ശക്തമായ രണ്ട് നിർമിതബുദ്ധി (എഐ) മോഡലുകളുടെ നവീകരിച്ച പതിപ്പുകൾ പുറത്തിറക്കി ആന്ത്രോപിക്. ഫേബിൾ 5.2, മിത്തോസ് 5.2 എന്നിവയാണ് ഈ മാസം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പുതിയ മോഡലുകൾ കോഡിങ് പോലുള്ള സങ്കീർണ്ണമായ ജോലികളിൽ മുൻ പതിപ്പുകളേക്കാൾ 30 ശതമാനം വരെ വേഗതയിൽ പ്രവർത്തിക്കുമെന്നും അതേസമയം ചെലവ് 20 ശതമാനം കുറവാണെന്നും കമ്പനി പറയുന്നു.

To advertise here,

എത്രത്തോളം ചെലവ് കുറവാണ്?

ഈ മോഡലുകൾ ഉപയോഗിക്കുന്നതിന്റെ ചെലവ് 10 ലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 10 ഡോളറിൽ നിന്ന് 8 ഡോളറായി ആന്ത്രോപിക് കുറച്ചിട്ടുണ്ട്. ഇതോടെ ഫേബിൾ 5.2 ഇപ്പോൾ അതിന്റെ പ്രധാന എതിരാളിയായ ജി.പി.ടി-6 അസ്ട്രയേക്കാൾ ചെലവ് കുറഞ്ഞതായി മാറി. ഫേബിളിന്റെ പുതിയ പതിപ്പ് 30 ശതമാനം കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുമെന്നും ആന്ത്രോപിക് പറയുന്നു. കൂടുതൽ പണം ചെലവഴിച്ചാൽ വേഗത ഇനിയും വർധിപ്പിക്കാനും സാധിക്കും.

നിർണായക IPO, ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ആശങ്ക

സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ എഐ ലാബ് വാൾസ്ട്രീറ്റിൽ നിർണായക അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതിലൂടെ കമ്പനിയുടെ മൂല്യം 1 ട്രില്യൺ (ഒരു ലക്ഷം കോടി) ഡോളറിലധികം ഉയരുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. 2 ട്രില്യൺ (രണ്ട് ലക്ഷം കോടി) ഡോളറാലി മൂല്യം ഉയരുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. അമേരിക്കയിലെ വമ്പൻ ടെക് കമ്പനികളുടെ അതിവേഗ എഐ മുന്നേറ്റത്തിന് തടയിരുന്ന തരത്തിലുള്ളതായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. അതിവേഗത്തിലുള്ള എഐ മുന്നേറ്റത്തെയും ഡാറ്റാ സെന്റർ വ്യാപനത്തെയും എതിർക്കുന്ന സ്ഥാനാർഥികളാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതോടെ എഐ മുന്നേറ്റത്തിന്റെ വേഗം കുറയുമെന്ന സൂചനകൾ ശക്തമാണ്.

എഐ മോഡലുകളുടെ സ്വയം വിസനം; METR റിപ്പോർട്ട്

METR എന്ന അസസ്മെന്റ് ഗ്രൂപ്പിന്റെ എഐ മുന്നേറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ആന്ത്രോപിക്കിന്റെ ആദ്യ മോഡൽ റിലീസാണിത്. റിക്രസീവ് സെൽഫ്-ഇംപ്രൂവ്മെന്റ് (എഐ മോഡലുകൾക്ക് സ്വതന്ത്രമായി മോഡൽ ട്രെയിനിങ് തുടരാനുള്ള കഴിവ്) ഘട്ടത്തോട് ആന്ത്രോപിക് അടുക്കുന്നുണ്ടാകാം എന്ന സൂചിപ്പിക്കുന്നതായിരുന്നു റിപ്പോർട്ട്.

ഉപയോക്താവിനെതിരെ തിരിയില്ലെന്ന് ആന്ത്രോപിക്

എഐ മോഡലുകളുടെ പുതിയ പതിപ്പുകൾകക്ക് ഉപയോക്താവിനെതിരെ രഹസ്യമായി പ്രവർത്തിക്കാനുള്ള കഴിവില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. മിത്തോസ് 5.2-ന്റെ സിസ്റ്റം കാർഡിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.