മോസ്‌കോ: ഭീകരപ്രവർത്തനങ്ങൾക്കു സഹായം ചെയ്‌തെന്നാരോപിച്ച് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരേ റഷ്യ ഭീകരതക്കുറ്റം ചുമത്തി. അന്താരാഷ്ട്ര കുറ്റവാളിപ്പട്ടികയിൽപ്പെടുത്തി ദുറോവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് റഷ്യയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി. പറഞ്ഞു.

To advertise here,

യുക്രൈൻ രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരർ, തീവ്രവാദസംഘടനകൾ എന്നിവ ടെലഗ്രാമിലെ ചില ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ദുരുപയോഗപ്പെടുത്തുകയാണ്. അതിലൂടെ ഭീകരപ്രവർത്തനങ്ങളും അട്ടിമറിയും സൈബർ തട്ടിപ്പും കൂട്ടക്കൊലകളും ആസൂത്രണം ചെയ്തെന്നും ഇതെല്ലാം ഒട്ടേറെപ്പേരുടെ മരണത്തിനു കാരണമായെന്നും ആരോപിച്ചാണ് നടപടി.

ഇത്തരം ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും നീക്കംചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ ദുറോവിന് ജീവപര്യന്തംവരെ ശിക്ഷലഭിക്കും. ടെലഗ്രാമിലെ ഒരു ഡേറ്റിങ് ചാറ്റ്ബോട്ട് ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാനും തീവെപ്പുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്താനും യുവാക്കളെ പ്രേരിപ്പിച്ചതായും എഫ്.എസ്.ബി. ആരോപിച്ചു. ഈ ചാറ്റ്ബോട്ട് ഉപയോഗിച്ച 12-22 പ്രായമുള്ള 66 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയിച്ചു.

രാഷ്ട്രീയലക്ഷ്യമെന്ന് ദുറോവ്

റഷ്യൻ ഭരണകൂടം രാഷ്ട്രീയലക്ഷ്യംവെച്ച് തനിക്കെതിരേ ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ടെലഗ്രാമിനെ നിയന്ത്രിക്കുന്നതിലൂടെ സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും ദുറോവ് ആരോപിച്ചിരുന്നു.

റഷ്യയിൽ ജനിച്ചുവളർന്ന, ഫ്രഞ്ച്-യു.എ.ഇ. പൗരത്വമുള്ള ദുറോവ് നിലവിൽ ദുബായിലാണെന്നാണ് കരുതുന്നത്. ടെലഗ്രാമിൽ മയക്കുമരുന്ന് കടത്തുൾപ്പെടെയുള്ള നിയമവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നെന്നാരോപിച്ച് 2024-ൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരുന്നു.

റഷ്യയിൽ ഏറെ ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം നിരോധിക്കാനുള്ള ശ്രമം റഷ്യൻ സർക്കാർ 2018 മുതൽ തുടങ്ങിയിരുന്നു. ഇക്കൊല്ലം ഫെബ്രുവരിയിൽ കർശന നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.