ഏഴു വർഷമായി തുടരുന്ന വായുചോർച്ചയ്ക്ക് പരിഹാരം കാണാൻ സാധിക്കാത്തതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) റഷ്യൻ മൊഡ്യൂൾ ഉപേക്ഷിക്കാൻ റഷ്യൻ ബഹിരാകാശ ഏജൻസി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
2019 സെപ്റ്റംബറിലാണ് ഒരു ഡോക്കിങ് പോർട്ടിനെ റഷ്യൻ സ്വെസ്ഡ (Zvezda) മൊഡ്യൂളുമായി ബന്ധിപ്പിക്കുന്ന 'PrK' എന്ന ഭാഗത്ത് വായുചോർച്ച ആദ്യമായി കണ്ടെത്തിയത്. ചോർച്ച പരിഹരിക്കുന്നതിനായി ജൂൺ അഞ്ചിന് ഒരു അറ്റകുറ്റപ്പണി നടത്താൻ തയ്യാറെടുത്തിരുന്നു. എന്നാൽ ഏറെ അപകടം നിറഞ്ഞ ഈ നീക്കം ബഹിരാകാശ നിലയത്തിന്റെ ഘടനയ്ക്ക് വലിയ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നാസ എതിർത്തു. ഇതിനുപുറമെ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തങ്ങളുടെ അഞ്ച് ബഹിരാകാശയാത്രികരോട് സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലേക്ക് മാറി സുരക്ഷിതരായിരിക്കാൻ നാസ നിർദ്ദേശിക്കുകയും ചെയ്തു. നാസയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് റഷ്യ ഈ അറ്റകുറ്റപ്പണിയിൽ നിന്ന് പിന്മാറുകയായിരുന്നു.
കാലക്രമേണ വായുചോർച്ചയുടെ തോത് പ്രതിദിനം ഒരു പൗണ്ടിൽ നിന്ന് രണ്ട് പൗണ്ടിലധികമായി വർധിച്ചതായി 2024-ലെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇത് ബഹിരാകാശ നിലയത്തിന്റെ ഘടനയ്ക്കും യാത്രികരുടെ ജീവനും ഏറ്റവും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ മെയ് ഒന്നിന് റഷ്യൻ യാത്രികർ പ്രോഗ്രസ് 95 പേടകത്തിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിനിടയിലും സ്വെസ്ഡ മൊഡ്യൂളിൽ മർദ്ദം കുറയുന്നതായി കണ്ടെത്തിയിരുന്നു.
തുടർച്ചയായ ചർച്ചകൾക്കൊടുവിൽ, ചോർച്ചയുള്ള PrK മൊഡ്യൂൾ പൂർണമായും ഉപേക്ഷിക്കാൻ റഷ്യ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർവീസ് മൊഡ്യൂളിലേക്കുള്ള ഹാച്ച് പൂർണ്ണമായും അടച്ചുപൂട്ടുന്നതോടെ വായുനഷ്ടം പരമാവധി കുറയ്ക്കാനും, ചോർച്ചയുള്ള ഭാഗത്തെ ബഹിരാകാശ നിലയത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മാറ്റിനിർത്താനും സാധിക്കും.
ഇത് നടപ്പിലായാൽ റഷ്യൻ യാത്രികർക്ക് പിന്നീട് ഈ മൊഡ്യൂളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇതിനുപകരം, ബഹിരാകാശ നിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി റോസ്കോസ്മോസിന് (Roscosmos) മറ്റ് ഡോക്കിംഗ് പോർട്ടുകളെ ആശ്രയിക്കേണ്ടി വരും. മൊഡ്യൂൾ അടച്ചുപൂട്ടുന്നതോടെ വർഷങ്ങളായി തുടരുന്ന വായുചോർച്ചാ പ്രതിസന്ധിയ്ക്ക് ശാശ്വതമായ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Russia plans to permanently seal off the leaking PrK section of its Zvezda module on the International Space Station to resolve a persistent air leak that has worsened over the past seven years.
Published: 18 Jun 2026, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented