ജനനനിരക്ക് ഒരു യഥാര്‍ത്ഥ പ്രശ്‌നമാണെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍. വരും വര്‍ഷങ്ങളില്‍ കുടുംബങ്ങള്‍ കെട്ടിപ്പടുക്കുക എന്നത് പ്രധാന മുന്‍ഗണനയായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബവും സമൂഹവുമാണ് മനുഷ്യനെ ഏറ്റവും സന്തുഷ്ടരാക്കുന്ന രണ്ട് കാര്യങ്ങള്‍. എല്ലാവരുടെയും ശ്രദ്ധ അതിലേക്ക് കേന്ദ്രീകരിക്കണം. അതിനുള്ള സാഹചര്യം നിര്‍മിതബുദ്ധി (എഐ) ഒരുക്കുമെന്നും ഒരു പോഡ്കാസ്റ്റില്‍ അദ്ദേഹം പറഞ്ഞു. രക്ഷാകര്‍തൃത്വം അതിശയകരമാണെന്നും അത് അനുഭവിച്ച് മനസിലാക്കണമെന്നും ഈ വര്‍ഷം ആദ്യം അച്ഛനായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരെപ്പോലെ യുക്തിസഹമായി ചിന്തിക്കാന്‍ കഴിയുന്ന എഐ രൂപമായ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) യാഥാര്‍ഥ്യമാകുന്നതോടെ അത് കുട്ടികളെ വളര്‍ത്തുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന രീതിയില്‍ സമൂഹത്തെ പുനര്‍നിര്‍മ്മിക്കും. ആളുകള്‍ക്ക് കൂടുതല്‍ സമൃദ്ധിയും, സമയവും, വിഭവങ്ങളും, കഴിവും സാധ്യതകളും ഉള്ള ഒരു ലോകം എജിഐ സാധ്യമാക്കും. ആ സാങ്കല്‍പ്പിക ഭാവിയില്‍ സമൂഹം കൂടുതല്‍ സമ്പന്നമാവുകയും ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദം കുറയുകയും കുടുംബങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യും.
എജിഐ-ക്ക് ശേഷമുള്ള ഒരു ലോകത്ത് കുടുംബത്തിനും സമൂഹത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കും. എനിക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതും അര്‍ത്ഥവത്തായതും സംതൃപ്തി നല്‍കുന്നതുമായ കാര്യങ്ങളാണ് ഒരു അച്ഛനെന്ന നിലയില്‍ താന്‍ ചെയ്തത്. കുഞ്ഞ് ജനിച്ച സമയത്ത് താന്‍ നിരന്തരം തന്റെ കമ്പനിയുടെ ചാറ്റ്ബോട്ടിനെ ചോദ്യങ്ങള്‍ കൊണ്ട് ശല്യപ്പെടുത്തിയിരുന്നു. ഞാന്‍ നിരന്തരം ചാറ്റ്ജിപിടിയോട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മിതബുദ്ധിയെക്കാള്‍ ബുദ്ധിയുള്ളവരായി തന്റെ മക്കള്‍ ഒരിക്കലും മാറില്ലെന്ന് അദ്ദേഹം നേരത്തെ തമാശയായി പറഞ്ഞിരുന്നു. 'എന്റെ കുട്ടികള്‍ ഒരിക്കലും എഐ-യെക്കാള്‍ മിടുക്കരാവില്ല. നമ്മള്‍ വളര്‍ന്നതിനേക്കാള്‍ വളരെ കൂടുതല്‍ കഴിവുകളോടെ അവര്‍ വളരും. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അവര്‍ എഐ ഉപയോഗിക്കുന്നതില്‍ മിടുക്കരായിരിക്കും.' - അദ്ദേഹം പറഞ്ഞിരുന്നു. പത്ത് കുട്ടികളുടെ അച്ഛനായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ജനസംഖ്യ വര്‍ധിക്കേണ്ടത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകള്‍ വര്‍ഷങ്ങളായി വ്യക്തമാക്കുന്നുണ്ട്. കുറഞ്ഞുവരുന്ന ജനനനിരക്കാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ അപകടമെന്നും ജനസംഖ്യാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Content Highlights: OpenAI CEO Sam Altman discusses the joys of parenthood declining birth rates
Published: 18 Aug 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented