എഐ മുന്നേറ്റം വ്യാപകമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കപ്പുറം സാങ്കേതികവിദ്യ തൊഴിലാളികളുടെ കുറവ് പോലും സൃഷ്ടിച്ചേക്കാം. ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പാക്കാന്‍ പല കുടുംബങ്ങള്‍ക്കും ഇനി രണ്ട് പേരുടെ വരുമാനം ആവശ്യമില്ലാതെ വരാം.

നിർമിതബുദ്ധി (എഐ) വ്യാപകമാകുന്നതോടെ പലർക്കും കുറഞ്ഞ ദിവസങ്ങളിൽ മാത്രം ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കാൻ കഴിയുന്ന കാലം വരുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഉത്പാദനക്ഷമത അതിവേഗം വർധിക്കുന്നതോടെ ജോലിയെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ അടിസ്ഥാനപരമായി മാറ്റിയേക്കാമെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വളരെ കുറഞ്ഞ ജോലി സമയംകൊണ്ട് തന്നെ ആവശ്യത്തിനുള്ള വരുമാനം നേടാൻ എഐ അവസരമൊരുക്കം. ആഴ്ചയിൽ മൂന്ന് ദിവസം ജോലി ചെയ്ത് എന്റെ കുടുംബത്തെ സംരക്ഷിക്കാൻ കഴിയും എന്ന് പലരും തിരിച്ചറിയുന്ന കാലം വരുമെന്നും അദ്ദേഹം പറയുന്നു.
ഉയർന്ന ഉത്പാദനക്ഷമത കൂടുതൽ സമ്പത്ത് സൃഷ്ടിക്കും. ഇതോടെ ജനങ്ങൾക്ക് എത്ര സമയം ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്നതിൽ കൂടുതൽ സ്വാതന്ത്രം ലഭിക്കും. എഐ മുന്നേറ്റം വ്യാപകമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന ആശങ്കയ്ക്കപ്പുറം സാങ്കേതികവിദ്യ തൊഴിലാളികളുടെ കുറവ് പോലും സൃഷ്ടിച്ചേക്കാം. ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കാൻ പല കുടുംബങ്ങൾക്കും ഇനി രണ്ട് പേരുടെ വരുമാനം ആവശ്യമില്ലാതെ വരാം. കുറഞ്ഞ ജോലി സമയം കൊണ്ട് ആളുകൾക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെങ്കിൽ, തൊഴിലുടമകൾക്ക് ജോലിക്കാരെ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമായി മാറിയേക്കാമെന്നും അദ്ദേഹം പറയുന്നു.
എഐ കുമിള പൊട്ടുമോ?
എഐയുടെ ദീർഘകാല സ്വാധീനത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം നിലനിർത്തുമ്പോൾ തന്നെ ഈ സാങ്കേതികവിദ്യ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ബെസോസ് സമ്മതിക്കുന്നു. നിലവിലെ എഐ കുതിച്ചുചാട്ടം ഒരു കുമിള പോലെയാണോ എന്ന ചോദ്യത്തിന് അത് പറയാൻ പ്രയാസമാണെന്ന് അദ്ദേഹം മറുപടി നൽകി. എഐ സമൂഹത്തിന് നല്ലതാണെന്ന് കരുതുന്നു. എന്നാൽ ഏതൊക്കെ കമ്പനികൾ ഈ രംഗത്ത് വിജയിക്കുമെന്നോ ആർക്കൊക്കെ പരാജയം നേരിടേണ്ടിവരുമെന്നോ പ്രവചിക്കുന്നത് പ്രയാസമാണ്.
ആമസോണും ബ്ലൂ ഒറിജിനും സജ്ജം
ആമസോൺ എഐ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനിടയിലാണ് ബെസോസിന്റെ ഈ പരാമർശങ്ങൾ. ഡാറ്റാ സെന്ററുകളിലും ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനങ്ങളിലിും കോടിക്കണക്കിന് ഡോളറാണ് നിലവിൽ കമ്പനി നിക്ഷേപിക്കുന്നത്.
ആമസോണിലെ പിരിച്ചുവിടൽ എന്തിന്?
എഐയെക്കുറിച്ച് ജെഫ് ബസോസ് കടുത്ത ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കഴിഞ്ഞ വർഷം ആമസോൺ ആയിക്കണക്കിന് കോർപ്പറേറ്റ് തസ്തികകൾ വെട്ടിക്കുറച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എഐ ആത്യന്തികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമോ ഇല്ലാതാക്കുമോ എന്നതിനെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾക്കിടെ ഈ വിഷയവും ഉയർന്നുവരുന്നുണ്ട്.
ആമസോണിന് പുറമേ ബസോസിന്റെ സ്‌പെയ്‌സ് കമ്പനിയായ ബ്ലൂ ഒറിജിനിനും എഐ മുന്നേറ്റത്തിന്റെ പ്രയോജനം നേടിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശ ഡാറ്റാ സെന്ററുകൾ ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് കമ്പനി നേരത്തെ തന്നെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
കുറഞ്ഞ ജോലി സമയം പ്രവചിച്ച് ടെക് മേധാവികൾ
എഐ വ്യാപകമാകുന്തോടെ മനുഷ്യരുടെ ജോലി സമയം കുറയുമെന്ന് ബെസോസിന് പുറമെ മറ്റ് പല ടെക് സിഇഓമാരും പ്രവചിച്ചിട്ടുണ്ട്. ജോലി സമയം ആഴ്ചയിൽ നാല് ദിവസമായി ചുരുങ്ങുമെന്നാണ്
എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് പ്രവചിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ശതകോടീശ്വരൻ ബിൽ ഗേറ്റ്സും ഭാവിയിൽ ആഴ്ചയിൽ രണ്ട് ദിവസത്തെ ജോലി പ്രവചിച്ചിട്ടുണ്ട്. ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയായ എലോൺ മസ്‌കിൽ നിന്നാണ് ഏറ്റവും ഞെട്ടിക്കുന്ന പ്രവചനം വന്നിട്ടുള്ളത്. എഐയും റോബോട്ടിക്‌സും ആത്യന്തികമായി 'യൂണിവേഴ്‌സൽ ഹൈ ഇൻകം'സൃഷ്ടിക്കുമെന്നും അതോടെ തൊഴിൽ പലർക്കും ഒരു ഓപ്ഷനായി മാറുമെന്നും അദ്ദേഹം വാദിക്കുന്നു
Content Highlights: Jeff Bezos predicts AI-driven productivity could enable a three-day work week., He suggests higher economic output may reduce the need for two-earner households., Amazon continues heavy investments in AI infrastructure while cutting corporate roles., Other tech leaders like Jensen Huang, Jamie Dimon, and Bill Gates share similar shorter workweek predictions.
Published: 09 Nov 2026, 12:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented