നീറ്റ് പുനഃപരീക്ഷയുടെ ഭാഗമായി മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെ ടെലഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിരോധനത്തിന് സർക്കാർ വ്യക്തമായ വിശദീകരണങ്ങൾ നൽകുന്നുണ്ടെങ്കിലും നിരോധനം ഫലപ്രദമാകില്ല എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾ ടെലഗ്രാമിന്റെ ഭാഗത്തുനിന്നുണ്ട്.

To advertise here,

എന്തായാലും ഹൈക്കോടതിയിൽ ടെലഗ്രാമിന്റെ പരാതി നേരിടാൻ തന്നെയാകും സർക്കാരിന്റെ ശ്രമം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും തുടർച്ചയായ ഇടപെടലുകളും ഉണ്ടായിരുന്നിട്ടും സർക്കാർ ഉന്നയിച്ച നിരവധി ആശങ്കകൾ പരിഹരിക്കുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ടെലഗ്രാമിലെ നിയമവിരുദ്ധ ഇടപെടലുകളുമായി ബന്ധപ്പെട്ട് സർക്കാർ ആവർത്തിച്ച് കമ്പനിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ആശങ്കകൾ അറിയിച്ചിട്ടും സംശയാസ്പദമായ ചാനലുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉറവിടങ്ങളും വെളിപ്പെടുത്താൻ ടെലഗ്രാം തയ്യാറായിട്ടില്ല. സർക്കാർ മുന്നോട്ടുവെച്ച പ്രശ്നങ്ങൾ വേണ്ടവിധം കമ്പനി പരിഗണിച്ചില്ലെന്നതും നിരോധനത്തിലേക്ക് നയിച്ച കാരണമായി കോടതിയിൽ ചൂണ്ടിക്കാട്ടിയേക്കാം.

ബുധനാഴ്ച നടന്ന വാദം കേൾക്കലിൽ കേന്ദ്രം തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. ഐടി നിയമത്തിലെ സെക്ഷൻ 69എ അടിസ്ഥാനമാക്കിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇത് ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ലെന്നും, മേയ് മുതൽ തന്നെ ടെലഗ്രാമുമായി ഇടപെടുന്നുണ്ടെന്നും പരാതികൾ ലഭിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ നിരവധി തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും സർക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്ന നിലപാടിലാണ് ടെലഗ്രാം. അധികാരികളുമായി സഹകരിച്ചിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും പ്രത്യേക ചാനലുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുമ്പോഴെല്ലാം അത് ചെയ്തിട്ടുണ്ടെന്നും കമ്പനി വാദിച്ചു.

ഈ നടപടി യഥാർത്ഥ കുറ്റവാളികളെയല്ല, മറിച്ച് രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബാധിക്കുകയെന്ന് ടെലഗ്രാം മേധാവി പാവെൽ ദുറോവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതേ നിലപാട് തന്നെയാണ് കമ്പനി കോടതിയിലും ആവർത്തിച്ചത്.

ആരോപണം നിഷേധിച്ച് റിലയൻസ്

വാട്‌സാപ്പിന് മെച്ചമുണ്ടാകുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും വിദേശത്തുൾപ്പെടെ ടെലഗ്രാമിലേക്കുള്ള ട്രാഫിക് വഴിതിരിച്ചുവിടുന്നുണ്ടെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്നത് മെറ്റയുടെ പങ്കാളിയായ റിലയൻസ് ആണെന്നുമുള്ള ആരോപണവുമായി പാവെൽ ദുറോവ് രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ റിലയൻസ് നിഷേധിച്ചു.

നിരോധനത്തിൽ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് ജിയോ പറഞ്ഞു. അങ്ങേയറ്റം സുരക്ഷയോടെയും സുതാര്യതയോടെയും അന്താരാഷ്ട്ര ചട്ടങ്ങൾ അനുസരിച്ചാണ് ജിയോ പ്രവർത്തിക്കുന്നതെന്ന് റിലയൻസ് ജിയോ വ്യക്തമാക്കി.