ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് പ്രോഗ്രാമിന്റെ ഭാഗമായ NS-34 എന്ന ബഹിരാകാശ വിനോദസഞ്ചാര യാത്രാ സംഘത്തില്‍ ഇന്ത്യന്‍ വംശജനും. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് വെസ്റ്റ് ടെക്‌സസില്‍ നിന്നാണ് വിക്ഷേപണം. ന്യൂ ഷെപ്പേര്‍ഡിലെ ആറംഗ സംഘം ബഹിരാകാശ യാത്രയുടെ ആവേശവും വിസ്മയവും വെറും 11 മിനിറ്റിനുള്ളില്‍ ഉള്‍ക്കൊള്ളുന്ന അവിസ്മരണീയമായ ഒരു സബ് ഓര്‍ബിറ്റല്‍ സാഹസിക യാത്രയാണ് നടത്തുന്നത്. ഹ്രസ്വമാണെങ്കിലും, ലിഫ്‌റ്റോഫ്, മൈക്രോഗ്രാവിറ്റി മുതല്‍ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശം, സുരക്ഷിതമായ ലാന്‍ഡിംഗ് വരെയുള്ള ഒരു സമ്പൂര്‍ണ്ണ ബഹിരാകാശ യാത്രാനുഭവം നല്‍കുന്നതിനാണ് ഈ ദൗത്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ അവകാശപ്പെടുന്നത്.
ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകന്‍ അര്‍വിന്ദര്‍ 'അര്‍വി' സിംഗ് ബഹല്‍ ആണ് സംഘത്തിലെ ഇന്ത്യന്‍ വംശജന്‍. NS-34 ദൗത്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരുണ്ടെങ്കിലും ബഹല്‍ ശ്രദ്ധേയനാകുന്നത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകള്‍ കൊണ്ട് മാത്രമല്ല. നിരന്തരമായ യാത്രകള്‍കൊണ്ട് സമ്പന്നമാണ് ജീവിതം. ഇപ്പോള്‍ യുഎസ് പൗരനായ അദ്ദേഹം, ബഹിരാകാശത്തിന്റെ അരികിലേക്ക് യാത്ര ചെയ്യുന്ന ചുരുക്കം ചില ഇന്ത്യന്‍ വംശജരായ സാധാരണക്കാരില്‍ ഒരാളായി മാറും.
ആജീവനാന്ത സാഹസികന്‍ എന്നാണ് ബഹല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കുന്നത് അദ്ദേഹം വ്യക്തിപരമായ ദൗത്യമാക്കി മാറ്റിയിട്ടുണ്ടെന്ന് ബ്ലൂ ഒറിജിന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ബഹല്‍ പോയിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയില്‍ നിന്നും ഗിസയിലെ പിരമിഡുകള്‍ക്ക് മുകളില്‍ നിന്നും സ്‌കൈഡൈവിംഗും നടത്തിയിട്ടുണ്ട്. സ്വകാര്യ പൈലറ്റ് ലൈസന്‍സുള്ള അദ്ദേഹം ഹെലികോപ്റ്ററുകള്‍ പറത്താനും പരിശീലനം നേടിയിട്ടുണ്ട്. ഈ സാഹസിക മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എന്ന് വിലയിരുത്തപ്പെടുന്നു.
ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം 1975 മുതല്‍ ബഹല്‍ പ്രോപ്പര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രസിഡന്റാണ് അദ്ദേഹം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മറ്റ് അഞ്ച് പേര്‍ക്കൊപ്പമാണ് ബഹല്‍ യാത്ര ചെയ്യുന്നത്. ടെക് സംരംഭകനും ട്രോണ്‍ (TRON) സ്ഥാപകനുമായ ഹെ ജസ്റ്റിന്‍ സണ്‍, തുര്‍ക്കിയില്‍ നിന്നുള്ള വ്യവസായി ഗോഖന്‍ എര്‍ഡെം, പ്യൂര്‍ട്ടോ റിക്കന്‍ കാലാവസ്ഥാ നിരീക്ഷകയും ശാസ്ത്ര ലേഖികയുമായ ഡെബോറ മാര്‍ട്ടോറല്‍, സ്‌പെയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് അധ്യാപകനും മനുഷ്യസ്നേഹിയുമായ ലയണല്‍ പിച്ച്‌ഫോര്‍ഡ്, ബ്ലൂ ഒറിജിന്റെ മുന്‍ യാത്രികനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ജെഡി റസ്സല്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര.
ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് പ്രോഗ്രാമിന്റെ 14-ാമത്തെ മനുഷ്യരുള്‍പ്പെട്ട ദൗത്യവും മൊത്തത്തിലുള്ള 34-ാമത്തെ ഫ്‌ളൈറ്റുമായിരിക്കും ഇത്. ദൗത്യം തത്സമയം സംപ്രേക്ഷണം ചെയ്യും, ലിഫ്‌റ്റോഫിന് 30 മിനിറ്റ് മുന്‍പ് വെബ്കാസ്റ്റ് ആരംഭിക്കും. വാണിജ്യ ബഹിരാകാശയാത്ര പോലെയുള്ളവയില്‍ ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്ര.
വെസ്റ്റ് ടെക്‌സസിലെ ബ്ലൂ ഒറിജിന്റെ സ്വകാര്യ സ്‌പേസ്‌പോര്‍ട്ടായ ലോഞ്ച് സൈറ്റ് വണ്ണില്‍ നിന്ന് ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം 6:00 മണിക്കാണ് വിക്ഷേപണം. ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് കുതിച്ചുയര്‍ന്നശേഷം ശബ്ദത്തിന്റെ മൂന്നിരട്ടിയിലധികം വേഗത കൈവരിക്കും (2,000 mph-ല്‍ കൂടുതല്‍). രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍, പേടകം അന്തരീക്ഷത്തിന്റെ താഴത്തെ പാളി ഭേദിക്കും. 100 കിലോമീറ്റര്‍ (62 മൈല്‍) ഉയരത്തിലുള്ള, ബഹിരാകാശത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയായ കാര്‍മന്‍ രേഖയിലേക്ക് കയറുഘട്ടത്തില്‍ ബൂസ്റ്റര്‍ ക്രൂ ക്യാപ്സ്യൂളില്‍നിന്ന് വേര്‍പെടും. തുടര്‍ന്ന് പേടകത്തിനുള്ളില്‍, ഗുരുത്വാകര്‍ഷണം ഇല്ലാതാകും. ക്യാപ്സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് അണ്‍സ്ട്രാപ്പ് ചെയ്ത് ഏകദേശം 3 മുതല്‍ 4 മിനിറ്റ് വരെ ഭാരമില്ലാതെ ഒഴുകിനടന്ന് മൈക്രോഗ്രാവിറ്റി അനുഭവിക്കും. ബഹിരാകാശ വിനോദസഞ്ചാരികള്‍ ജീവിതം മാറ്റിമറിക്കുന്ന നിമിഷം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ക്യാബിനുള്ളില്‍ സ്വതന്ത്രമായി ഒഴുകിനടക്കുകയും, കറങ്ങുകയും, ഭൂമിയുടെ വളഞ്ഞ ചക്രവാളം അടക്കമുള്ള അതിശയകരമായ കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം.
Content Highlights: Agra-born real estate investor Arvinder Arvi Singh Bahal will join Blue Origin`s NS-34 space tourism
Published: 03 Aug 2025, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented