അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ്പ് കനവറലിൽ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വിക്ഷേപണത്തിന് മുമ്പായി ലോഞ്ച് കോംപ്ലക്സ് 36-ൽ ഹോട്ട് ഫയർ ടെസ്റ്റിന് വിധേയമാക്കുന്നതിനിടെയാണ് അഗ്നിഗോളം കണക്കെ റോക്കറ്റ് പൊട്ടിത്തെറിച്ചത്. ലോ എർത്ത് ഓർബിറ്റിൽ വിന്യസിക്കുന്നതിനുള്ള 48 ആമസോൺ ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ 320 അടി ഉയരമുള്ള ഈ ഭീമൻ റോക്കറ്റിലുണ്ടായിരുന്നു.

To advertise here,

സംഭവിച്ചതെന്ത്?

കേപ്പ് കനവറലിലെ ലോഞ്ച് കോംപ്ലക്സ്-36-ൽ ന്യൂ ഗ്ലെൻ റോക്കറ്റിന്റെ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. യഥാർഥ വിക്ഷേപണ ശ്രമത്തിന് മുൻപ് പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ വിലയിരുത്തുന്നതിനായി, ബഹിരാകാശ വാഹനം വിക്ഷേപണ തറയുമായി ഘടിപ്പിച്ചിരിക്കുമ്പോൾ തന്നെ റോക്കറ്റ് എഞ്ചിനുകൾ ജ്വലിപ്പിച്ചാണ് എഞ്ചിനീയർമാർ സ്റ്റാറ്റിക് ഫയർ ടെസ്റ്റുകൾ നടത്തുന്നത്.

സംഭവം സ്ഥിരീകരിച്ച് ബ്ലൂ ഒറിജിൻ എക്സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്നും കമ്പനി പറഞ്ഞു.

അപകടത്തിന്റെ യഥാർഥ കാരണം അറിയാൻ സമയമായിട്ടില്ലെന്നും അത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞു.

ബ്ലൂ ഒറിജിൻ ഒന്നിലധികം ന്യൂ ഗ്ലെൻ റോക്കറ്റുകൾ നിർമിച്ചിട്ടുണ്ടെങ്കിലും, ഈ സ്ഫോടനത്തെ തുടർന്ന് ഫ്ലോറിഡയിലെ വിക്ഷേപണ തറ തകർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള കമ്പനിയുടെ ശേഷി തടസ്സപ്പെട്ടേക്കാം.

ആർട്ടെമിസ് ദൗത്യത്തെ ബാധിക്കുമോ?

ആർട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായി ഉപയോഗിക്കാനിരുന്ന റോക്കറ്റാണ് ന്യൂ ഗ്ലെൻ. എങ്കിലും ഇത് ആർട്ടെമിസിന് വേണ്ടി മാത്രമായി നിർമിത (നിർമിച്) റോക്കറ്റല്ല. മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും വിധമാണ് ഇത് ഒരുക്കിയത്.

അതേസമയം ലോഞ്ച് കോംപ്ലക്സ് 36-ൽ നടന്ന അപകടത്തെ കുറിച്ച് അറിഞ്ഞുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനായി അന്വേഷണം നടത്തുമെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പറഞ്ഞു. ആർട്ടെമിസ്, മൂൺ ബേസ് ദൗത്യങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടെമിസ് 5 ദൗത്യത്തിൽ മനുഷ്യരെ ചന്ദ്രനിലിറക്കാൻ ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറാണ് ഉപയോഗിക്കുന്നത്. ഈ ലാൻഡറിനെയും അതിന് ആവശ്യമായ ഇന്ധന ടാങ്കറുകളും ഭൂമിയിൽനിന്ന് ബഹിരാകാശത്ത് എത്തിക്കുന്നത് ന്യൂ ഗ്ലെൻ റോക്കറ്റായിരിക്കും. ഇത് കൂടാതെ ചന്ദ്രനിലേക്ക് ആവശ്യമായ മറ്റ് ലാൻഡറുകളും മറ്റ് സാമഗ്രികളും ഉൾപ്പെടുന്ന ചരക്കുകൾ എത്തിക്കുന്നതിനുള്ള നാസയുടെ ഔദ്യോഗിക കരാറുകളിൽ ന്യൂ ഗ്ലെൻ റോക്കറ്റും ഉൾപ്പെടുന്നുണ്ട്.

നിർഭാഗ്യകരം- ഇലോൺ മസ്ക്

ഏറ്റവും നിർഭാഗ്യകരമെന്നും റോക്കറ്റുകൾ ഏറെ പ്രയാസമേറിയതാണെന്നുമായിരുന്നു സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ പ്രതികരണം. ഈ രംഗത്ത് ബ്ലൂ ഒറിജിന്റെ പ്രധാന എതിരാളിയാണ് സ്പേസ് എക്സ്. മേയ് 29 വെള്ളിയാഴ്ച കേപ്പ് കനവറലിൽനിന്ന് കൂടുതൽ സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയക്കുന്ന മസ്കിന്റെ സ്വന്തം ഫാൽക്കൺ 9 റോക്കറ്റിന്റെ വിക്ഷേപണം തീരുമാനിച്ചതിനിടെയാണ് ഇത് സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടാതെ ഏകദേശം പന്ത്രണ്ട് മണിക്കൂറിന് ശേഷം യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് V റോക്കറ്റും അതേ നഗരത്തിൽനിന്ന് പറന്നുയരാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ആർട്ടെമിസ് ദൗത്യത്തിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സിനോട് മത്സരിക്കണമെങ്കിൽ ബ്ലൂ ഒറിജിന് ന്യൂ ഗ്ലെൻ റോക്കറ്റ് ആവശ്യമാണ്. ഇത്തരം സ്ഫോടനങ്ങൾ ആ ലക്ഷ്യത്തിന് മങ്ങലേൽപ്പിക്കും.